പ്രതിഷേധങ്ങള്‍ക്കിടെ പിണറായി മംഗളൂരുവിലെത്തി
മംഗളൂരു: ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കാനായി മംഗളൂരുവിലെത്തി. ഇന്ന് രാവിലെ മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ പി കരുണാകരന്‍ എം.പിയും കെ.പി സതീഷ് ചന്ദ്രനും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. കനത്ത സുരക്ഷയാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളില്‍ ഏര്‍പെടുത്തിയിരിക്കുന്നത്.
വാര്‍ത്താ ഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫിസ് കെട്ടിടനിര്‍മാണോദ്ഘാടനവും സി.പി.എം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലിയും പിണറായി ഉദ്ഘാടനം ചെയ്യും. മലബാര്‍ എക്‌സ്പ്രസിലായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. റെയില്‍വെ എസ്പിയുടെ നേതൃത്വത്തില്‍ കനത്തസുരക്ഷയാണ് മുഖ്യമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി പ്രസംഗിക്കാന്‍ പോകുന്ന നെഹ്‌റു മൈതാനിയിലെ വേദിയിലേക്ക് കര്‍ശന പരിശോധനയിലൂടെ മാത്രമേ ആളുകളെ കടത്തിവിടൂവെന്ന് പൊലിസ് അറിയിച്ചു. കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് സുരക്ഷ നിരീക്ഷിക്കുന്നുണ്ട്. ബന്ദിനെ തുടര്‍ന്ന് ജില്ലയില്‍ വവിധയുടങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. പത്തു കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമമുണ്ടായി. വിട്ടലില്‍ ടാങ്കര്‍ ലോറിക്ക് തീയിട്ടു. ബണ്ട് വാളില്‍ നിരവധി വാഹനങ്ങള്‍ക്ക്് നേരെയും പ്രധിഷേധക്കാരുടെ അക്രമമുണ്ടായി.
അതിനിടെ, മുഖ്യമന്ത്രിയെ തടയില്ലെന്ന് സംഘ്പരിവാര്‍ അറയിച്ചു. തടയാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം കനത്തതിനെ തുടര്‍ന്നാണിത്. മുഖ്യമന്ത്രിയെ തടയില്ലെന്ന് ബി.ജെ.പി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. പ്രതിഷേധം അറിയിക്കാനാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതിലൂടെ പ്രവര്‍ത്തകരുടെ വികാരം പിണറായി മനസിലാക്കട്ടെ. കേരളത്തില്‍ സമാധാനം ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘപരിവാര്‍ ഭീഷണിയുടെ പശ്ചാതലത്തില്‍ മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച രാവിലെ ആറു മുതല്‍ ഞായര്‍ വൈകീട്ട് ആറു വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയെ നിരോധനാജ്ഞയുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേരള മുഖ്യമന്ത്രിക്ക് ആവശ്യമായ എല്ലാ സുരക്ഷയും ഒരുക്കുമെന്ന് സിറ്റി പൊലിസ് കമ്മീഷണര്‍ എം. ചന്ദ്രശേഖര്‍ പറഞ്ഞു.
കേരളത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് കേരളത്തില്‍ നിന്നുള്ള സി.പി.എം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനെ മംഗളൂരുവില്‍ തടയാനായി സംഘ്പരിവാര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ബി.ജെ.പിയും ഹര്‍ത്താലിനെ പിന്തുണച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."