നമ്മളെന്തിന് അലിയെ അനുസ്മരിക്കണം?
ലോക ഹെവിവെയ്റ്റ് ചാംപ്യന്‍ മുഹമ്മദ് അലിയുടെ നിര്യാണ വാര്‍ത്ത മാധ്യമതലക്കെട്ടുകളില്‍ വന്ന് മിനിറ്റുകള്‍ക്കകം കണ്ട ചരമവാര്‍ത്തകളുടെയും പ്രകീര്‍ത്തനങ്ങളുടെയും പ്രവാഹം വാര്‍ത്താധിക്യത്തിനപ്പുറം ജനങ്ങള്‍ തങ്ങളുടെ നഷ്ടത്തോട് താദാത്മ്യപ്പെടുന്നതിന്റെ തെളിവാണ്.
മുഹമ്മദ് അലിയെ പ്രകീര്‍ത്തിക്കുന്നില്ല. അധികം പറയുകയോ കണ്ണീരൊഴുക്കുകയോ നെടുവീര്‍പ്പിടുകയോ ചെയ്യുന്നില്ല. സാധാരണപോലെ സ്വന്തത്തിനകത്ത് ഒരു വിടവ് അനുഭവപ്പെടുന്നുണ്ട്; മുഹമ്മദ് അലിയെപ്പോലുള്ള ഒരു മഹാമനുഷ്യന്‍ മരണപ്പെടുമ്പോഴുണ്ടാകുന്ന ഒരു ശൂന്യത. എന്നാല്‍ ഇത്തവണ എനിക്കകത്തു നിന്നു ഒരുകൂട്ടം കാര്യങ്ങള്‍ ശ്രദ്ധ ക്ഷണിക്കുന്നു. എന്താണിത്? എവിടെ നിന്നാണത് വരുന്നത്? എന്താണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്?
1951ല്‍, മുഹമ്മദ് അലിയുടെ നൂറ്റാണ്ടിന്റെ കൃത്യം പാതിയിലാണ് ഞാന്‍ ജനിച്ചത്. ഒരു നൂറ്റാണ്ടു മുഴുക്കെ തന്റെ പേരില്‍ അറിയപ്പെടാന്‍ മാത്രം അദ്ദേഹത്തിനെന്തുകൊണ്ട് അവകാശമുണ്ടായി? ഇതേ നേട്ടം അവകാശപ്പെടാവുന്ന ലോകമൊട്ടാകെയുള്ള ശക്തരായ മഹദ്‌വ്യക്തിത്വങ്ങളുടെ നിര തന്നെ നോക്കൂ. സ്റ്റാലിനെയും ഹിറ്റ്‌ലറെയും മാവോയെയും പോലെ കൂട്ടക്കശാപ്പുകാരും ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചവരുമൊക്കെയാണവര്‍. അവര്‍ക്കൊന്നും കഴിഞ്ഞ നൂറ്റാണ്ടിനെ നിര്‍വചിക്കാനാകില്ല.
എന്നാല്‍, ശാസ്ത്രജ്ഞരും കലാകാരന്മാരും കവികളും കഥാകാരന്മാരും നാടകകൃത്തുക്കളുമായി വേറെയുമൊരുപാടുപേര്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും പോയ നൂറ്റാണ്ടില്‍ തങ്ങളുടേതായ ഭാഗധേയം ന്യായമായും അവകാശപ്പെടാനുമുണ്ട്. പാബ്ലോ പിക്കാസോ എങ്ങനെ നോക്കാമെന്നു നമ്മെ പഠിപ്പിച്ചു. ജെയിംസ് ജോയ്‌സ് എങ്ങനെ വായിക്കാമെന്നും ഫാനന്‍ എങ്ങനെ പോരാടാമെന്നും ചെഗുവേര എങ്ങനെ ഇടഞ്ഞുജീവിക്കാമെന്നും ഗാന്ധിജി എങ്ങനെ മാറ്റമുണ്ടാക്കാമെന്നും കുറൊസോവ എങ്ങനെ കാണാമെന്നുമൊക്കെ പഠിപ്പിച്ചു. എന്നാല്‍, അവരിലൊരാള്‍ക്കും ലോകത്തിനു മേല്‍ അവര്‍ ചൊരിഞ്ഞ വെളിച്ചത്തിനപ്പുറത്തേക്കു നിഴല്‍ വിരിക്കാനായില്ല.
