HOME
DETAILS

ഇമാം മാലിക്(റ): മദീനയെ മാറോടണച്ച പണ്ഡിതപ്രതിഭ

  
backup
June 12 2016 | 08:06 AM

imam-malik-madeena
''അമീറുല്‍ മുഅ്മിനീന്‍, അല്ലാഹു അങ്ങയുടെ യശസ്സ് ഉയര്‍ത്തട്ടെ. ഈ വിജ്ഞാനം നിങ്ങളില്‍നിന്നും പുറത്ത് പോയതാണ്. നിങ്ങള്‍ അതിനെ മഹത്വവല്‍കരിച്ചാല്‍ അത് മഹത്വം നേടും. നിങ്ങള്‍ അതിനെ തരംതാഴ്ത്തിയാല്‍ അത് നിന്ദ്യമാവുകയും ചെയ്യും. വിജ്ഞാനം സമീപിക്കപ്പെടുന്നതാണ്. സമീപിക്കുന്നതല്ല.'' ബഗ്ദാദില്‍വന്ന് തന്റെ മക്കള്‍ക്ക് വിജ്ഞാനം പകര്‍ന്ന് നല്‍കാന്‍ ആവശ്യപ്പെട്ട ഖലീഫ ഹാറൂണ്‍ റഷീദിന് ഇമാം മാലിക് നല്‍കിയ മറുപടിയാണിത്. സംഭാഷണത്തിലെ നയചാതുര്യം എത്ര ആകര്‍ഷകമാണെന്ന് നോക്കൂ. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ആരെയും പ്രകോപിപ്പിക്കാതെ കാര്യം നേടുന്ന ഈയൊരു സിദ്ധി ഇമാം മാലിക്കിന്റെ ഉല്‍കൃഷ്ട സ്വഭാവമായിരുന്നു. വിശുദ്ധ മദീനയുടെ ഉത്തരദിശയില്‍ മുന്നൂറു കിലോമീറ്റര്‍ അകലെയുള്ള 'ദുല്‍മര്‍വ' പ്രദേശത്ത് ഹിജ്‌റ 93 ല്‍ ഇമാം മാലിക് ജനിച്ചു. നബിതിരുമേനിയുടെ തബൂക്ക് യാത്രയില്‍ ഈ പ്രദേശത്തുവച്ച് നിസ്‌കാരം നിര്‍വഹിച്ചിരുന്നുവെന്നും പില്‍ക്കാലത്ത് അവിടെ ഒരു പള്ളി നിര്‍മിക്കപ്പെട്ടുവെന്നും ചരിത്രം. ഹിജ്‌റ 179 ല്‍ മദീനയില്‍ അന്തരിച്ച ഇമാമിന്റെ അന്ത്യവിശ്രമം ജന്നത്തുല്‍ ബഖീഇല്‍ തന്നെയാണ്. ഇമാം ദാറുല്‍ ഹിജ്‌റ (മദീനയുടെ നായകന്‍) എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ചരിത്രപുരുഷന്‍ മദീനയെയും അവിടത്തെ ഉല്‍കൃഷ്ട സമൂഹത്തെയും അത്യധികം ആദരിക്കാറുണ്ടായിരുന്നു. പ്രവാചകന്‍ അന്ത്യവിശ്രമം കൊള്ളുന്ന ഈ ഭൂമിയില്‍ വാഹനത്തില്‍ സഞ്ചരിക്കാനോ പാദരക്ഷ ധരിക്കാനോ ഇദ്ദേഹത്തിന് കഴിയുമായിരുന്നില്ല. മാത്രമല്ല, ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് എന്നിവ പോലുള്ള മദീനക്കാരുടെ കര്‍മങ്ങളെയും ശീലങ്ങളെയും നിയമനിര്‍മാണത്തിന്റെ അടിസ്ഥാന ശിലയായിട്ടാണ് ഇമാം കണ്ടിരുന്നത്. വിജ്ഞാനത്തോടും മതചിഹ്നങ്ങളോടും അങ്ങേയറ്റത്തെ വിനയം കാണിച്ചിരുന്ന ഇമാം പ്രവാചക വചനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ താടിയും മുടിയും ചീകുകയും സുഗന്ധം പൂശുകയും പതിവായിരുന്നു. ഏത് പ്രതിസന്ധിയിലും ഹദീസിനെ അനാദരിക്കാന്‍ ഒരുക്കമായിരുന്നില്ല. ഒരു ദിവസം ഹദീസ് പഠിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പുറത്ത് കയറിയ തേള്‍ പല