HOME
DETAILS

 സി.എ.എ കാലത്ത് അസ്ഗര്‍ വജാഹത്തിനെ വായിക്കുമ്പോള്‍

  
backup
January 26 2020 | 00:01 AM

%e0%b4%b8%e0%b4%bf-%e0%b4%8e-%e0%b4%8e-%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%b8%e0%b5%8d%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%9c%e0%b4%be
 
 
 
 
ഗരു: ശിഷ്യാ മുസ്‌ലിംകളെ വെറുക്കുക.
ശിഷ്യന്‍: എന്തിന് ഗുരുദേവാ?
ഗുരു: കാരണം അവര്‍ വൃത്തികെട്ടവരും വിദ്യാഭ്യാസമില്ലാത്തവരും ഉപദ്രവകാരികളുമാണ്.
ശിഷ്യന്‍: മനസിലായി ഗുരുദേവാ, അങ്ങയുടെ ഉദ്ദേശ്യം വൃത്തികെട്ട വിദ്യാഭ്യാസമില്ലാത്ത ഉപദ്രവകാരികളെ വെറുക്കണമെന്നാണ്.
ഗുരു: അല്ല... അല്ല... വാസ്തവത്തില്‍ മുസ്‌ലിംകള്‍ തീവ്ര മതവിശ്വാസികളാണ്. അതുകൊണ്ട് അവരെ വെറുക്കണം.
ശിഷ്യന്‍: ഞാന്‍ തീവ്ര മതവിശ്വാസികളെ വെറുക്കുന്നു ഗുരോ.
ഗുരു: അല്ല... അല്ല... നിനക്ക് മനസിലായില്ല. മുസല്‍മാന്‍മാര്‍ നമ്മെ ഭരിച്ചു. അതുകൊണ്ട് അവരെ വെറുക്കണം.
ശിഷ്യന്‍: അപ്പോള്‍ കൃസ്ത്യാനികളെയും വെറുക്കണം.
ഗുരു: അല്ല... ശിഷ്യാ അല്ല... മുസല്‍മാന്‍മാരെ വെറുക്കാനുള്ള മുഖ്യകാരണം അവര്‍ നാടിനെ വിഭജിച്ചു എന്നതാണ്.
ശിഷ്യന്‍: അപ്പോള്‍ നാടിനെ വിഭജിച്ചവരെ വെറുക്കണം?
ഗുരു: അതെ, തികച്ചും... രാജ്യത്തെ വിഭജിച്ചവരെ വെറുക്കണം.
ശിഷ്യന്‍: നാട്ടുകാരെ വിഭജിക്കുന്നവരെ എന്തുചെയ്യണം?
 
-ഗുരുശിഷ്യസംവാദം, അസ്ഗര്‍ വജാഹത്ത്
 
രണ്ടുദിവസം മുന്‍പ് യാദൃച്ഛികമായി കണ്ണിലുടക്കുകയും അവിസ്മരണയീമായ വായനാനുഭവം നല്‍കുകയും ചെയ്ത ഹിന്ദി എഴുത്തുകാരന്‍ അസ്ഗര്‍ വജാഹത്തിന്റെ 'ഞാന്‍ ഹിന്ദുവാണ്' എന്ന കഥാസമാഹാരത്തിലെ 'ഗുരുശിഷ്യസംവാദം' എന്ന കഥയിലെ ഒരു ഭാഗമാണിത്. സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ക്കെതിരെ തുറന്നുപിടിച്ച കഥകളാണ് വജാഹത്തിന്റേത്. ചെറുകഥകള്‍ വായിക്കുമ്പോള്‍ എനിക്ക് പൊതുവെ ലഭിച്ചിരുന്ന ചെറുകഥകളോടുള്ള താല്‍പര്യം തന്നെ വലിയൊരളവോളം ചോര്‍ത്തിക്കളഞ്ഞ നിസംഗമായ ആത്മശൂന്യതയെ തീക്ഷ്ണമായ അനുഭവയാഥാര്‍ഥ്യങ്ങള്‍ പകരം നല്‍കി വജാഹത്ത് മറികടക്കുന്നു. കഥനം എത്രവലിയ സാമൂഹിക വിമര്‍ശനോപാദിയാണെന്ന് ഓരോ കഥകളും ഓര്‍മിപ്പിക്കുന്നു. ദയാരഹിതമായ കടന്നാക്രമണമാണ് കഥകളില്‍. കപടമതേതരത്വവും കപടമതത്വവും ഒരു പോലെ ചൂളിപ്പോവുന്ന ആഖ്യാനങ്ങള്‍. സി.എ.എ കാലത്ത് വായിക്കുന്നത് കൊണ്ടാവും, ഇതിലെ കഥകളോരോന്നും ത്രസിപ്പിക്കുന്ന വായനാനുഭവമാണ് നല്‍കിയത്.  ഇക്കാലത്ത് വായിക്കേണ്ട 'ഗുരുശിഷ്യസംവാദ'ത്തിലെ മറ്റൊരു ഭാഗമിങ്ങനെ,
 
