നാട്ടിലെത്തിക്കാനുള്ള പണമില്ല; രാജുവിന്റെ മൃതദേഹം കാസര്‍കോട്ട് സംസ്‌കരിച്ചു
കാസര്‍കോട്: അവസാനമായി ഭാര്യക്കും മക്കള്‍ക്കും ഒരുനോക്കു കാണാനാകാതെ രാജുവിന്റെ മൃതദേഹം മൈലുകള്‍ക്കിപ്പുറം സംസ്‌കരിച്ചു. ഉത്തര്‍പ്രദേശ് ജൂരപൂര്‍ സ്വദേശിയായ രാജു(35)വിന്റെ മൃതദേഹമാണ് നാട്ടില്‍ കൊണ്ടുപോകാന്‍ പണമില്ലാതെ കാസര്‍കോട്ടെ നുള്ളിപ്പാടിയിലെ പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കേണ്ടി വന്നത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണു പന്നിപ്പാറയിലെ ക്വാട്ടേഴ്‌സ് കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍ രാജുവിന്റെ മൃതദേഹം കണ്ടെത്തുന്നത്. വാടക ക്വാര്‍ട്ടേഴ്‌സിനകത്തെ അസഹ്യമായ ചൂടുകാരണം രാജു മൂന്നാമത്തെ നിലയിലെ ടെറസിനുമുകളിലാണു കിടന്നിരുന്നത്. ഉറക്കത്തിനിടെ അബദ്ധത്തില്‍ താഴെ വീണിരിക്കാമെന്നാണു കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്.
മൃതദേഹം നാട്ടിലെത്തിക്കണമെങ്കില്‍ ചുരുങ്ങിയത് ഒന്നരലക്ഷം രൂപയെങ്കിലും ആംബുലന്‍സ് വാടകയായി വേണ്ടി വരും. ഇതിനായി പലരേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
മൂന്നുവര്‍ഷം മുമ്പാണു രാജു തൊഴില്‍ തേടി ഉത്തരപ്രദേശില്‍ നിന്നു കൂട്ടുകാര്‍ക്കൊപ്പം കാസര്‍കോട്ടെത്തുന്നത്. പെയിന്റിങ് തൊഴിലാളിയായ രാജു തൊഴിലില്‍ നിന്നു കിട്ടുന്ന വരുമാനം മാസം തോറും ഭാര്യയ്ക്ക് അയച്ചുകൊടുക്കുമായിരുന്നു.
ഒരു സഹോദരന്‍ അപകടത്തിലും മറ്റൊരു സഹോദരന്‍ അസുഖം ബാധിച്ചും മരിച്ചിരുന്നു. അവരുടെ മക്കളെ പഠിപ്പിക്കുന്നതും രാജുവായിരുന്നു.
പരേതനായ രാമദാറിന്റെയും ധനശ്വരിയുടെയും മകനാണ്. ഭാര്യ: മമത. മക്കള്‍: അഭിഷേക്, മനീഷ, ആതിഥ്യ. സഹോദരങ്ങള്‍: മന്‍രാജ്, പാരസ്, പരേതരായ ധനരാജ്, നിബുലാല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."