ജയം, കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍
നദൗന്‍ (ഹിമാചല്‍ പ്രദേശ്): രഞ്ജി ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ ഹിമാചല്‍ പ്രദേശിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. എലൈറ്റ് ഗ്രൂപ്പ് ബിയിലെ അവസാന കളിയില്‍ ഹിമാചല്‍ പ്രദേശിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത കേരളം തുടര്‍ച്ചയായ രണ്ടാം സീസണിലാണ് രഞ്ജി ട്രോഫി ക്വാര്‍ട്ടറിലെത്തുന്നത്.
297 റണ്‍സിന്റെ വിജയലക്ഷ്യം തേടി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ കേരളം അവസാന ദിനം അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 299 റണ്‍സെടുത്ത് ലക്ഷ്യത്തിലെത്തുകയായിരുന്നു. വിനൂപ് മനോഹരന്‍ (96), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (92), സഞ്ജു സാംസണ്‍ (61*) എന്നിവരുടെ ഇന്നിങ്‌സുകളാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്. രാഹുല്‍ പി (14), സിജോമോന്‍ ജോസഫ് (23) എന്നിവരും റണ്‍സെടുത്തു. ഒരുഘട്ടത്തില്‍ 105 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട കേരളത്തെ വിനൂപും സച്ചിന്‍ ബേബിയും കൂടെ കരകയറ്റുകയായിരുന്നു. സെഞ്ചുറി തികച്ച ഈ കൂട്ടുകെട്ട് 206 റണ്‍സിലാണ് അവസാനിച്ചത്. 143 പന്തുകള്‍ നേരിട്ട് 96 റണ്‍സെടുത്ത വിനൂപിനെ ഗുര്‍വീന്ദര്‍ സിങ്ങിന്റെ പന്തില്‍ അങ്കുഷ് ബൈന്‍സ് സ്റ്റംപ് ചെയ്ത് പുറത്താക്കി. തൊട്ടുപിന്നാലെ സംപൂജ്യനായി മുഹമ്മദ് അസ്ഹറുദ്ദീന്‍ കൂടി മടങ്ങിയതോടെ കേരളം വീണ്ടും ഒരു തകര്‍ച്ച മുന്‍പില്‍ കണ്ടെങ്കിലും പിന്നീട് ഒത്തുചേര്‍ന്ന സച്ചിന്‍ ബേബി- സഞ്ജു സാംസണ്‍ സഖ്യം കേരളത്തെ വിജയതീരത്തെത്തിക്കുകയായിരുന്നു. സച്ചിന്‍ ബേബി 134 പന്തുകള്‍ നേരിട്ട് എട്ടു ഫോറുകളും ഒരു സിക്‌സും സഹിതമാണ് 92 റണ്‍സ് നേടിയത്. സഞ്ജു 53 പന്തുകളില്‍നിന്ന് അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 61 റണ്‍സും നേടി. ഹിമാചലിന് വേണ്ടി ജി.കെ സിങ് രണ്ട് വിക്കറ്റും അര്‍പിത് എന്‍ ഗുലേരിയ, ദാഗര്‍, പ്രശാന്ത് ചോപ്ര എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.
ടോസ് നേടിയ ശേഷം കേരളം ഹിമാചലിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ ഹിമാചലിനെ 297 റണ്‍സിന് കേരളം പുറത്താക്കി. മറുപടി ബാറ്റിങില്‍ ഒരു ഘട്ടത്തില്‍ ലീഡ് നേടുമെന്ന് കരുതിയ കേരളം കൂട്ടത്തകര്‍ച്ച നേരിട്ട് 11 റണ്‍സിന്റെ നേരിയ ലീഡ് വഴങ്ങുകയായിരുന്നു. 286 റണ്‍സില്‍ കേരളം പുറത്തായി. തുടര്‍ന്നു രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഹിമാചല്‍ എട്ടു വിക്കറ്റിന് 285 റണ്‍സെടുത്ത് രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 85 റണ്‍സെടുത്ത ഋഷി ധവാനാണ് ഹിമാചലിന്റെ ടോപ്‌സ്‌കോറര്‍. കേരളത്തിനായി സിജോമോന്‍ ജോസഫ് നാലു വിക്കറ്റെടുത്തു. എലൈറ്റ് ഗ്രൂപ്പ് ബിയില്‍ കേരളത്തിന് എട്ടു മത്സരങ്ങളാണുണ്ടായിരുന്നത്. ഇവയില്‍ നാലെണ്ണത്തിലും ജയിക്കാന്‍ കേരളത്തിനു സാധിച്ചു. ആന്ധ്രാപ്രദേശിനെയും ബംഗാളിനെയും ഒന്‍പതു വിക്കറ്റിന് തകര്‍ത്തുവിട്ട കേരളം ഡല്‍ഹിയെ ഇന്നിങ്‌സിനും 27 റണ്‍സിനും തുരത്തിയിരുന്നു. മധ്യപ്രദേശ്, തമിഴ്‌നാട്, പഞ്ചാബ് എന്നിവരോടാണ് കേരളം പരാജയപ്പെട്ടത്. ഹൈദരാബാദുമായി സമനിലയും ടീം വഴങ്ങിയിരുന്നു. എലൈറ്റ് ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായാണ് കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."