ശിഷ്യന്‍: ഗുരുജീ. നമ്മുടെ രാജ്യത്തെ മുസല്‍മാന്‍മാര്‍ വിദേശികളാണോ?
ഗുരു: അതെ ശിഷ്യാ, അവര്‍ വിദേശികളാണ്.
ശിഷ്യന്‍: അവര്‍ എവിടെ നിന്ന് വന്നു?
ഗുരു: അവര്‍ ഇറാന്‍, ടെഹ്‌റാന്‍, അറബ് രാജ്യങ്ങളില്‍ നിന്ന്.
ശിഷ്യന്‍: പക്ഷെ, ഇപ്പോഴവര്‍ എവിടുത്തെ പൗരന്മാരാണ്?
ഗുരു: ഇന്ത്യയിലെ.
ശിഷ്യന്‍: അവര്‍ എവിടുത്തെ ഭാഷകള്‍ സംസാരിക്കുന്നു?
ഗുരു: ഇന്ത്യയിലെ ഭാഷകള്‍ സംസാരിക്കുന്നു.
ശിഷ്യന്‍: അവരുടെ ജീവിതരീതി, ചിന്താഗതി എന്നിവ ഏതു രാജ്യക്കാരുടേത് പോലെയാണ്?
ഗുരു: ഇന്ത്യക്കാരുടേത് പോലെ.
ശിഷ്യന്‍: പിന്നെങ്ങനെ അവര്‍ വിദേശികളായി ഗുരോ?
ഗുരു: കാരണം അവരുടെ മതം വിദേശിയാണ്.
ശിഷ്യന്‍: ബൗദ്ധമതം എവിടത്തേതാണ് ഗുരോ?
ഗുരു: ഇന്ത്യയിലേതാണ് ശിഷ്യാ.
ശിഷ്യന്‍: എങ്കില്‍ ചൈന, ജപ്പാന്‍, തായ്‌ലാന്റ്, ബര്‍മ എന്നിവിടങ്ങളിലെ ബൗദ്ധര്‍ ഇന്ത്യയില്‍ വരണം, അല്ലേ?
ഗുരു: ഇല്ല ശിഷ്യാ, ചൈന, ജപ്പാന്‍, തായ്‌ലാന്റ് എന്നിവിടങ്ങളിലുള്ളവര്‍ ഇവിടെ വന്നിട്ടെന്ത് ചെയ്യും?
ശിഷ്യന്‍: എങ്കില്‍ ഇവിടെയുള്ള മുസ്‌ലിംകള്‍ ഇറാന്‍, ടെഹ്‌റാന്‍, അറേബ്യ എന്നിവിടങ്ങളില്‍ പോയിട്ട് എന്തുചെയ്യും?
 