എന്നാല്‍ മുഹമ്മദ് അലി അവരെയെല്ലാം കവിഞ്ഞു നില്‍ക്കുകയാണ്. അദ്ദേഹം നമ്മുടെയെല്ലാം ജന്മസിദ്ധമായ നിഷ്‌കപടതയുടെ നിര്‍വചനവും പ്രതിരൂപവുമായിത്തീര്‍ന്നുവെന്നതു തന്നെയാണതിനു കാരണം. അനീതി നിറഞ്ഞതും ഗാഢമായി വഴിപിഴച്ചതുമായ ലോകത്തിലെ പൂര്‍ണ ഭീകരബോധത്തിലേക്കു വളര്‍ച്ച കൈവരിച്ചയുടന്‍ നമുക്കു വിനഷ്ടമായ ഒരു നിഷ്‌കളങ്കതയാണത്. പ്രശ്‌നകലുഷിതമായ ജീവിതസാഹചര്യങ്ങള്‍ക്കിടയില്‍, കഴിഞ്ഞ നൂറ്റാണ്ടിലെ മറ്റെല്ലാ അവ്യക്ത വ്യക്തികളും സ്വന്തം സാന്നിധ്യം കൊണ്ടു പ്രത്യേക വിശിഷ്ടത സൃഷ്ടിച്ചിരുന്നു. അലി പക്ഷെ, അദ്ദേഹത്തിന്റെ അക്ഷതമായ ആത്മാവിന്റെ വിശുദ്ധിയില്‍ നാം ജീവിച്ച ലോകത്തെ ഏറ്റവും വൃത്തികെട്ട കാറ്റുംകോളും നിറഞ്ഞ പെരുങ്കടലിലാണ് കുളിച്ചത്.
കാഷ്യസ് മാര്‍സലെസ് ക്ലേയില്‍ നിന്ന് മുഹമ്മദ് അലി ക്ലേയിലേക്കും പിന്നീട് മുഹമ്മദ് അലിയിലേക്കും തുടര്‍ന്ന് അലിയിലേക്കും അദ്ദേഹത്തിന്റെ പേരു ചുരുക്കിപ്പറയാന്‍ നിര്‍ബന്ധം പിടിക്കുന്നതിനു നമുക്കൊരു യുക്തിയുണ്ട്. ഒരു രക്ഷാകവചമായി പതുക്കെ അദ്ദേഹത്തെ ചുരുട്ടിക്കെട്ടി ഒപ്പം കൊണ്ടു നടക്കുകയാണു നമ്മള്‍. ആവശ്യം വരുമ്പോള്‍ പുറത്തെടുത്തു ലോകത്തിനു മുന്‍പില്‍ ചുരുളഴിക്കാനാകുമല്ലോ അദ്ദേഹത്തെ നമുക്ക്.
അലിയില്‍, അദ്ദേഹത്തിന്റെ കുശാഗ്രബുദ്ധിയില്‍, സുന്ദരമായ മനസില്‍, റിങ്ങിനകത്താകുമ്പോഴുള്ള ചലനങ്ങളുടെ കാവ്യാത്മകതയില്‍, പുറത്തെ പോരാളിയുടെ സൗകുമാര്യത്തിലെല്ലാം ഒരു നിഷ്‌കളങ്കഭാവം നാം കാണുന്നുണ്ട്; ലോകത്തിനു ഭീതിതമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും നിരാശയോടെ തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആ നിഷ്‌കപടത.
