സഊദിയിലും മുജാഹിദ് ഐക്യം തകര്‍ന്നു; അണികള്‍ പലവഴിക്ക്, ഇരു വിഭാഗങ്ങളും തമ്മിലുള്ള എതിര്‍പ്പ് മറ നീക്കി പുറത്തേക്ക്
റിയാദ്: മുജാഹിദ് വിഭാഗങ്ങള്‍ തമ്മില്‍ നടന്ന ഐക്യം സഊദിയിലും തകര്‍ന്നു. ഏറെ കൊട്ടിഘോഷിച്ചു. കേരളത്തില്‍ മുജാഹിദ് സംഘടനകള്‍ക്കിടയിലെ അനൈക്യം വീണ്ടും സജീവമായപ്പോള്‍ സഊദിയിലും വിഭാഗീയത മറനീക്കി പുറത്ത് വന്നിരിക്കുകയാണിപ്പോള്‍.
മുജാഹിദിന്റെ സഊദിയിലെ സംഘടനയായ സഊദി ഇസ്‌ലാഹി സെന്ററാണ് വിവിധ വിഭാഗങ്ങളായി വേറിട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. കേരളത്തിലെ മുജാഹിദ് ഐക്യത്തെത്തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററുകള്‍ യോജിച്ചു പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും വീണ്ടും ഇത് പഴയത് പോലെ ആയി മാറി. സെന്ററുകള്‍ക്കിടയിലെ ശക്തമായ അനൈക്യം മൂലം സഊദിയുടെ വിവിധ മേഖലകളില്‍ വ്യത്യസ്തമായാണ് ഇവരുടെ പ്രവര്‍ത്തനം.
2002 ല്‍ സംഘടനയിലുണ്ടായ ഭിന്നിപ്പിന് ശേഷം ഒന്നര പതിറ്റാണ്ടോളം രണ്ടായി പ്രവര്‍ത്തിച്ചിരുന്ന പ്രസ്ഥാനങ്ങള്‍ 2016ല്‍ വീണ്ടും ഐക്യപ്പെടുകയായിരുന്നു. ഇതിനിടയില്‍ ഐക്യത്തിനായുള്ള ശ്രമങ്ങള്‍ പല കോണുകളില്‍ നിന്നും ഉണ്ടായിരുന്നെങ്കിലും ഒരു വര്‍ഷത്തോളമെടുത്ത് ഇരു വിഭാഗവും നടത്തിയ ആദര്‍ശ ചര്‍ച്ചകളാണ് ഒടുവില്‍ ഐക്യം സാധ്യമാക്കിയിരുന്നത്.
റിയാദിലും സമാനമായ സ്ഥിതിയാണ്. 2016 ല്‍ മുജാഹിദ് ഐക്യമുണ്ടായപ്പോള്‍ റിയാദില്‍ ഇരു വിഭാഗത്തിന്റെയും ഇസ്ലാഹി സെന്റററുകളുടെ ഏകീകരണത്തിനുവേണ്ടി ചര്‍ച്ചകള്‍ നടത്തിയെങ്കിലും സംഘടനാപരവും ആദര്‍ശപരവുമായ കാരണങ്ങളാല്‍ ഐക്യം സാധ്യമായിരുന്നില്ല. ഇതേ സമയത്ത് തന്നെ വിമത പ്രവര്‍ത്തന ആരോപണവുമായി ഇരു വിഭാഗവും കഴിഞ്ഞ ജൂലായില്‍ പ്രസ്താവനകളുമായും പത്രസമ്മേളനങ്ങളുമായും രംഗത്തെത്തിയിരുന്നു.
ഏറ്റവും ഒടുവില്‍ ജിദ്ദയില്‍ മദീന റോഡ് ആസ്ഥാനമായുള്ള ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് പുതിയ കമ്മിറ്റി കൂടി നിലവില്‍ വന്നതോടെ ഐക്യത്തിനു മുമ്പുണ്ടായിരുന്നതു പോലെ
രണ്ടു വിഭാഗമായി പ്രവര്‍ത്തിച്ചു മുന്നോട്ടു പോകുകയാണ് വിവിധ ഗ്രൂപ്പുകള്‍. അബ്ബാസ് ചെമ്പന്‍ പ്രസിഡന്റായും ശിഹാബ് സലഫി എടക്കരയെ ജനറല്‍ സെക്രട്ടറിയായും ശരീഫ് ബാവ തിരൂരിനെ ട്രഷററുമായാണ് ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ (മദീന റോഡ്) 2019-2020 കാലയളവിലേക്കുള്ള പുതിയ നേതൃത്വം നിലവില്‍ വന്നത്. ആദര്‍ശ രംഗത്തും സംഘടനാ തലത്തിലും കേരളാ നദ്‌വത്തുല്‍ മുജാഹിദീന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിച്ചു വരുന്ന ഇസ്‌ലാഹീ സെന്ററിന്റെ പുതിയ ഭരണ നേതൃത്വവും കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സമിതിയുടെ നാമ നിര്‍ദ്ദേശത്തോടെയാണ് നിലവില്‍ വന്നിട്ടുള്ളതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കേരളത്തില്‍ ടി.പി അബ്ദുല്ലക്കോയ മദനിയുടെ നേതൃത്വത്തില്‍ മുജാഹിദ് സി.ടി ടവര്‍ വിഭാഗവും ഉമര്‍ സുല്ലമിയുടെ നേതൃത്വത്തില്‍ മര്‍കസു ദഅ്‌വാ വിഭാഗവുമാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഹുസൈന്‍ മടവൂര്‍ ടി.പി അബ്ദുല്ലക്കോയ വിഭാഗത്തോടൊപ്പമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."