'തുഗ്ലക്ക് ' നവീകരണം
പാപ്പിനിശ്ശേരി: പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് നവീകരണ ജോലികളില്‍ റോഡിന്റെയും റെയില്‍വേ പാലങ്ങളുടെയും നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും അവഗണനയുടെ കുരുക്കിലായി കണ്ണപുരം പാലം.
നിര്‍മാണം പുരോഗമിക്കുന്ന റോഡിന്റെ വീതി പത്ത് മീറ്ററാണ്. എന്നാല്‍ പുതിയ റോഡിന്റെ നടുവിലായി അഞ്ചുമീറ്റര്‍ വീതിയുള്ള ഇടുങ്ങിയ കണ്ണപുരം പാലം മാത്രം പ്രവൃത്തിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പാലത്തിന്റെ വീതി നവീകരിക്കാതെ റോഡിന് മാത്രം പത്തുമീറ്റര്‍ വീതിയാക്കി പാലത്തിന്
ഇരുവശത്തും മണ്ണിട്ട് നിര്‍മാണം പുരോഗമിക്കുകയാണ്.
ഇത് ഭാവിയില്‍ പ്രദേശത്ത് ഗതാഗതക്കുരുക്കിനിടയാക്കുമെന്നാണ് ആശങ്ക ഉയരുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന കാരണം പറഞ്ഞാണ് പാലത്തെ പ്രവൃത്തിയില്‍ നിന്ന് ഒഴിവാക്കിയത്. ഇപ്പോള്‍ നടക്കുന്ന ജോലികളുടെ കൂടെ പാ
ലം വീതി കൂട്ടി നിര്‍മിച്ചാല്‍ ഇതിലൂടെയുള്ള ഗതാഗതം സുഗമമാകുമായിരുന്നു.
21 കിലോമീറ്റര്‍ ദൂരം വരുന്ന പിലാത്തറ-പാപ്പിനിശ്ശേരി റോഡ് നവീകരണത്തിന്
118.3 കോടി രൂപയാണ് അടങ്കല്‍ തുകയായി അനുവദിച്ചിട്ടുള്ളത്. 2013 ഏപ്രില്‍ 22 മുതലാണ് പ്രവൃത്തി തുടങ്ങിയത്. പിലാത്തറ മുതല്‍ കണ്ണപുരം വരെയുള്ള റോഡ് പ്രവൃത്തികളില്‍ 18 കിലോമീറ്റര്‍ ദൂരത്തിലുള്ള ജോലികള്‍ പൂര്‍ത്തിയായി.
കരിക്കന്‍കുളം മുതല്‍ പാപ്പിനിശ്ശേരി ഹാജി റോഡ് വരെയുള്ള റോഡിന്റെ ജോലികളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ആദ്യഘട്ടത്തിലെ പ്ലാനില്‍ മാറ്റം വരുത്തി നിര്‍മാണം ആരംഭിച്ച താവം റെയില്‍വേ മേല്‍പ്പാലത്തിന്റെ ജോലികള്‍ എങ്ങുമെത്തിയിട്ടില്ല.
താവം പാലത്തിന് 11 സ്ലാബുകളും 12 തൂണുകളുമാണുള്ളത്. ഇതില്‍ രണ്ടു തൂണുകളും ഒരു സ്ലാബും റെയില്‍വേ നേരിട്ട് നിര്‍മിക്കും. പിലാത്തറ-പാപ്പിനിശ്ശേരി റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്താലും താവം മേല്‍പ്പാലത്തിന്റെ ജോലികള്‍ പൂര്‍ത്തിയാകണമെങ്കില്‍ മാസങ്ങളെടുക്കും.
ഇതില്‍ രാമപുരം പാലത്തിന്റെ ജോലികളും നടന്നു വരുകയാണ്. പാപ്പിനിശ്ശേരി റെയില്‍വെ മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡടക്കമുള്ള ജോലികളും ഇനിയും കഴിയേണ്ടതുണ്ട്. 2017 മാര്‍ച്ച് മാസത്തിനുള്ളില്‍ ജോലികള്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."