സഊദിയിലെ അൽ ഉല പാരച്യൂട്ട് ബലൂൺ പ്രദർശനം ഗിന്നസിലേക്ക്
റിയാദ്: സഊദിയിലെ അൽ ഉലയിൽ നടന്ന പാരച്യൂട്ട് ബലൂൺ പ്രദർശനം ഗിന്നസ് റെക്കോർഡിലേക്ക്. ഗിന്നസ് ബുക്ക് അധികൃതരുടെ സാന്നിധ്യത്തിൽ അൽ ഉലയിൽ നടത്തിയ പാരച്യൂട്ട് ബലൂൺ പ്രദർശനമാണ് ലോക റെക്കോർഡ് സ്വന്തമാക്കിയത്. അല്‍ ഉലാ പ്രദേശത്തെ മൂന്ന് കിലോമീറ്ററിലധികം വരുന്ന ആകാശങ്ങളെ വര്‍ണ്ണാഭമാക്കി 100 ഭീമാകാരമായ പാരച്യൂട്ട് ബലൂണുകള്‍ പ്രദര്‍ശിപ്പിച്ചാണ് ലോകത്തെ ഏറ്റവും നീളമുള്ള ബലൂണ്‍ പ്രദര്‍ശനം ലോക റെക്കാര്‍ഡില്‍ ഇടം നേടിയിരിക്കുന്നത്.
മദീന പ്രവിശ്യയിൽ പെട്ട അൽ ഉല നഗരിയിൽ നടന്ന വർണാഭമായ പരിപാടി ഇത്തരത്തിലുള്ള പ്രദർശനത്തിലെ നിലവിലെ സര്‍വ്വ റെക്കോര്‍ഡുകളും തിരുത്തിയാണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുന്നത്. ഗിന്നസ് ബുക്ക് ടീമിന്റെ സാന്നിധ്യത്തില്‍ നടത്തിയ പ്രദര്‍ശനം നിലവിലെ റിക്കാര്‍ഡുകള്‍ തിരുത്തിയതായി ഗിന്നസ് ബുക്ക് അധികൃതര്‍ അറിയിച്ചു.
'തന്തൂറ ഫെസ്‌റ്റിവൽ'' പരിപാടിയുടെ ഭാഗമായി നടന്ന പാരച്യൂട്ട് ബലൂൺ പ്രദർശനത്തിൽ ലോകമെമ്പാടുമുള്ള 19 രാഷ്ട്രങ്ങളില്‍ നിന്നുള്ള പാരച്യൂട്ട് പൈലറ്റുമാരാണ് പങ്കെടുത്തത്. സംഗീതത്തോടൊപ്പം നൃത്തം ചെയ്യുന്ന ലൈറ്റുകളുടെ അകമ്പടിയോടെ ആകാശ വീഥിയിലുടെ ഭീമാകരമായ ബലൂണുകൾ പറന്നത് ഏറെ കൗതുകകരവും നയന മനോഹരവുമായിരുന്നു. പാരച്യൂട്ടുബലൂണുകളുടെ ആകാരം കൃത്യമായി അലങ്കാര ലൈറ്റ് കൊണ്ട് പൊതിയുന്ന രീതിയിലാണ് ലൈറ്റുകള്‍ സംവിധാനിച്ചത്. അല്‍ ഉലാ പ്രദേശത്തിന്റെ ആകാശത്തെ വര്‍ണ്ണാഭമാക്കിയ വര്‍ണ്ണാഭമാക്കിയ പാരച്യൂട്ട് ബലൂണ്‍ പ്രദര്‍ശനത്തിന് ഗിന്നസ് ബുക്കില്‍ ഇടം നേടാനായതില്‍ അല്‍ ഉലാ റോയല്‍ കമ്മീഷന്‍ സി.ഇ.ഒ അംറ് അല്‍ മദനി സന്തോഷം രേഖപ്പെടുത്തി.
ടൂറിസം രംഗത്ത് പുതിയ അദ്ധ്യായം തുറക്കുന്ന അൽ ഉലയിൽ നടക്കുന്ന ഫെസ്റ്റിവെലിൽ പങ്കെടുക്കുന്നവർക്ക് അൽ-ഉലയുടെ മനോഹരമായ ഭൂപ്രകൃതിയിലൂടെയും 7,000 വർഷത്തെ പുരാവസ്തു അവശിഷ്‌ടങ്ങൾ, യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റായ ഹെഗ്ര ഉൾപ്പെടെ, 2,000 വർഷം പഴക്കമുള്ള നബാറ്റിയൻ സംസ്‌കാരങ്ങൾ ഉറങ്ങിക്കിടക്കുന്ന മേഖലകൾ, അവിശ്വസനീയമാം വിധം നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ള പാറക്കലുകളിൽ കൊത്തിയെടുത്ത പ്രാചീന കുടീരങ്ങൾ ഉൾപ്പെടെയുള്ളവ കാണുന്നതിനുള്ള അവസരം ലഭ്യമാക്കുന്നുണ്ട്. മാർച്ച് ഏഴു വരെ നീളുന്ന തന്തൂറ ഫെസ്‌റ്റിവെലിൽ ലോകത്തെ ഏറ്റവും മികച്ച പരിപാടികളാണ് അരങ്ങേറുന്നത്. സംഗീത കച്ചേരികൾ, കുതിര സവാരി മത്സരം, ഉൾപ്പെടെയുള്ള മികച്ച വിനോദ, സാംസ്‌കാരിക, കല, കായിക മത്സരങ്ങളും പരിപാടികളും ഇവിടെ അരങ്ങേറുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."