മോദിയെ ലക്ഷ്യംവച്ച് പ്രചാരണവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: റാഫേല്‍ ഉള്‍പ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപണവിധേയനായ വിഷയങ്ങള്‍ ഉയര്‍ത്തി പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് തീരുമാനം. രാഹുല്‍ഗാന്ധിയുടെ അധ്യക്ഷതയില്‍ എ.ഐ.സി.സി ആസ്ഥാനത്തെ വാര്‍ റൂമില്‍ ചേര്‍ന്ന പി.സി.സി അധ്യക്ഷന്‍മാരുടെ യോഗത്തിലാണ് തീരുമാനം. പൊതുതെരഞ്ഞെടുപ്പിന് മുന്‍കൂട്ടി ഒരുങ്ങാനും യോഗത്തില്‍ ധാരണയായി. തര്‍ക്കങ്ങളില്ലാതെ കഴിവതും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ നേതാക്കള്‍ക്ക് രാഹുല്‍ നിര്‍ദേശം നല്‍കി. മുതിര്‍ന്ന പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി നേതൃത്വം നല്‍കുന്ന തെരഞ്ഞെടുപ്പ് പ്രചാരണസമിതിയുടെയും യോഗം ഇന്നലെ നടന്നു.
യോഗത്തില്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും പങ്കെടുത്തു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവുകളും നീണ്ടുപോകലുമാണ് പല സീറ്റുകളും നഷ്ടമാവാന്‍ കാരണമെന്ന് യോഗം വിലയിരുത്തി. ഇത്തരം തര്‍ക്കങ്ങള്‍ സംസ്ഥാന നേതൃത്വ തലങ്ങളില്‍ തന്നെ പരിഹരിക്കാന്‍ യോഗത്തില്‍ ധാരണയായി. സംസ്ഥാന ഘടകങ്ങളുടെ നേതൃത്വത്തില്‍ പ്രചാരണ സമിതിയും ഏകോപന സമിതിയും എത്രയും വേഗം രൂപീകരിക്കണം. സംസ്ഥാനതലം മുതല്‍ മണ്ഡലം തലം വരെ ഇത്തരം സമിതികള്‍ രൂപീകരിക്കാനും യോഗത്തില്‍ ധാരണയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."