സൗകുമാര്യതയും കാവ്യാത്മകതയും
മാനവികകുലത്തിന്റെ ഏറ്റവും ക്രൂരമായ വൈകൃതത്തോട്-കപടതയോടും വംശീയതയോടും സൈനികവല്‍ക്കരണത്തോടുമെല്ലാം- തന്റെ പ്രൗഢമായ നര്‍മബോധത്തിനകത്തു ഞൊറിയിട്ട കുലീനകോപം കൊണ്ട് അലി പോരടിച്ചു. റിങ്ങിനകത്ത് ശത്രുക്കളെ ഇടിച്ചിടുമ്പോഴും അദ്ദേഹം ആ പ്രസാദവും കാവ്യാത്മകതയും കാത്തു. പ്രതിയോഗിക്കു മുന്‍പില്‍ ബാലെ നര്‍ത്തകിയെപ്പോലെ ചുവടുവച്ചു. കവിയെപ്പോലെ പാട്ടുപാടി. അങ്ങനെ തങ്ങള്‍ക്കുമേല്‍ പതിച്ച പ്രഹരം തിരിച്ചറിയും മുന്‍പെ പ്രതിയോഗികള്‍ ബോധരഹിതരായിവീണു.
അമേരിക്കയിലെ വിദ്വേഷംനിറഞ്ഞ വംശീയതയുടെയും അടിമത്തത്തിന്റെയും കൊടിയ ചരിത്രത്തിന്റെ പടുകുഴിയില്‍ നിന്നാണ് അലി ഉയിരുകൊണ്ടത്. അങ്ങനെ അമേരിക്കന്‍ സ്വത്വത്തെ തന്നെ അദ്ദേഹം പുനര്‍നിര്‍വചിച്ചു. ഒരുവശത്ത് സൈനികവല്‍ക്കരണവും വംശീയതയും അധീശത്വവും കൊടികുത്തിവാണപ്പോള്‍ മറുഭാഗത്ത് അലിയും അദ്ദേഹം പ്രതിനിധീകരിക്കുന്ന സമൂഹം മുഴുവനും അന്നു പ്രബലമായിനിന്ന അമേരിക്കന്‍ സ്വത്വത്തോടു പോരാടുകയായിരുന്നു. അമേരിക്കയിലും ലോകമൊന്നടങ്കവും അദ്ദേഹം പൗരാവകാശ, യുദ്ധവിരുദ്ധ മുന്നേറ്റങ്ങള്‍ നടത്തി. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും മാല്‍ക്കം എക്‌സുമൊക്കെ അവിടെ ജീവിച്ചുപോയിരുന്നുവെന്നതു ശരിതന്നെ. പക്ഷെ, അലിയോടു തുലനപ്പെടുത്തുമ്പോള്‍ അവര്‍ കേവലം പ്രാദേശിക നാമങ്ങള്‍ മാത്രമായിരുന്നു.
ആഫ്രിക്കയുടെ ഹൃദയം തൊട്ട് ലാറ്റിന്‍ അമേരിക്കയുടെ അന്തരംഗങ്ങള്‍ വരെ, അറബ്-മുസ്‌ലിം ലോകം മുതല്‍ യുറേഷ്യയുടെ ഭൂഗണ്ഡനിരകള്‍ വരെ തന്റെ ആരാധകരുടെ ഹൃദയം കീഴടക്കിയ അലി, ജാഗരൂകനായ ഉദ്യാനപാലകനെപ്പോലെ പതുക്കെ ആ ഹൃദയങ്ങളില്‍ ഇരിപ്പുറപ്പിച്ച് അവയ്ക്കകത്തു നീതിയുടെയും ന്യായത്തിന്റെയും വിത്തുകള്‍ മുളപ്പിച്ചെടുത്തു.
അലിയുടെ മരണം ഒരു വിടവ് അവശേഷിപ്പിക്കുന്നില്ല. പകരം, നാം കണ്ടും കേട്ടും കൂടുതല്‍ പരിചയിച്ച ബോധതലത്തെ മൊത്തം അതു നിറക്കുകയാണു ചെയ്തത്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം ആ പ്രതലത്തെ ജ്വലിപ്പിച്ചുനിര്‍ത്തുകയും ബോധദീപ്തമാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെയാണ്, അദ്ദേഹത്തെ, അദ്ദേഹം നിലനില്‍ക്കുകയും പോരടിക്കുകയും ചെയ്ത കാര്യങ്ങളെ നാം എന്തുകൊണ്ടു സ്‌നേഹിച്ചെന്ന്, എന്തുകൊണ്ട്/എങ്ങനെ അദ്ദേഹത്തെ നാം അനുശോചിക്കണമെന്ന കാര്യങ്ങളൊക്കെ നമുക്ക് അത്രയും വേഗത്തില്‍ ആലോചിക്കാനാകുന്നത്.
