സി.പി.എം ജില്ലാ സെക്രട്ടറിയെ തള്ളി സംസ്ഥാന നേതൃത്വം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: യു.എ.പി.എ നിയമപ്രകാരം അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുകളാണെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് സി.പി.എം സംസ്ഥാന നേതൃത്വം. അറസ്റ്റിലായവര്‍ പാര്‍ട്ടി അംഗങ്ങളാണെന്നും മാവോയിസ്റ്റുകളാണെന്ന പൊലിസ് നിലപാട് ശരിയല്ലെന്നുമുള്ള സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ നിലപാട് തള്ളിക്കൊണ്ടാണ് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ രംഗത്തുവന്നത്.
അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ആശയക്കുഴപ്പമില്ലെന്നും പാര്‍ട്ടി സെന്ററിന്റെ ഏകോപനചമുതല വഹിക്കുന്ന എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നത് ശരിയാണ്. ബന്ധത്തിന്റെ ആഴവും പരപ്പവുമൊക്കെ അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. ഇരുവരുടെയും വിശദീകരണം പാര്‍ട്ടി കേള്‍ക്കും. രണ്ടുപേരും ജയിലിലായതിനാല്‍ അന്വേഷണത്തിന് സമയം ആവശ്യമാണ്. പി.മോഹനന്റെ നിലപാടും ഇത് തന്നെയാണ്. മറിച്ചുള്ളത് മാധ്യമസൃഷ്ടിയാണ്. യു.എ.പി.എ മാത്രമല്ല, എല്ലാ കരിനിയമങ്ങള്‍ക്കും സി.പി.എം എതിരാണ്. ആര്‍ക്കെതിരേയും കരിനിയമങ്ങള്‍ ചുമത്താന്‍ പാടില്ല. ടാഡ മുതല്‍ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. കോണ്‍ഗ്രസും പിന്നീട് ബി.ജെ.പിയുമാണ് കരിനിയമങ്ങള്‍ കൊണ്ടുവന്നത്. കേസെടുക്കുന്ന പൊലിസ് ഉദ്യോഗസ്ഥനോട് ഏത് വകുപ്പ് ചേര്‍ക്കണമെന്ന് പറയാന്‍ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, അലനും താഹയും മാവോയിസ്റ്റാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി സംസ്ഥാന സമിതി അംഗം പി.ജയരാജനും വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്‍ നിലപാട് വ്യക്തമാക്കിയത്.
ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."