പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ നിരീക്ഷണത്തില്‍?
മുംബൈ: മഹാരാഷ്ട്രയിലെ മുന്‍ ബി.ജെ.പി സര്‍ക്കാരിനെതിരേ ഗുരുതര ആരോപണങ്ങളുമായി നിലവിലെ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ ദേശ്മുഖ് രംഗത്ത്.
ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ പ്രതിക്ഷത്തെ കോണ്‍ഗ്രസ്, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികളുടെയും ശിവസേനയടക്കമുള്ള ബി.ജെ.പി ഇതര പാര്‍ട്ടികളുടെയും നേതാക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് വെളിപ്പെടുത്തല്‍. വിഷയത്തില്‍ പ്രത്യേക അന്വേഷണത്തിനു നിര്‍ദേശം നല്‍കുമെന്നു വ്യക്തമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടതായാണ് വിവരം.
തന്റെ ഫോണ്‍ ചോര്‍ത്തുന്നതായി നേരത്തെ ബി.ജെ.പി മന്ത്രി തന്നോടു സൂചിപ്പിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി ശിവസേന നേതാവും എം.പിയുമായ സഞ്ജയ് റാവത്തും രംഗത്തെത്തിയിട്ടുണ്ട്. തനിക്കു രഹസ്യങ്ങളില്ലെന്നായിരുന്ന അതിനു നല്‍കിയ മറുപടിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പും തെരഞ്ഞെടുപ്പ് നടന്നതിനു ശേഷവും ഫോണ്‍ ചോര്‍ത്തല്‍ നടന്നതെന്നാണ് ആരോപണം.
ശിവസേനാ നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ, എന്‍.സി.പി നേതാവ് ശരത് പവാര്‍ തുടങ്ങിയവരുടെ ഫോണ്‍ വിവരങ്ങളും ചോര്‍ത്തിയതായി ആരോപണമുണ്ട്.
വിഷയത്തില്‍ പൊലിസിനോട് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചതായി ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന പാര്‍ട്ടികള്‍ മഹാ വികാസ് അഘാഢി സഖ്യത്തിനായി ചര്‍ച്ച നടത്തുമ്പോഴും ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടുണ്ടോയെന്നതും അന്വേഷിക്കും. ഫോണ്‍ ചോര്‍ത്തുന്നതിന് വിവിധ സോഫ്റ്റ്‌വെയറുകള്‍ പരിചയപ്പെടുന്നതിനായി ചില സൈബര്‍ സെല്‍ ഉദ്യോഗസ്ഥരെ ബി.ജെ.പി സര്‍ക്കാര്‍ ഇസ്‌റാഈലിലേക്ക് അയച്ചിരുന്നതായും ആരോപണമുണ്ട്. ഇക്കാര്യവും അന്വേഷിക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."