ഭരണഘടനാ സംരക്ഷണത്തിന് ജാഗരൂകരാകുക: മനുഷ്യ ജാലിക ദമാം
ദമാം: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ എസ്‌കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന മനുഷ്യ ജാലികക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു സമസ്‌ത ഇസ്‌ലാമിക് സെന്റർ ദമാമിൽ മനുഷ്യ ജലയ്ക സംഘടിപ്പിച്ചു. ഭരണ ഘടനാ സംരക്ഷണത്തിന് മത, രാഷ്ട്രീയ,സംഘടനകൾക്കതീതമായി എല്ലാ മതേതര വിശ്വാസികളും ജാഗരൂകരാകണമെന്ന് മനുഷ്യ ജാലിക മഹാ സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ സ്വതന്ത്ര ലബ്‌ധിക്കു ശേഷം രാജ്യം ഏറ്റവും വലിയ അപകടത്തിലേക്കാണ് അനുദിനം നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രവാസ ലോകത്ത് നിന്ന് സമകാലിക സംഭവ വികാസങ്ങളെ ഭീതിയോടെയാണ് നാം നോക്കി കാണുന്നത്. സി എ എ, എൻ പിആർ, എൻ ആർ സി, പോലുള്ള നിയമ നിർമാണം വഴി നാളിതു വരെ നമ്മുടെ നാട് ഉയർത്തിപ്പിടിച്ച ബഹുസ്വരതയും മത നിരപേക്ഷ നിലപാടുകളും, പൈതൃക മൂല്യങ്ങളും അറു കൊല ചെയ്ത് അതു വഴി ഭരണ സ്വാധീനത്തിന്റെ മറ പിടിച്ചു ഹിന്ദുത്വ രാഷ്ട്ര നിർമ്മിതിക്കായുള്ള അകലം കുറക്കുവാനുള്ള അജണ്ട ഫലം കാണുമെന്ന മിഥ്യ ധാരണകൾ തിരുത്തപ്പെട്ടേ മതിയാവൂ.
പൗരത്വഭേദഗതി നിയമത്തിൽതുടങ്ങി ദേശിയ പൗരത്വപ്പട്ടിക യിലൂടെ ഏക മത രാഷ്ട്രത്തിന് ശിലയിടാനുള്ള ദുഷ്ടലാക്കോടെയുള്ള ഈ ശ്രമം ജനങ്ങൾ തെരുവിൽ ചെറുക്കുന്ന പ്രതിരോധ-പ്രക്ഷോഭ സമരമുറകൾ നല്‌കുന്ന ശുഭ സൂചനകൾ ചെറുതായി കാണരുത്. ഇന്ത്യയിൽ ജീവിക്കുന്ന പൗരൻമാർക്ക് തുല്യ നീതിയും അവകാശങ്ങളും വകവെച്ചു തരുന്ന- ഭരണ ഘടന ഉയർത്തി പിടിച്ച മഹിത ആശയങ്ങളും, രാഷ്ട്ര ശിൽപികൾ നിതാന്ത ജാഗ്രതയോടെ എഴുതിയുണ്ടാക്കിയ ഭരണഘടനയെയെയും കണ്ണിലെ കൃഷ്ണ മണി പോലെ സംരക്ഷിക്കാൻ ഓരോ പൗരനും ബാധ്യതയുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശ സംരക്ഷണത്തിന് വേണ്ടി മതേതര രാഷ്ട്രീയ ശക്തികൾ ഭരണഘടനാ സംരക്ഷണത്തിന് ജാഗരൂകരാകുവാനും രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ ഒരുക്കാനും ഭരണ-നീതി കൂടങ്ങൾ കണ്ണ് തുറക്കുവോളം സമരവും പ്രക്ഷോഭങ്ങളും തുടരാനും മനുഷ്യ ജാലിക പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എസ് ഐ സി സഊദി ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീർ ബാഖവി ഉൽഘാടനം ചെയ്തു. ഫവാസ് ഹുദവി അദ്ധ്യക്ഷത വഹിച്ചു. സകരിയ്യ ഫൈസി പന്തല്ലൂർ പ്രമേയ പ്രഭാഷണം നടത്തി. ഭരണ ഘടനാ ആമുഖം വായന മജീദ് വാണിയമ്പലവും പ്രതിജ്ഞ ചൊല്ലിക്കൊടുക്കൽ അബൂയാസീൻ ചളിങ്ങാടും നിർവഹിച്ചു. മാഹീൻ വിഴിഞ്ഞം പ്രമേയം അവതരിപ്പിച്ചു. അശ്‌റഫ് അശ്‌റഫി, സജീർ അസ്അദി, ബാസിത് പട്ടാമ്പി എന്നിവർ ദേശീയോദ്‌ഗ്രഥന ഗാനം അവതരിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഖാദർ മാസ്റ്റർ വാണിയമ്പലം (കെഎംസിസി), ഹാരിസ് ജൗഹരി (രിസാല സ്റ്റഡി സർക്കിൾ), ഇദ്‌രീസ് സലാഹി (ഇസ്‌ലാഹി സെൻറർ), സുബൈർ പുല്ലാളൂർ (തനിമ), ഷമീം നാണത്ത് (നവോദയ), ഉണ്ണി പൂച്ചടിയിൽ (നവയുഗം), അഷ്‌റഫ് ആളത്ത് (മീഡിയ) എന്നിവർ സംസാരിച്ചു.
നജ്‌മുദ്ദീൻ മാസ്റ്ററുടെ ഖുർആൻ പാരായണത്താൽ ആരംഭിച്ച പരിപാടിയിൽ അബ്‌ദുറഹ്‌മാൻ പൂനൂർ സ്വാഗതവും മനാഫ് ഹാജി നന്ദിയും പറഞ്ഞു. മൻസൂർ ഹുദവി, മുസ്തഫ ദാരിമി നിലമ്പൂർ, ബഷീർ പാങ്ങ്, ഉമർ വളപ്പിൽ, നാസർ വയനാട്, നുറുദ്ധീൻ തിരൂർ, ഇസ്ഹാഖ് കോഡൂർ, ഉണ്ണീൻ കുട്ടി മണ്ണാർക്കാട് മുസ്തഫ നന്തി, ജലീൽ ഹുദവി, മജീദ് വാഫി, ഹാരിസ് കാസർകോട്, മുനീർ കൊടുവള്ളി, മൊയ്തീൻ പട്ടാമ്പി എന്നിവർ നേതൃത്വം നൽകി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."