കലാപാന്തരീക്ഷവും മുസ്‌ലിം വിദ്വേഷവും നിറഞ്ഞ ഉത്തരേന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഉയിര്‍കൊണ്ട കഥകളാണ്. പുതിയ കാലത്ത് കേരളത്തിലിരുന്നും നമുക്കീ കഥകളോട് റിലേറ്റ് ചെയ്യാനാവുന്നു എന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാലാനുക്രമമായുള്ള വളര്‍ച്ചയുടെ കൂടെ സൂചികയായി മനസിലാക്കേണ്ടതുണ്ടെന്ന് തോന്നുന്നു.
ഒട്ടും സൗമ്യമല്ലാത്ത, പ്രജ്ഞകളിലേക്ക് തുളച്ചുകയറുന്ന, ക്രൂരമായ ചോദ്യങ്ങളിലൂടെയാണ് വജാഹത്തിന്റെ മിക്ക കഥകളും പുരോഗമിക്കുന്നത്. മതരാഷ്ട്രീയ നേതൃത്വങ്ങളുടെ കാപട്യങ്ങളെ അനാവൃതമാക്കുന്നു എന്ന് പറഞ്ഞാല്‍ പോരാ, വിവസ്ത്രമാക്കി മുന്നില്‍ നിര്‍ത്തുന്നുവെന്ന് പറയണം. അത്ര തീക്ഷ്ണമാണ് 'വ്രണം', 'ഞാന്‍ ഹിന്ദുവാണ്', 'രണ്ടും രണ്ടും ഇരുപത്തിരണ്ട്' തുടങ്ങിയ കഥകളുടെ ആഖ്യാനം. കലാപാനന്തരം കൃത്യം ഒരു മാസത്തിന് ശേഷം മതസൗഹാര്‍ദ്ദ സമ്മേളനം വിളിച്ചുചേര്‍ക്കുന്ന ചില ദേശീയ പൗരന്മാരെ കണക്കിന് പരിഹസിക്കുന്ന കഥയാണ് 'വ്രണം'. ഒരോ സമ്മേളനത്തിന് ശേഷവും 'വര്‍ഗീയവിരുദ്ധസമ്മേളനം' എന്ന് വിവിധ ഭാഷകളില്‍ എഴുതിയ ബാനര്‍ എടുത്തുവയ്ക്കാറാണെന്ന് പറയുന്നുണ്ട് കഥയില്‍. കഥാദ്യം മുസ്‌ലിം വര്‍ഗീയവാദിയായിരുന്ന, പിന്നെ കഥാകൃത്തിന്റെ പ്രേരണ കൊണ്ട് മാനസാന്തരം വന്ന, ഒടുവില്‍ കലാപത്തിനിരയായ മുഖ്താറിന്റെ ചില ചോദ്യങ്ങളുണ്ട് കഥാന്ത്യം. തീക്ഷ്ണ യാഥാര്‍ഥ്യത്തിന്റെ അനുഭവച്ചൂളയില്‍ വെന്ത ചോദ്യശരങ്ങള്‍ സുഖാദര്‍ശവാദികളുടെ (സുഖവും സൗകര്യവും നോക്കി ആദര്‍ശപ്രഘോഷണം നടത്തുന്നവരുടെ) അസ്ഥികളിലേക്ക് തുളച്ചുകയറാന്‍ തക്കം മൂര്‍ച്ഛയുള്ളതാണ്.
കലാപാനന്തരം രണ്ട് മതങ്ങളിലെ കലാപകാരികള്‍ ചേര്‍ന്ന് നടത്തിയ കള്ള് സല്‍ക്കാരത്തില്‍ കൊലക്കത്തിക്കിരയായവരുടെ എണ്ണം പറഞ്ഞ് വീമ്പ് നടിക്കുന്ന കഥയാണ് 'വിഷമവൃത്തം'. (അത് സാധ്യമാണോ എന്ന ചോദ്യമുണ്ടെങ്കില്‍, കലാപത്തില്‍ വേട്ടക്കാര്‍, ഇരകള്‍ എന്നിവര്‍ രണ്ട് വ്യത്യസ്ത വിഭാഗമാണെന്നും വേട്ടക്കാരുടെ താല്‍പര്യങ്ങളും ലക്ഷ്യങ്ങളും സമാനമോ പരസ്പരപൂരിതങ്ങളോ ആണെന്നുമുള്ള പ്രിമൈസുകള്‍ മനസിലാക്കണം. രണ്ട് കാടുകളിലായി രണ്ട് നായാട്ടുസംഘങ്ങള്‍ വേട്ടയാടുന്നതിന്റെ ലാഘവവും വേട്ടക്കാരും വേട്ടമൃഗങ്ങളും തമ്മിലുള്ള ബാന്ധവവും മാത്രമേ കലാപത്തിലുമുള്ളൂ എന്ന് തിരിച്ചറിയാം) കഥയിലെ കലാപത്തില്‍ ഒരു കൂട്ടത്തിനിരയായത് ഇരുപത്തിയാറ് പേരും മറ്റൊരു കൂട്ടത്തിന് ഇരുപത്തിരണ്ട് പേരുമാണ്. കൂട്ടത്തില്‍ കുറഞ്ഞവര്‍ പോരായ്മ മറക്കാന്‍ പലവിധം ന്യായീകരിക്കുന്നുണ്ട്. 