പ്രാവശ്യം കുത്തിയെങ്കിലും വിവര്‍ണ മുഖത്തോടെ എല്ലാം സഹിച്ച് തന്റെ പഠനത്തില്‍ മുഴുകിയത്രെ. കഷ്ടപ്പാടിന്റെ തീച്ചൂളയിലായിരുന്നു ഇമാമിന്റെ ബാല്യകാലം. ഏതോ കാര്യത്തിന് പിതാവ് കോപിച്ചപ്പോള്‍ തന്റെ മാതാവ് കുട്ടിയെ പഠിക്കാനായി മദീനയിലേക്കയക്കുകയായിരുന്നു. അന്ന് മസ്ജിദുന്നബവിയിലെ ഗുരുവര്യരായിരുന്ന റബീഅ്(റ)വിന്റെ അടുത്തേക്ക് മകനെ പുതുവസ്ത്രങ്ങളണിയിച്ച് സുഗന്ധം പൂശി യാത്രയാക്കുമ്പോള്‍ ഉമ്മ നല്‍കിയ ഉപദേശം ചരിത്രത്തിലിന്നും ഉദ്ധരിക്കപ്പെടുന്ന ഒരു വാക്യമാണ്. 'തഅല്ലം മിന്‍ അദബിഹി ഖബ്‌ല ഇല്‍മിഹി' (ഗുരുവിന്റെ വിജ്ഞാനത്തിന് മുമ്പേ അദ്ദേഹത്തിന്റെ ചിട്ടകള്‍ പഠിക്കുക) ലോകത്തിന്റെ അഷ്ടദിക്കുകളില്‍നിന്നും വിജ്ഞാനം നുകരാന്‍ ജനം ഇമാം മാലികിന്റെ അടുത്തേക്ക് പ്രവഹിച്ചിരുന്നപ്പോഴും തനിക്കറിയാത്ത കാര്യങ്ങള്‍ അറിയില്ലെന്ന് തുറന്നുപറയാന്‍ ഒരു സങ്കോചവും ഇമാമിനുണ്ടായിരുന്നില്ല. ഇദ്ദേഹം ലോകത്തിന് സംഭാവന ചെയ്ത അമൂല്യനിധിയാണ് അദ്ദേഹത്തിന്റെ 'മുവത്വ' എന്ന കൃതി. പ്രവാചകരുടെയും അനുചരരുടെയും വാക്കുകളും അഭിപ്രായങ്ങളും മാത്രമല്ല, തന്റെ നിഗമനങ്ങളും ഒത്തുചേര്‍ന്നൊരു ഗ്രന്ഥമാണിത്. ചരിത്രത്തിലിത്തരം ഒരു ഗ്രന്ഥം മുമ്പ് രചിക്കപ്പെട്ടിട്ടുമില്ല. എന്നാല്‍ മുസ്‌ലിം ലോകം അപ്പാടെ ഈ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി ആചരിക്കാന്‍ നിര്‍ബന്ധിക്കണമെന്ന സുല്‍ത്താന്‍ മന്‍സൂറിന്റെ അഭിപ്രായം ഇമാം നിരാകരിക്കുകയാണ് ചെയ്തത്. പ്രവാചക ശിഷ്യന്മാര്‍ ലോകം മുഴുവന്‍ വ്യാപിച്ചതിനാല്‍ അവരുടെയെല്ലാം വിജ്ഞാനം അമൂല്യമാണെന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞത്. ഖലീഫ മന്‍സൂറിന്റെ നിര്‍ദേശാനുസരണം രചനയാരംഭിച്ച ഈ ഗ്രന്ഥം നീണ്ട പതിനൊന്ന് വര്‍ഷങ്ങള്‍ കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. തന്റെ ശിഷ്യന്മാര്‍ക്ക് മുമ്പില്‍ ഹദീസുദ്ധരിക്കുമ്പോള്‍ വിശുദ്ധ റൗളയിലേക്ക് വിരല്‍ചൂണ്ടി ഈ ഖബ്‌റിന്റെ ഉടമ ഇങ്ങനെയാണ് പറഞ്ഞത് എന്ന അത്യന്തം വികാരോജ്ജ്വലമായ പദമാണ് അദ്ദേഹം ഉന്നയിച്ചിരുന്നത്. സഊദികള്‍ മദീനയുടെ ഇമാം എന്ന് ആവേശപൂര്‍വം പറയുമ്പോഴും ജന്നത്തുല്‍ ബഖീഇല്‍ അദ്ദേഹത്തിന്റെ ഖബ്ര്‍ വിസ്മൃതിയിലാണ്ട് കിടക്കുകയാണ്. മൂന്നാം ഖലീഫ ഉസ്മാന്റെ ഖബ്ര്‍ തമസ്‌കരിച്ചവര്‍ മറ്റുള്ളവരെ വെറുതെ വിടുകയില്ലല്ലോ.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago