അക്ഷയ കേന്ദ്രങ്ങളുടെ മറവില്‍ അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പരാതി
കാസര്‍കോട്: അക്ഷയ കേന്ദ്രങ്ങളെന്ന വ്യാജേന സര്‍ക്കാര്‍ സേവനങ്ങളുമായി അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍പ്രവര്‍ത്തിക്കുന്നതായി പരാതി. ലൈസന്‍സ് പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നതായും പരാതിയുണ്ട്. കേരള സര്‍ക്കാര്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം കംപ്യൂട്ടര്‍വല്‍ക്കരിച്ച് ഇതിലൂടെ സുതാര്യമായി വളരെ വേഗത്തില്‍ വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായാണ് അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങിയത്. നിലവില്‍ ഒരു ഗ്രാമ പഞ്ചായത്തില്‍ ഏറ്റവും ചുരുങ്ങിയത് രണ്ട് എന്ന കണക്കിലും മുനിസിപ്പാലിറ്റികളില്‍ ഏറ്റവും ചുരുങ്ങിയത് ആറ് എന്ന കണക്കിലും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
അക്ഷയ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന സേവനങ്ങള്‍ക്ക് ഈടാക്കുന്നതിനു സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുകള്‍ സംബന്ധിച്ച ബോര്‍ഡ് എല്ലാ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്നു നിയമമുണ്ട്. എന്നാല്‍, പല കേന്ദ്രങ്ങളിലും തോന്നിയപോലെയാണു പണമീടാക്കുന്നത്. അക്ഷയ കേന്ദ്രങ്ങളെ വിലയിരുത്താനും നിരീക്ഷിക്കാനും വേണ്ടി കൃത്യമായ ഓഫിസ് സംവിധാനം എല്ലാ ജില്ലകളിലും നിലവിലുണ്ട്.
എന്നാല്‍ ഇത്തരം യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കേരളത്തിലങ്ങോളമിങ്ങോളം സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും അക്ഷയ കേന്ദ്രങ്ങള്‍ വഴി പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുന്ന സേവനം നടത്തിക്കൊടുക്കുന്നതായും അസോസിയേഷന്‍ ഓഫ് ഐ.ടി എംപ്ലോയീസ്(അക്ഷയ) സംഘടന ആരോപിക്കുന്നു.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിയില്‍ വരുന്ന ഓണ്‍ലൈന്‍ കേന്ദ്രം നല്‍കിയ വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി 21നു ഒരു വിദ്യാര്‍ഥി കേരള എന്‍ട്രന്‍സിന് അപേക്ഷ നല്‍കുന്നതിനായി അക്ഷയ കേന്ദ്രത്തില്‍ എത്തിയിരുന്നു.
വരുമാന സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം നടന്നതായി മനസിലാക്കി ഓണ്‍ലൈനില്‍ പരിശോധിച്ചപ്പോള്‍ എജ്യുക്കേഷന്‍ പര്‍പ്പസ് ഫോര്‍ ഹിസ് സണ്‍ എന്നതില്‍ നിന്നു എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ഹിസ് സണ്‍ എന്നാക്കി മാറ്റിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത് വിശദമായി പരിശോധിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തി.
ഗവണ്‍മെന്റ് ടു സിറ്റിസണ്‍ സര്‍വിസുകള്‍ നിലവില്‍ ജനങ്ങള്‍ക്കു നല്‍കുന്നതിനു വേണ്ടി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് അക്ഷയ കേന്ദ്രങ്ങളെയാണ്.
ഈ ഉത്തരവു നിലനില്‍ക്കെയാണ് ഇത്തരം വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ വരുന്ന വ്യക്തികളുടെ ആധാര്‍ നമ്പറിന്റെ വിവരം വച്ച് അവരറിയാതെ മറ്റുള്ളവര്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. അതുകൊണ്ട് ഇത്തരം അനധികൃത കേന്ദ്രങ്ങള്‍ അടച്ചു പൂട്ടി സീല്‍ ചെയ്യണമെന്നും ഐ.ടി ആക്ട് പ്രകാരം നിയമ നടപടി സ്വീകരിക്കണമെന്നും സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."