അന്തിക്കാട് പൊലിസിനെതിരേ സി.പി.ഐയുടെ യുവജന, വിദ്യാര്‍ഥി സംഘടനകള്‍ രംഗത്ത്
അന്തിക്കാട്: ചേര്‍പ്പ് ഐ.ടി.ഐ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനം ലഭിച്ചതില്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടയില്‍ മര്‍ദനമേറ്റ പ്രവര്‍ത്തകരുടെ പേരില്‍ അന്തിക്കാട് പൊലിസ് കള്ളക്കേസ് എടുക്കുന്നുവെന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു. വിദ്യാര്‍ഥിനികള്‍ അടക്കമുള്ള എ.ഐ.എസ്.എഫ് ,എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇക്കഴിഞ്ഞ നവംബര്‍ 19 ന് പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററില്‍ വച്ച് മര്‍ദിച്ച് അവശരാക്കിയിരുന്നുവെന്നും മര്‍ദനത്തില്‍ പരുക്കേറ്റ കെ.എസ്.ഉണ്ണികൃഷ്ണന്‍, ടി.വി.ദീപു, അക്ഷയ്, വിഷ്ണു, അനൂപ് എന്നിവരുടെ പേരിലാണ് അന്തിക്കാട് എസ്.എച്ച്.ഒ.മനോജ് കുമാര്‍ അകാരണമായി ഇപ്പോള്‍ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നതെന്നും ആരോപണമുണ്ട്.
അക്രമത്തിന്റെ വീഡിയോ ക്ലിപ്പിങ് പൊലിസിന് കൈമാറിയിട്ടും നടപടിയെടുക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.എസ്.എഫ്.ഐക്കാര്‍ കൊടുത്ത വ്യാജ പരാതിയിന്മേല്‍ എ.ഐ.എസ്.എഫ് ,എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസ് ചാര്‍ജ് ചെയ്തത് പെരിങ്ങോട്ടുകര പ്രദേശത്തെ ലഹരി ഗുണ്ടാ മാഫിയക്കാര്‍ക്ക് ഒത്താശ ചെയ്യുവാനും യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്തുവാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും എ.ഐ.വൈ.എഫ് നാട്ടിക മണ്ഡലം സെക്രട്ടറി ടി.വി.ദീപു, പ്രസിഡന്റ് വൈശാഖ് അന്തിക്കാട് എന്നിവര്‍ ആരോപിച്ചു.
കള്ളക്കേസ് കെട്ടിച്ചമയ്ക്കുന്ന പൊലിസ് നയത്തിനെതിരേ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എ.ഐ.വൈ.എഫ് ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."