പോരാട്ടവീര്യം ചോരാതെ ജാമിഅയും ഷഹീന്‍ബാഗും
ജാമിഅ, സിഎഎ വിരുദ്ധ സമരത്തുടക്കം മാത്രമല്ല അതിന്റെ തുടര്‍ച്ചയും ആ തുടര്‍ച്ച എങ്ങനെ നിലനിര്‍ത്തണം എന്നതിന്റെ മാതൃക കൂടിയാണ്. ഏറെ പ്രതീക്ഷയോടെയും ആത്മാഭിമാനത്തോടെയും മാത്രമേ ജാമിഅയിലേയും തൊട്ടടുത്ത ഷഹീന്‍ബാഗിലേയും സമരങ്ങളെ ദര്‍ശിക്കാനാകൂ.
മറ്റു രാഷ്ട്രീയ വരവുകളില്‍ കണ്ണ് മഞ്ഞളിച്ചോ വ്യക്തി മുന്നേറ്റം മുന്നില്‍ കണ്ടോ അല്ല അവര്‍ പാതിരാപിന്നിട്ട കാളിമയിലും പാദങ്ങള്‍ തമ്മിലുരസുന്ന അതിശൈത്യത്തിലും തങ്ങളുടെ കൂരകളില്‍ കമ്പിളി പുതപ്പിനുള്ളില്‍ ചുരുണ്ട് കൂടാതെ തെരുവിലിറങ്ങുന്നത്. രാജ്യം നേരിടുന്ന ഫാസിറ്റ് ഭീഷണികളും ഭവിഷത്തുകളും നന്നായി അറിയുന്നവരാണവര്‍. എന്ത് ത്യാഗങ്ങള്‍ സഹിച്ചും തങ്ങളുടെ മാതൃരാജ്യത്തിന്റെ മഹിത പാരമ്പര്യവും സംസ്‌കാരവും മതേതര മൂല്യങ്ങളും അവ ഉള്‍ക്കൊള്ളുന്ന ഭരണഘടനയും എന്നും സംരക്ഷിക്കുമെന്ന ദൃഢനിശ്ചയത്തിലാണവര്‍. അവരുടെ അര്‍പ്പണബോധത്തെയോ സന്നദ്ധതയെയോ പിടിച്ചുകെട്ടാന്‍ കൊടും ശൈത്യമോ കൂരിരുളുകളോ മതിയാവുകയില്ല.
പ്രതിഷേധ പ്രകടനങ്ങള്‍
രാജ്യത്തിന്റെ അഖണ്ഡതയും മതേതര മൂല്യങ്ങളും തകര്‍ക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ ഭവിഷത്തുകള്‍ വിവരിക്കുന്ന പ്രസംഗങ്ങള്‍... കേന്ദ്ര സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനും അവരുടെ ദാര്‍ഢ്യ സമീപനങ്ങള്‍ക്കുമെതിരെ ഉച്ചത്തില്‍ മുഴങ്ങുന്ന മുദ്രാവാക്യങ്ങള്‍... മതേതരത്വത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും പ്രാധാന്യം പ്രഘോഷിക്കുന്ന കവിതകളുടെ ഈണത്തിലും താളത്തിലുമുള്ള ആലാപനം... ഇങ്ങനെ ജാമിഅ സമരത്തിലെ ഓരോ മിനുട്ടുകളിലും സിഎഎ കരിനിയമത്തിനെതിരെ പ്രതിഷേധാഗ്‌നി ജ്വലിച്ചു കൊണ്ടേയിരിക്കുന്നു. മറ്റു സംസാരങ്ങളോ ഘോഷങ്ങളോ ഇവിടെ കാണാന്‍ കഴിയില്ല. സമരം നടക്കുന്ന പ്രധാന ഇടമായ ആസാദ് ഗേറ്റില്‍ നിന്ന് അല്‍പ്പം മാറിയും ആള്‍ക്കൂട്ടങ്ങളെ കാണാം. അവിടെയുംസിഎഎ ക്കെതിരെ ഉയരുന്ന മുദ്രാവാക്യങ്ങളുടെ ധ്വനികള്‍ മാത്രമാണ് ശ്രവിക്കാന്‍ കഴിയുക. നേരം ഇരുട്ടുന്നതിന് മുമ്പായി സമരം അവസാനിക്കുന്നത് വരെ ഇതേ നില തുടരുന്നു. മുദ്രാവാക്യ വിളികളുടെ പ്രതിധ്വനി ഇരട്ടിയാവുകയല്ലാതെ ഒട്ടും കുറയുന്നില്ല. സമരം തുടങ്ങി മുപ്പത് ദിവസം പിന്നിട്ടിട്ടും പ്രതിഷേധങ്ങളുടെ മൂര്‍ച്ച ഒട്ടും കുറഞ്ഞിട്ടില്ല.