'നിങ്ങള്‍ കൊന്ന ഇരുപത്തിയാറില്‍ പന്ത്രണ്ട് പേര്‍ സ്ത്രീകളല്ലേ.., സ്ത്രീകളെ കൊല്ലുന്നത് സുഖമല്ലേ..?' മറുപടി: 'നിങ്ങള്‍ക്ക് ഭ്രാന്താണ്. സ്ത്രീകളെ കൊല്ലാനാണ് പണി. കൊല്ലും മുന്‍പ് അവരെ ബലാത്കാരം ചെയ്യണം. ഗുഹ്യാവയവങ്ങള്‍ മാന്തിക്കീറണം. അങ്ങനെ എന്തൊക്കെ പണിയാണ്!'  അവര്‍ ശരിവെക്കുന്നു. വൃദ്ധരെ കുറിച്ചും യുവാക്കളെ കുറിച്ചും എണ്ണം പറഞ്ഞുള്ള തര്‍ക്കങ്ങള്‍ അരങ്ങേറുന്നു. യുവാക്കള്‍ ഉത്സാഹത്തിമര്‍പ്പില്‍ മണ്ടത്തരം കാട്ടുന്നത് കൊണ്ട് കൊന്നുതള്ളുക സുഖമാണെന്ന് തീര്‍പ്പ് കല്‍പിക്കുന്നു. ഒടുവില്‍ തര്‍ക്കം കുട്ടികളിലെത്തുന്നു.
'ഇരുപത്തിയാറില്‍ എട്ടുകുട്ടികളുണ്ട്. കുട്ടികളെ കൊല്ലുന്നത് കൊതുകിനെ കൊല്ലുന്നത് പോലെ സുഖമല്ലേ?!'
'അല്ല, മോനേ... അല്ല, കാര്യം നീ മണ്ടനാണ്'
'എങ്ങനെ?'
'ആണ്. പോരേ...'
'പറ'
'പറഞ്ഞില്ലേ...'
'എന്തു പറഞ്ഞു?'
'അതായത് കുട്ടികളെ കൊല്ലാന്‍ യുവാക്കളെ കൊല്ലുന്നതിലേറെ ബുദ്ധിമുട്ടാണ്'
'എന്താ കാരണം?'
'കാരണം കുട്ടികളെ കൊല്ലുമ്പോള്‍..,'
'പറ. എന്താ നിര്‍ത്തിക്കളഞ്ഞത്?'
'കുട്ടികളെ കൊല്ലുമ്പോള്‍... സ്വന്തം മക്കളെ ഓര്‍ത്തുപോവും.'
സ്തബ്ധമാക്കുന്ന അവസാനം! അടുത്ത കഥയിലേക്ക് കടക്കാന്‍ എത്ര സമയമെടുത്തുവെന്നറിയില്ല. കയ്യിലെ പുസ്തകത്തില്‍ നിന്ന് തണുപ്പ് മജ്ജയിലൂടെ തലച്ചോറിലേക്ക് അരിച്ച് കയറുന്നു. എന്തെന്നറിയാത്ത ഒരു രാസപ്രവാഹം അടിവയറ്റിലാകെ വ്യാപിക്കുന്നു. പുസ്തകം കയ്യില്‍ മലര്‍ന്ന് മരവിച്ച് കിടക്കുന്നു. അടുത്ത കഥയിലേക്ക് കടക്കുമ്പോള്‍ പേടിസ്വപ്നത്തില്‍ പൊലിഞ്ഞ ഒന്നാമുറക്കിന് ശേഷം രണ്ടാമുറക്കിലേക്ക് കടക്കുമ്പോഴെന്ന പോലെ ഭീതി പിന്തുടരുന്നു.
'ഞാന്‍ ഹിന്ദുവാണ്' സമാഹാരത്തിലെ ഒരു കഥയുടെ പേരാണ്. കലാപം തന്നെ ഇതിലും പ്രതിപാദ്യവിഷയം. വളവ് തിരിവുകളില്ലാത്ത ബുദ്ധി ദൈവം സമ്മാനിച്ചത് കൊണ്ട് മാത്രം അര്‍ധബുദ്ധിയായി സമൂഹം വിധിയെഴുതുന്ന ചിലരുണ്ട്. പുറംലോകത്തെ വ്യാജം തിരിച്ചറിയാന്‍ കഴിയാത്ത വിധം നിഷ്‌കളങ്കരായി അവരെന്നതാണ് 'പ്രശ്‌നം'. യഥാര്‍ഥ പ്രശ്‌നം നമുക്കായതിനാലും നാം ഭൂരിപക്ഷമായതിനാലും സൗകര്യത്തില്‍ അവര്‍ക്ക് ചാര്‍ത്തിനല്‍കിയെന്ന് മാത്രം. അത്തരത്തിലൊരു കഥാപാത്രമാണ് ഈ കഥയിലെ സൈഫു. കലാപകാരികളുടെ ഭീകരകൃത്യങ്ങളെ കുറിച്ചുള്ള നിറംചേര്‍ത്ത വിവരണങ്ങള്‍ കേട്ട് ഭയചകിതനാവുന്ന സൈഫു രക്ഷപ്പെടാനുള്ള മാര്‍ഗം തിരക്കുന്നു. ഹിന്ദുവാകുക മാത്രമാണ് ഏക പ്രതിവിധിയെന്ന് പറഞ്ഞു ധരിപ്പിച്ച തെരുവുപിള്ളേരുടെ വാക്ക് കേട്ട് സൈഫു 'മേം ഹിന്ദു ഹൂം' എന്നാവര്‍ത്തിച്ച് പറഞ്ഞ് നടക്കുന്നതാണ് കഥാതന്തു.
