ഫാത്വിമ ആത്മഹത്യ ചെയ്തത് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനാലെന്ന് മദ്രാസ് ഐ.ഐ.ടി റിപ്പോര്‍ട്ട്, അധ്യാപകര്‍ക്ക് ക്ലീന്‍ ചിറ്റ്
ചെന്നൈ: മലയാളി വിദ്യാര്‍ഥി ഫാത്വിമ ലത്വീഫിന്റെ മരണത്തില്‍ അധ്യാപകര്‍ക്കു ക്ലീന്‍ചിറ്റ് നല്‍കി മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട്. ഫാത്വിമ മതവിശ്വാസത്തിന്റെ പേരില്‍ വിവേചനം നേരിട്ടിരുന്നെന്ന ആരോപണത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ ഒരിടത്തും പരാമര്‍ശമില്ല. ഐ.ഐ.ടിയിലെ ആഭ്യന്തര അന്വേഷണ കമ്മിറ്റിയാണ് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്.
നന്നായി പഠിക്കുന്ന ഫാത്വിമയ്ക്ക് ഒരു വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞിരുന്നുവെന്നും ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസിന്റെ ഭാഗമായി തമിഴ്‌നാട് പൊലിസും സി.ബി.ഐയും അധ്യാപകരെ ചോദ്യം ചെയ്തതെന്നും അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഡിസംബര്‍ 27നാണ് സി.ബി.ഐ കേസ് ഏറ്റെടുത്തിരുന്നത്. മരണം സംബന്ധിച്ച അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്ന് നേരത്തെ കുടുംബം അറിയിച്ചിരുന്നു. കേസ് വിദഗ്ധ സമിതി അന്വേഷിക്കണമെന്നും ഐ.ഐ.ടിയില്‍ നടന്ന മരണങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നും മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ നവംബര്‍ എട്ടിനാണ് ഫാത്വിമയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നത്. ആത്മഹത്യയ്ക്കു കാരണം അധ്യാപകരാണെന്നു വ്യക്തമാക്കുന്ന കുറിപ്പും കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."