ദിനംപ്രതി പ്രതിഷേധക്കാരുടെ എണ്ണം പെരുകുകയാണ്. ഇത്രത്തോളം സജീവതയില്‍ മണിക്കൂറുകള്‍ എല്ലാ ദിവസങ്ങളിലും നില നില്‍ക്കണമെങ്കില്‍ ഇത് നില നില്‍പ്പിനായുള്ള സമരം തന്നെയാവണം. ഇരുട്ട് വീഴാന്‍ തുടങ്ങിയാല്‍ സമര സമിതി നേതാക്കള്‍ വന്ന് അന്നത്തെ സമരം പിരിച്ചു വിട്ടതായി അറീക്കുന്നതോടെ ഇന്നത്തെ തന്റെ ജീവിതം കൃതാര്‍ത്ഥമായി എന്ന സംതൃപ്തിയോടെയും നാളെയും ഈ ആസാദ് ഗേറ്റിന് മുമ്പില്‍ നേരെത്തെ വന്ന് ഇരിപ്പിടം ഉറപ്പാക്കണമെന്ന ദൃഢനിശ്ചയത്തോടെയും ചിലര്‍ വീടുകളിലേക്കും മറ്റു ചിലര്‍ ഇനിയും ചിലത് ചെയ്ത് തീര്‍ക്കാനുണ്ടെന്ന ബോധ്യത്തില്‍ രാപ്പകല്‍ ഭേദമില്ലാതെ സമരം തുടരുന്ന തൊട്ടടുത്ത ഷഹീന്‍ ബാഗിലേക്കും നീങ്ങുന്നു. എല്ലാവരും സമര സ്ഥലത്ത് നിന്നും നീങ്ങിയാല്‍ കര്‍മ്മ ധീരരായ വളണ്ടിയേഴ്‌സ് അതിര്‍ത്തി തിരിച്ചു കെട്ടിയ കയറുകള്‍ അഴിച്ചു വെക്കും. അന്നത്തെ സമരത്തിന്റെ ശേഷിപ്പുകളൊന്നും ബാക്കിയാക്കാതെ വേസ്റ്റുകള്‍ പൂര്‍ണമായും അടിച്ചുവാരി റോഡുകള്‍ വൃത്തിയാക്കും. എത്ര മാതൃകാപരവും അനുകരണീയവുമാണ് ഈ സമരം.
രാത്രി കാഴ്ച
ഇരുട്ട് വീണ് സമര മുഖത്ത് നിന്നും എല്ലാവരും പിരിഞ്ഞ് പോയാല്‍ ദിവസവും രാത്രി തൊട്ടടുത്ത പല ഗല്ലികളില്‍ നിന്നും വരിയൊപ്പിച്ച് മൗനികളായി കത്തുന്ന മെഴുക് തിരിയും കയ്യിലേന്തി ജാമിഅ ആസാദ് ഗേറ്റിലേക്കുള്ള മൗന റാലിയും ഈ സമരത്തിന്റെ ഭാഗമായി എടുത്തു പറയേണ്ട മറ്റൊരു കാഴ്ചയാണ്. ഓരോ ചെറു സംഘങ്ങളും സ്ത്രീകളും പുരുഷ്യന്മാരും കുട്ടികളുമുള്‍പ്പെടെ നൂറില്‍ പരം വരും. അവരുടെ കരങ്ങളിലെ മെഴുക് തിരി ആസാദ് ഗേറ്റിന് മുമ്പില്‍ കത്തിച്ചു വെച്ച് അവര്‍ മൗനികളായി മടങ്ങും. മൗലാനാ അബുല്‍ കലാം ആസാദും ജാമിഅയും സ്വാതന്ത്ര സമര പോരാട്ടത്തില്‍ വഹിച്ച പങ്കും അതിന്റെ പ്രസക്തിയും മനസ്സിലാക്കി തന്നെയാണ് കിലോമീറ്ററുകള്‍ നടന്ന് കത്തുന്ന മെഴുകുതിരിയുമായി അവര്‍ ഇവിടേക്കെത്തുന്നത്. ഇരുട്ടിന്റെ മറവില്‍ തന്നിഷ്ടങ്ങള്‍ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഏകാധിപതികളില്‍ നിന്നും മതേതര മൂല്യങ്ങള്‍ ഏത് കാറ്റിലും കോളിലും ഉലയാതെ എക്കാലത്തും സംരക്ഷിക്കുമെന്നദൃഢ നിശ്ചയത്തോടെയാണവര്‍ മടങ്ങുന്നത്. ജാമിഅ അവര്‍ക്ക് കേവലം വിദ്യാഭ്യാസ സ്ഥാപനമല്ല. നിലനില്‍പ്പിനുള്ള ഉയിരും ഊര്‍ജ്ജവുമാണ്.