തന്റെ കഥകളില്‍ കലാപം നിത്യസാന്നിധ്യമാവാനുള്ള കാരണം വജാഹത്ത് വിശദീകരിക്കുന്നുണ്ട്. രാജ്യതലസ്ഥാനത്ത് കലാവസ്ഥാമാറ്റം പോലെ സ്വാഭാവിക പ്രവര്‍ത്തിയായി സാമുദായിക ലഹളകളും മാറിയിരിക്കുന്നു. 'ഒരു വ്യത്യാസം മാത്രം, കാലാവസ്ഥാമാറ്റത്തെ കുറിച്ച് നമുക്ക് അനുമാനിക്കാന്‍ കഴിയും. എന്നാല്‍, സാമുദായിക ലഹളയെ കുറിച്ച് അനുമാനിക്കാന്‍ കഴിയില്ല.' (വ്രണം)
1946ല്‍ ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ സിക്രിയിലാണ് അസ്ഗര്‍ വജാഹത്തിന്റെ ജനനം. നാടകകൃത്ത് എന്ന നിലയിലാണ് ഹിന്ദി സാഹിത്യലോകത്ത് പ്രശസ്തനായത്. അഞ്ച് നോവലുകളും ആറ് നാടകങ്ങളും അഞ്ച് കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ ഹിന്ദി വിഭാഗത്തില്‍ അധ്യാപകനായിരുന്നു. ഇപ്പോള്‍ വിശ്രമജീവിതത്തിലാണ്. ഡോ. പി.കെ ചന്ദ്രന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഈ കഥാസമാഹാരം മാതൃഭൂമി ബുക്‌സാണ് പ്രസിദ്ധപ്പെടുത്തിയത്.
'ഗുരുശിഷ്യസംവാദം' കഥയില്‍ നിന്നൊരു ഭാഗം കൂടെ വായിച്ച് അവസാനിപ്പിക്കാം.
ശിഷ്യന്‍: ഗുരുജി, ലഹള എങ്ങനെ തടയാം?
ഗുരു: ശിഷ്യാ, ഈ ചോദ്യത്തിന് ഉത്തരം മൊത്തം രാജ്യത്ത് ഇല്ല. രാഷ്ട്രപതിയുടെ വശമില്ല, പ്രധാനമന്ത്രിയുടെ വശമില്ല, മന്ത്രിസഭയിലാകെയില്ല, ബുദ്ധിജീവികളുടെ കൈയിലുമില്ല.
ശിഷ്യന്‍: ഗുരുജീ, മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തി, പ്രകൃതിയില്‍ വിജയം നേടി, അസാധ്യമെന്നത് സാധ്യമാക്കി. ശാസ്ത്രജ്ഞന്മാര്‍ക്ക് ലഹള എങ്ങനെ തടയാമെന്ന് അന്വേഷിക്കാനുള്ള ജോലി എന്തുകൊണ്ട് നല്‍കിയില്ല?
ഗുരു: ശിഷ്യാ, ശാസ്ത്രജ്ഞന്മാരെ ഈ പ്രവൃത്തി ഏല്‍പിച്ചിരുന്നു. പക്ഷേ, അവര്‍ പറയുന്നത് ഇത് മതസംബന്ധിയാണ് എന്നാണ്.
ശിഷ്യന്‍: പിന്നെ മതക്കാര്‍ ഈ പ്രവൃത്തിക്ക് നിയോഗിക്കപ്പെട്ടോ?
ഗുരു: ഉവ്വ്. മതക്കാര്‍ പറയുന്നത് ഇത് സാമൂഹിക പ്രശ്‌നമാണ് എന്നാണ്.
ശിഷ്യന്‍: സാമൂഹികശാസ്ത്രജ്ഞര്‍ എന്ത് പറയുന്നു?
ഗുരു: അവര്‍ പറഞ്ഞത് ഇത് രാഷ്ട്രീയ പ്രശ്‌നമാണെന്നാണ്.
ശിഷ്യന്‍: പിന്നെ രാഷ്ട്രീയക്കാര്‍ എന്തു പറഞ്ഞു?
ഗുരു: അവര്‍ പറഞ്ഞത് ഇത് ഒരു പ്രശ്‌നമേ അല്ലെന്നാണ്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago