കോംഗോ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: പ്രതിപക്ഷ സ്ഥാനാര്‍ഥി ഫെലിക്‌സ് ഷിസിക്കേടിക്ക് വിജയം
കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ യൂനിയന്‍ ഫോര്‍ ഡെമോക്രസി ആന്‍ഡ് സോഷ്യല്‍ പ്രോഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥി ഫെലിക്‌സ് ഷിസിക്കേടിക്ക് വിജയം. ഡിസംബര്‍ 30നു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്നലെ പ്രഖ്യാപിച്ചത്. 18 മില്യന്‍ പേരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. ഇവരില്‍ 38.57 ശതമാനം വോട്ടുകളാണ് ഫെലിക്‌സ് ഷിസിക്കേടിക്ക് ലഭിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തലവന്‍ കോര്‍ണിയില്ല നാംങ്കാ പറഞ്ഞു.
ആകെ ഏഴു മില്യന്‍ വോട്ടുകളാണ് ഷിസിക്കേടിക്ക് ലഭിച്ചത്. 6.4 മില്യന്‍ വോട്ടുകള്‍ നേടി മാര്‍ട്ടിന്‍ ഫെയ്‌ലുവാണ് രണ്ടാം സ്ഥാനത്ത്. 2001 മുതല്‍ പ്രസിഡന്റ് സ്ഥാനത്തുള്ള ജോസഫ് കാബിലയുടെ വലം കൈയും മുന്‍ ആഭ്യന്തര മന്ത്രിയുമായ ഇമ്മാനുവല്‍ രാമസാനി ഷാദിരി 4.4 മില്യന്‍ വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി.
താന്‍ മുഴുവന്‍ കോംഗോ നിവാസികളുടെയും പ്രസിഡന്റാണെന്നും പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള വിജയം സങ്കല്‍പ്പിക്കാനാവില്ലെന്നും ഫലപ്രഖ്യാപനത്തിന് ശേഷം ഷിസിക്കേടി പറഞ്ഞു.
പ്രസിഡന്റ് കാലിബല്ലക്ക് എല്ലാവിധ നന്ദിയും അറിയിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ മാറ്റത്തിന് അദ്ദേഹം പങ്കാളികളായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നെന്ന് കാബിലയുടെ മുതിര്‍ന്ന ഉപദേശകന്‍ ബാര്‍നബെ കിയാ ബപിന്‍ കുറുബി പറഞ്ഞു. തങ്ങളുടെ സ്ഥാനാര്‍ഥിയുടെ പരാജയത്തില്‍ തീര്‍ച്ചയായും സന്തോഷമില്ല. ജനാധിപത്യം വിജയിച്ചിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.
1960ല്‍ ബെല്‍ജിയത്തില്‍നിന്ന് കോംഗോ സ്വാതന്ത്ര്യമായതിനു ശേഷം പ്രതിപക്ഷ സ്ഥാനാര്‍ഥി ആദ്യമായാണ് വിജയിക്കുന്നത്.
18 വര്‍ഷമായി അധികാരത്തിലുള്ള കാബിലയുടെ ഭരണ കാലയളവ് 2016ല്‍ അവസാനിച്ചെങ്കില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനായി രണ്ടു വര്‍ഷം കൂടി അദ്ദേഹം അധികാരത്തില്‍ തുടരുകയായിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും അട്ടിമറി നടന്നെന്നും മാര്‍ട്ടിന്‍ ഫെയ്‌ലു ആരോപിച്ചു. തെരഞ്ഞെടുപ്പു നിരീക്ഷക സംഘം ശേഖരിച്ച വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഫലങ്ങളും തമ്മില്‍ യാതൊരു യോജിപ്പുമില്ലെന്ന് കത്തോലിക്ക് ചര്‍ച്ച പറഞ്ഞു.
ബെല്‍ജിയവും ഫ്രാന്‍സും ഷിസിക്കേടിയുടെ വിജയത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഫലത്തില്‍ സംശയമുണ്ടെന്ന് ബെല്‍ജിയം വിദേശകാര്യ മന്ത്രി ദിഡിയര്‍ റെയ്‌ണ്ടേഴ്‌സ് പറഞ്ഞു. ഫലങ്ങള്‍ പരിശോധന നടത്തേണ്ടതുണ്ട്. വരും യു.എന്‍ രക്ഷാകൗണ്‍സിലില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഫലപ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് ആക്രമണങ്ങളുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷ ശക്തമാക്കി. വോട്ടെടുപ്പിനിടെ നിരവധി പ്രദേശങ്ങളില്‍ ക്രിതൃമ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഫലപ്രഖ്യാപനത്തിനെതിരേ സ്ഥാനാര്‍ഥികള്‍ക്ക് കോംഗോ ഭരണഘടനാ കോടതിയെ സമീപക്കാം. ജനുവരി 18ന് ഷിസിക്കേടിയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞടുപ്പ് ഫലപ്രഖ്യാപനം വൈകുന്നതിനെതിരേ കോംഗോ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസിന് സമീപമുണ്ടായ പ്രതിഷേധം ആക്രമണത്തിലേക്ക് വഴിമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."