ദേശീയ ദുഃഖങ്ങളുടെ കാലം
ദേശീയ ദുഃഖങ്ങളുടെയും ആഗോള വിഷാദത്തിന്റെയും കാലത്തേക്കായിരുന്നു അദ്ദേഹം പിറന്നുവീണത്. വിദ്വേഷം നിറഞ്ഞ രാഷ്ട്രീയക്കാരുടെയും അവസരവാദികളായ സമൂഹത്തിന്റെ അടിത്തട്ടുമായി ബന്ധമില്ലാത്ത സ്ഥാനാര്‍ഥികളുടെയും കാലത്ത് അദ്ദേഹം തിരിച്ചുനടക്കുകയും ചെയ്തു. അതിനിടയില്‍, അധികാരങ്ങളുടെ മുഖത്തുനോക്കി സത്യം തുറന്നടിച്ചും പോര്‍വിളികളുയര്‍ത്തിയും പ്രതീക്ഷകള്‍ കത്തിച്ചും അദ്ദേഹം ലോകത്തെ അനുഗ്രഹിച്ചു.
പൗരാവകാശത്തലവന്‍, യുദ്ധവിരുദ്ധ പ്രവര്‍ത്തകന്‍, ഹെവിവൈറ്റ് ലോക ചാംപ്യന്‍ മുഹമ്മദ് അലി(1942-2016) അനശ്വരതയില്‍ അലിഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ പോരാട്ടങ്ങളുടെ പാരമ്പര്യത്തെ 'വെള്ളപൂശാ'നുള്ള മത്സരം ഉടന്‍ തന്നെ തുടങ്ങിയിട്ടുണ്ട്; ശക്തവും അചഞ്ചലവും വിട്ടുവീഴ്ചയില്ലാത്തതുമായ അദ്ദേഹത്തിന്റെ വംശീയ വിരുദ്ധ, സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളെ 'പഞ്ചസാരയില്‍ പൊതിഞ്ഞ് ' വികലപ്പെടുത്താന്‍ ശ്രമിക്കുന്ന അനുശോചനക്കുറിപ്പുകളുടെ രൂപത്തില്‍. ചോദ്യങ്ങളുയര്‍ത്താത്ത വിനീതവിധേയരായ ഭാവിതലമുറക്ക് ആസ്വാദ്യകരമായ തലത്തിലേക്ക് അദ്ദേഹത്തെ തയാറാക്കിവയ്ക്കാനാണ് അവരുടെ ശ്രമം.
എന്നാല്‍, ശരിക്കും ആരായിരുന്നു അദ്ദേഹമെന്നു തന്നെ നാം നിര്‍ബന്ധമായും ഓര്‍ത്തെടുക്കണം. സുന്ദരനായ മനുഷ്യന്‍, ഉയര്‍ന്ന ആത്മാവ്, ഉജ്വലനായ കവി, ധാര്‍മിക നിഷ്ഠയുള്ള മുസ്‌ലിം, പൗരാവകാശ തേരാളി, നെഞ്ചുറപ്പുള്ള യുദ്ധവിരുദ്ധ നായകന്‍, ലോക ചാംപ്യന്‍, എല്ലാത്തിലുമുപരി ഏകനായി നിന്ന് അമേരിക്കന്‍ സ്വത്വത്തെ തന്നെ മാറ്റിപ്പണിത പ്രിയപ്പെട്ട അമേരിക്കക്കാരന്‍-ഇതെല്ലാമായിരുന്നു അലി. അദ്ദേഹത്തിന്റെ ജാജ്വല്യമാനമായ ഓര്‍മകള്‍ നമ്മുടെ മുന്നോട്ടുള്ള വഴികളില്‍ സുന്ദരമായി പ്രകാശം ചൊരിയട്ടെയെന്നു പ്രാര്‍ഥിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."