സ്ത്രീകളെ അധിക്ഷേപിച്ച് പ്രസംഗം: കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: പ്രസംഗത്തിനിടെ സ്ത്രീകളെ അധിക്ഷേപിച്ച കേസില്‍ നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എത്രയും പെട്ടെന്ന് ഹാജരാകണമെന്നും കോടതി നിര്‍ദേശം നല്‍കി. ഒക്ടോബര്‍ 12 ന് കൊല്ലം ചവറയില്‍ ബി.ജെ.പി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള നയിച്ച ശബരിമല സംരക്ഷണജാഥയ്ക്ക് നല്‍കിയ സ്വീകരണചടങ്ങിലായിരുന്നു കൊല്ലം തുളസിയുടെ വിവാദ പ്രസംഗം.
ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഇതില്‍ ഒരു ഭാഗം ദല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും അയച്ചുകൊടുക്കണം എന്നുമായിരുന്നു കൊല്ലം തുളസിയുടെ പരാമര്‍ശം. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയ ജഡ്ജിമാര്‍ ശുംഭന്‍മാര്‍ ആണെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു.
ഇത്തരം പ്രസംഗങ്ങള്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിക്കെതിരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നാട്ടില്‍ അക്രമങ്ങളുണ്ടാവാന്‍ പ്രസംഗം കാരണമായെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."