മതിലുകള്‍ കയറുന്ന പ്രതിഷേധങ്ങള്‍
ജാമിഅയുടെ മതിലുകളും ഗേറ്റുകളും സമരത്തിന്റെ മൂല്യവും പ്രാധാന്യവും വിളിച്ചറിക്കുന്നുണ്ട്. റോഡിന് ഇരുവശങ്ങളിലുമുള്ള ജാമിഅയുടെ മതിലുകളില്‍ ഫൈന്‍ ആര്‍ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സിഎഎ കരിനിയമത്തിനെതിരെ ഏറെ ആകര്‍ഷണീയമായ രീതിയില്‍ വാള്‍ പോസ്റ്ററുകള്‍ എഴുതി വെച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ ഏകാധിപത്യ മനോഗതിയും ഭരണ പരാചയങ്ങളും അറിയിക്കുന്ന ഛായാപടങ്ങളും വളരെ മനോഹരമായി വരച്ചിട്ടുണ്ട്. തങ്ങളുടെ നൈസര്‍ഗ്ഗിക കലകളെ അതി ക്രിയാത്മകമായി തന്നെ അവര്‍ ഉപയോഗിക്കുന്നു.
ഷഹീന്‍ബാഗ്
ജാമിഅയില്‍ നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയാണ് ഷഹീന്‍ബാഗ്. സിഎഎ വിരുദ്ധ സമരങ്ങള്‍ക്ക് പ്രശസ്തി കൈവരിച്ച മറ്റൊരിടം. ഇവിടത്തെ സമരങ്ങള്‍ക്ക് സമയപരിധിയില്ലെന്നത് ശ്രദ്ധേയമാണ്. രാപകല്‍ മുഴവന്‍ ഇവിടെ പ്രസംഗങ്ങളും മുദ്രാവാക്യങ്ങളുമായി ഇന്ത്യന്‍ മതേതരത്വത്തിന്റെയും ഭരണഘടനയുടെയും കാവലാളാവുകയാണിവര്‍. പാതിരാത്രിയിലോ കാണ്ഡമിടറുന്ന അതിശൈത്യത്തിലോ ഇവരുടെ സമര വീര്യത്തിന് ഒട്ടും കുറവില്ല. ഊണും ഉറക്കവും സമരപ്പന്തലില്‍ തന്നെ. ഇടവേളകളില്‍ ഭക്ഷണ വിഭവങ്ങളുമായി ആളുകള്‍ വരുന്നു. സമരപ്പന്തലില്‍ വിതരണം ചെയ്യുന്നു. പരാതിയോ പരിഭവമോ ഇല്ലാതെ ഉള്ള ഭക്ഷണം പങ്കിട്ട് കഴിക്കുന്നു. ആളുകള്‍ ദിനം പ്രതി പെരുകുന്നു. പാതിരാ സമയത്തും മുലകുടി പ്രായം പോലും പിന്നിടാത്ത പിഞ്ചു കൈക്കുഞ്ഞുങ്ങളെയും തണുപ്പകറ്റാന്‍ കമ്പിളിപ്പുതപ്പും തോളിലേറ്റി വരുന്ന ഉമ്മമാരുടെയും അറുപതും എഴുപതും പിന്നിട്ട വയോധികരുടെയും സമരപ്പന്തലിലെ സാന്നിദ്ധ്യം, കാണുന്ന ആരെയും ഈറനണിയിക്കുന്നതാണ്. ഇവിടെയെത്തുന്ന സ്ത്രീകളുടെ ആധിക്യം ഏറെ ശ്രദ്ധേയമാണ്. ഷഹീന്‍ബാഗ് സമരപ്പന്തലില്‍ വന്ന് ഐക്യദാര്‍ഢ്യമറിയിച്ച് സംസാരിക്കവെ ശശി തരൂര്‍ എം.പി പറഞ്ഞതുപോലെ 'ഇവിടെത്തെ പെണ്ണുങ്ങള്‍ ചരിത്രം സൃഷ്ടിക്കുകയാണ്'.
മതത്തിന്റെ പേരിലെ സര്‍വ്വ ഭിന്നതകളില്‍ നിന്നും മുക്തമായ സമത്വ സുന്ദര ഭാരതത്തിനായി കാതോര്‍ത്ത് ഈ ആസാദി അഗ്‌നി അണയാതെ രാപകല്‍ മുഴുവന്‍ കാവലിരിക്കുകയാണ് ഷഹീന്‍ ബാഗിലെ സ്ത്രീകളും പിഞ്ചു പൈതങ്ങളും വയോധികരുമടക്കം പതിനായിരങ്ങള്‍. സിഎഎ കരിനിയമത്തിനെതിരെയുള്ള അവരുടെ ആവലാതി നിറകണ്ണുകളോടെയാണ് അവര്‍ അവിടെയെത്തുന്ന മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറയുന്നത്. അവരുടെ കണ്ണുനീര് മതേതര ഇന്ത്യയുടെ പുനര്‍ജന്മത്തിനുള്ള വളവും ഊര്‍ജ്ജവുമാവട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."