'കഴുത'പരാമര്‍ശം: ദിഗ്വിജയ് സിങ്ങിനെ പുറത്താക്കണമെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ 'കഴുത' പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി. നേരത്തെ യു.പിയില്‍ അഖിലേഷ് യാദവ് നടത്തിയ പരാമര്‍ശത്തിന്റെ തുടര്‍ച്ചയായുണ്ടായ ദിഗ്വിജയിന്റെ ട്വീറ്റാണ് ബി.ജെ.പി നേതാക്കളെ ചൊടിപ്പിച്ചത്.
താങ്കള്‍ കഴുതകളെ പോലെ ജോലി ചെയ്യുന്നുവെന്ന താങ്കളുടെ പ്രസ്താവന തികച്ചും ശരിയാണ് എന്നായിരുന്നു ദിഗ്വിജയിന്റെ ട്വീറ്റ്.
'ദിഗ് വിജയിന്റെ പരാമര്‍ശത്തില്‍ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. വര്‍ഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള കോണ്‍ഗ്രസിന് ഇത്തരത്തിലുള്ള നേതാവുണ്ടാവുന്നത് നിര്‍ഭാഗ്യകരമാണ്. ഗാന്ധിജിയേയും നെഹ്രുവിനേയും പോലെ ലോകത്തിന് അഭിമാനിക്കാവുന്ന നേതാക്കന്മാരുണ്ടായിരുന്ന പാര്‍ട്ടിയാണിത്'.-ബി.ജെ.പി നേതാവ് സിദ്ധാര്‍ഥ് നാഥ് സിങ് എ.എന്‍.ഐയോട് പറഞ്ഞു.
യുപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഖിലേഷ് യാദവ് നടത്തിയ പരാമര്‍ശമാണ് പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടത്. 'ഗുജറാത്തിലെ കഴുതകള്‍ക്കായി പ്രചാരണത്തിനിറങ്ങരുത്' എന്ന് അമിതാഭ് ബച്ചനോട് അഭ്യര്‍ഥിക്കുന്നുവെന്നായിരുന്നു അഖിലേഷിന്റെ പരിഹാസം. അമിതാഭ് ബച്ചനെയും കഴുതകളെയും കാണിക്കുന്ന ഗുജറാത്ത് ടൂറിസത്തിന്റെ പരസ്യത്തെ സൂചിപ്പിച്ചായിരുന്നു ഇത്. രാജ്യത്തിലെ ജനങ്ങളാണ് എന്റെ ഉടമകള്‍. കഴുതകളില്‍ നിന്ന് താന്‍ പ്രചോദനം ഉള്‍കൊള്ളുന്നു. കാരണം അത് ഉടമക്കായി രാപകലില്ലാതെ ജോലിയെടുക്കുമെന്നും മോദി ഇതിന് മറുപടി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."