മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ അനാഥ മൃതദേഹങ്ങള്‍ നിറഞ്ഞു: ഫ്രീസറുകള്‍ പ്രവര്‍ത്തനരഹിതം
ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് മോര്‍ച്ചറി അനാഥ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രമായി മാറുകയാണെന്ന് ആശുപത്രി അധികൃതര്‍. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സംസ്ഥാനത്തെ പല ജില്ലകളിലുമുള്ള അനാഥ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന കാര്യത്തിലും അനാഥ രോഗികളെ ചികില്‍സിക്കുന്നതിന്റെയും കേന്ദ്രമായി മാറുകയാണെന്നാണ് പരാതി.
വളരെ നിസാര രോഗമാണെങ്കില്‍ പോലും അനാഥരെങ്കില്‍ ഈ രോഗിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുന്നു. മറ്റു ജില്ലകളില്‍ മരണപ്പെടുന്ന അനാഥരേയും സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം കോട്ടയം മെഡിക്കല്‍ കോളജ് എറ്റെടുക്കേണ്ടി വരുന്നുണ്ട്.
എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നാണ് ഏറ്റവുമധികം അനാഥ രോഗികളും മൃതദേഹങ്ങളും എത്തിക്കുന്നത്. ഇവിടെയെത്തുന്ന രോഗികള്‍ക്ക് താലൂക്ക്, ജില്ലാ ആശുപത്രികളില്‍ മാത്രം ചികില്‍സ ലഭിക്കേണ്ട രോഗികളാണ് അനാഥമെന്ന ഒറ്റകാരണത്താല്‍ മെഡിക്കല്‍ കോളജിലെത്തിക്കുന്നത്. രോഗികള്‍ മരണപ്പെട്ടാല്‍ മൃതദേഹം നിശ്ചിത സമയം വരെ സൂക്ഷിക്കണം. എന്നാല്‍ മൂന്നു മാസം പിന്നിട്ടാല്‍ പോലും മൃതദേഹം നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട പൊലിസിന്റെയോ മെഡിക്കല്‍ കോളജ് പൊലിസ് സ്‌റ്റേഷന്റെയോ അനുമതി ലഭിക്കണം. മൃതദേഹം സംസ്‌കരിക്കാന്‍ പൊലിസ് യഥാസമയങ്ങളില്‍ അനുമതി തരുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
മെഡിക്കല്‍ കോളജ് മോര്‍ച്ചറിയാണെങ്കില്‍ 12 മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങള്‍ മാത്രമേയുള്ളൂ. അതില്‍ ആറെണ്ണവും പ്രവര്‍ത്തനരഹിതമാണ്. ശേഷിക്കുന്ന ആറെണ്ണത്തില്‍ ഇപ്പോള്‍ അനാഥ മൃതദേഹം കൊണ്ട് നിറഞ്ഞിരിക്കുകയുമാണ്. അപകടങ്ങളില്‍പ്പെട്ടോ വിഷം ഉള്ളില്‍ ചെന്നോ ചികില്‍സയില്‍ കഴിയുന്നവര്‍ മരണപ്പെട്ടാല്‍ ഇവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തണം. ഇതിനായി മൃതദേഹം സൂക്ഷിക്കണം. എന്നാല്‍ ഇപ്പോള്‍ അതിന് കഴിയുന്ന അവസ്ഥയല്ല മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലുള്ളത്. കഴിഞ്ഞ ദിവസം വരെ രണ്ടു മൃതദേഹം സൂക്ഷിക്കാന്‍ സൗകര്യമുണ്ടായിരുന്നു. എന്നാല്‍ ചങ്ങനാശ്ശേരി പൊലിസ് കൊണ്ടുവന്ന അജ്ഞാത മൃതദേഹം, ചികില്‍സയിലിരിക്കേ ഇന്നലെ മരണപ്പെട്ട അനാഥരോഗിയുടേയും മൃതദേഹം എന്നിവ കൂടി ഫ്രീസറില്‍ വെച്ചതോടെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ അനാഥ മൃതദേഹങ്ങള്‍ നിറഞ്ഞിരിക്കുയാണ്.
ചങ്ങനാശ്ശേരിയില്‍ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ട അജ്ഞാത മൃതദേഹം സൂക്ഷിക്കാന്‍ ഫ്രീസര്‍ ഇല്ലാതിരുന്നതിന്റെ പേരില്‍ ആശുപത്രി അധികൃതരും പൊലിസും വാക്കുതര്‍ക്കം ഉണ്ടാവുകയും ആറുമണിക്കൂര്‍ ആംബുലന്‍സില്‍ കിടത്തിയശേഷം തുടര്‍ന്ന് മൂന്നുമാസം പഴക്കമുള്ള ഒരാളുടെ മൃതദേഹം ഫ്രീസറില്‍ നിന്നു വെളിയില്‍വെച്ചശേഷമാണ് ട്രെയിന്‍തട്ടി മരിച്ചയാളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
മൂന്നു മാസം പഴക്കമുള്ള മൃതദേഹം മറവ് ചെയ്യണമെങ്കില്‍ പോലിസിന്റെ അനുമതി ലഭിക്കണം. കൂടാതെ അപകടത്തില്‍പ്പെട്ട് ചികില്‍സയില്‍ കഴിയുന്ന രോഗി മരണപ്പെട്ടാലും മൃതദേഹം സൂക്ഷിക്കാന്‍ ബുദ്ധിമുട്ടാവും.
സമീപ ജില്ലകളിലുള്ള നിസ്സാര രോഗമുള്ള അനാഥരെ മെഡിക്കല്‍കോളജിലേക്ക് അയക്കാതിരിക്കാനും അനാഥ മൃതദേഹങ്ങല്‍ മറ്റ് ജനറല്‍ ആശുപത്രികളിലും സൂക്ഷിക്കാന്‍ സംവിധാനം ഉണ്ടാക്കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. ഇതിന് ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ തയാറാവണമെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."