സര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹമായി കൈപ്പറ്റിയ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തിരിച്ചുപിടിക്കും
അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് തുക മുഴുവന്‍ തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍,സര്‍വിസ് പെന്‍ഷന്‍ വാങ്ങുന്നവര്‍, കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ തുടങ്ങിയവര്‍ അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ അവരുടെ ശമ്പളത്തില്‍ നിന്നും, പെന്‍ഷന്‍ വാങ്ങുന്നവരാണെങ്കില്‍ പെന്‍ഷന്‍ തുകയില്‍ നിന്നും തിരിച്ചു പിടിക്കാനാണ് നിര്‍ദേശം. ഇത്തരത്തിലുളളവര്‍ സ്വന്തം നിലയില്‍ തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ച് പെന്‍ഷന്‍ റദ്ദാക്കണമെന്നും വകുപ്പ് മേധാവികള്‍ മുഖേന അറിയിക്കും.
ഇവര്‍ അനര്‍ഹമായി കൈപ്പറ്റിയ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ തുക തിരച്ചടക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സേവന സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തും.
സര്‍ക്കാര്‍ സര്‍വിസിലിരിക്കെ തന്നെ വിധവ പെന്‍ഷന്‍, 50 കഴിഞ്ഞ അവിവാഹിതരായവരുടെ പെന്‍ഷന്‍ അടക്കം കൈപ്പറ്റുന്നവര്‍ നിരവധിയുണ്ട്. ജീവനക്കാര്‍ക്ക് പുറമെ നിലവില്‍ ഉയര്‍ന്ന പെന്‍ഷന്‍ വാങ്ങുന്നവരും ഇത്തരത്തില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനും കൈപ്പറ്റുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2000 രൂപയില്‍ താഴെ പെന്‍ഷന്‍ കൈപ്പറ്റുന്ന എക്‌സ്‌ഗ്രേഷ്യാ കുടുംബങ്ങള്‍ക്ക് മാത്രമാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന് അര്‍ഹതയുളളത്.
സര്‍ക്കാര്‍ ജീവനക്കാരും,സര്‍വിസ് പെന്‍ഷന്‍ കൈപ്പറ്റുന്നവരും അനധികൃതമായി സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റിയ കാലം മുതലുളള മുഴുവന്‍ തുകയുമാണ് തിരിച്ചടക്കേണ്ടത്. തിരിച്ചടക്കാത്ത പക്ഷം ഈ തുക സംബന്ധിച്ച് ഇവര്‍ ജോലിചെയ്യുന്ന സ്ഥാപന മേധാവിയെ അറിയിക്കും. ഇവര്‍ തിരിച്ചുപിടിക്കാനുളള തുക സ്പാര്‍ക്ക് മുഖേന ശമ്പളത്തില്‍നിന്ന് കുറവ് വരുത്തി സര്‍ക്കാറിലേക്ക് തിരിച്ചടക്കും. ഇതിനായി ഡ്രായിംങ് ആന്റ് ഡിസോഴ്‌സിങ് ഓഫിസറെ ചുമതലപ്പെടുത്തി.
സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് വിരമിച്ചവരാണ് പെന്‍ഷന്‍ കൈപ്പറ്റുന്നവരെങ്കില്‍ തുക ട്രഷറി ഡയറക്ടര്‍ മുഖേന തിരിച്ചെടുക്കും. തുക തിരിച്ചടക്കാതെ വീണ്ടും പെന്‍ഷന്‍ ആനുകൂല്യം കൈപ്പറ്റുന്നവര്‍ക്കെതിരെ നടപടികളുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."