പമ്പാ പാതയിലെ കാന നിര്‍മാണം; സുതാര്യമല്ലെന്ന് ആക്ഷേപം
തുറവൂര്‍: പമ്പാ പാതയിലെ തുറവൂര്‍ തൈക്കാട്ടുശേരി വരെയുള്ള കാന നിര്‍മാണം സുതാര്യമല്ലെന്ന് ആരോപണം ശക്തമാകുന്നു. തുറവൂര്‍ ജങ്ഷനില്‍ നിന്നും കിഴക്കോട്ടുള്ള പമ്പാ പാതയുടെ ഇരുവശങ്ങളിലും കാനിര്‍മാണം തുടങ്ങിയിട്ട് ഒരു മാസത്തോളമായി. കവലയില്‍ നിന്നും കിഴക്കോട്ട് ഇരുന്നൂറു മീറ്റര്‍ വരെ കാനകോണ്‍ക്രീറ്റിങ് നടന്നിട്ടുള്ളൂ. ഇതില്‍ തുറവൂര്‍ പോസ്റ്റ് ഓഫിസിന് മുന്‍വശത്തുള്ള റോഡരികില്‍ കാന നിര്‍മിക്കാന്‍ സാധിക്കുന്നില്ല. ഇവിടെയുള്ള പുറം മ്പോക്ക് ഭൂമി സമീപത്ത് കച്ചവടം നടത്തുന്നവര്‍ കൈയേറി കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുകയാണ്.
ഇത് ഒഴിപ്പിക്കാതെ കാനിര്‍മാണം പൂര്‍ത്തിയാക്കുവാന്‍ കഴിയില്ല. ഇവിടെ നിന്നും ഒഴുകിയെത്തുന്ന വെള്ളം ഒരു കിലോമീറ്ററോളം കിഴക്ക് തൈക്കാട്ടുശേരി കായലില്‍ എത്തുമെന്നതിനു ബന്ധപ്പെട്ടവര്‍ക്ക് ഒരു നിശ്ചയവുമില്ല. റോഡിന്റെ ഇരുവശങ്ങളിലുമുള്ള പുറമ്പോക്ക് ഭൂമി ഒഴിപ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കൊടുത്ത നോട്ടീസിന് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കാന നിര്‍മാണത്തിനു പ്രധാന തടസം സ്ഥലമെടുപ്പ് പൂര്‍ത്തിയാകുന്നതിനു മുമ്പ് ധൃതി പിടിച്ച് റോഡിനോട് ചേര്‍ത്ത് നാല്‍പതോളം വൈദ്യുതി പോസ്റ്റുകള്‍ കോണ്‍കീറ്റ് ചെയ്ത് സ്ഥാപിക്കുന്നതിന് അനുമതി കൊടുത്തതാണ് തെറ്റായ നടപടി.ഇത്തരമൊരു പതിനൊന്ന് കെ.വി പോസ്റ്റിന്റെ ചുവട്ടിലാണു കാനിര്‍മാണം വഴിമുട്ടി നില്‍ക്കുന്നത്.
കൈയേറ്റം ഒഴിപ്പിച്ചാല്‍ തന്നെ ലക്ഷക്കണക്കിനുരൂപ ചെലവിട്ട് സ്ഥാപിച്ച ഈ പോസ്റ്റുകളെല്ലാം വീണ്ടും മാറ്റി സ്ഥാപിക്കേണ്ടി വരും. തിരക്കിട്ട് നാല്‍പതോളം പോസ്റ്റുകള്‍ സ്ഥാപിച്ചതെന്ന് ചോദ്യത്തിന് അധികൃതര്‍ക്കു മറുപടിയില്ലാത്ത അവസ്ഥയാണ്. മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാകുന്നിടത്താണു കാനിര്‍മാണം എത്തി നില്‍ക്കുന്നത്.
തുറവൂര്‍കവലയില്‍ നിന്നും അഞ്ഞൂറ് മീറ്റര്‍ കിഴക്കോട്ട് മാറി പമ്പാ പാതറോ ഡിന് സമീപത്തുള്ള പൊതു മാര്‍ക്കറ്റ് മഴക്കാലത്ത് മുട്ടോളം വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലമാണ്. ഇതു മുലംപകര്‍ച്ചവ്വാധികളുമുണ്ടാകാറുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മാര്‍ക്കറ്റിന്റെ തറ മൂന്ന് പ്രാവശ്യം പൊക്കി കോണ്‍ക്രീറ്റ് ചെയ്‌തെങ്കിലും ഫലപ്രദമായില്ല. ഇവിടെയ്ക്ക് ഒഴുകി വരുന്ന വെള്ളം കഴിഞ്ഞ കാലങ്ങളില്‍ പുറമ്പോക്ക് കൈത്തോടുകളിലൂടെ ഒഴുകി വടക്ക് വല്യാറ പാടം വഴി തൈക്കാട്ടുശേരി കായലിലാണ് എത്തിച്ചേര്‍ന്നിരുന്നത്. ഇപ്പോള്‍ വല്യാറ പാടം പോള നിറഞ്ഞും വ്യക്തികള്‍ കൈയേറിയത് മൂലവും നീരൊഴുക്ക് നിലച്ച നിലയിലാണ്.
കാനിര്‍മാണം തൈക്കാട്ടുശേരി പാലം വരെ നീട്ടിയാല്‍ മാത്രമേ വെള്ളക്കെട്ടിന് പരിഹാരമാകും. തൈക്കാട്ടുശേരി പാലം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ നൂറുക്കണക്കിന് വാഹനങ്ങളാണ് പമ്പാ റോഡിലൂടെ ദിനംപ്രതി കടന്നു പോകുന്നത്. വീതിക്കുറവ് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാണ്.കെ.എസ്.ആര്‍.ടി.സി.യും സ്വകാര്യ ബസുകളും പുതിയ സര്‍വീസുകള്‍ തുടങ്ങിയെങ്കിലും ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള സമയത്ത് സര്‍വീസ് നടത്തുന്നില്ല. മാക്കേകടവ് പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഈ റോഡില്‍ തിരക്കേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."