വീഴ്ച കാഴ്ച തരും
ഉറങ്ങുന്നവന്‍ നിലത്തുവീണാല്‍ ഞെട്ടിയുണരാറുണ്ട്. കണ്ണു തിരുമ്മി അവന്‍ പരിസരം ശ്രദ്ധിക്കും. എന്താണു സംഭവിച്ചതെന്നതിനെപ്പറ്റി അന്വേഷിക്കും. ഒന്നുകില്‍ ഉറക്കം മതിയാക്കി ഉണര്‍ന്നിരിക്കും. അല്ലെങ്കില്‍ വീണ്ടും വീഴാതിരിക്കാന്‍ മുന്‍കരുതലെടുത്ത് കിടക്കും. സംഭവിക്കാറുള്ളതിതാണെങ്കില്‍ വീഴ്ച നമ്മുടെ കണ്ണുതുറപ്പിക്കുന്ന സമര്‍ഥനായൊരു അധ്യാപകനാണെന്ന് അര്‍ഥം വച്ചുകൂടേ...
വീഴ്ചയില്‍ താഴ്ച മാത്രമല്ല, ഉയര്‍ച്ചയുമേറെയുണ്ടെന്നതാണു സത്യം. ഉയര്‍ച്ചയില്‍നിന്നു കിട്ടാത്ത പാഠങ്ങള്‍ ചിലപ്പോള്‍ വീഴ്ചയില്‍നിന്ന് കിട്ടിയെന്നുവരും. കാരണം, അതൊരു കണിശനായ മുന്നറിയിപ്പുകാരനാണ്. മനസിലുറഞ്ഞു കിടക്കുന്ന അഹങ്കാരത്തെ തുരത്തിയോടിക്കുന്ന തിരുത്തല്‍ ശക്തിയാണ്. വഴിതെറ്റിയിട്ടുണ്ടെന്ന് ഉദ്‌ബോധിപ്പിക്കുന്ന ഉപദേശകനാണ്. ഉണര്‍ച്ചയുണ്ടാക്കുന്ന അലാറമാണ്. ഉള്‍കാഴ്ച പകര്‍ന്നേകുന്ന ഗുരുശ്രേഷ്ഠനാണ്. എല്ലാറ്റിനുമുപരി നമ്മെ നാമാക്കുന്ന ശില്‍പിയാണ്.
വീഴ്ച ഒരു വീഴ്ചയും താഴ്ചയുമാകുന്നത് അതില്‍ ഉണര്‍ച്ച നടക്കാതിരിക്കുമ്പോള്‍ മാത്രമാണ്. ഉണര്‍ച്ചയുണ്ടാക്കുകയും കാഴ്ച വര്‍ധിപ്പിക്കുകയും ചെയ്യുന്ന വീഴ്ച വീഴ്ചയല്ല, ഉയര്‍ച്ചയാണു പ്രദാനം ചെയ്യുക. അത് അനേകമനേകം അനുഗ്രഹങ്ങള്‍ക്ക് വഴിയായി ഭവിക്കും.
പ്രവാചകശ്രേഷ്ഠനായ യഹ്‌യാ(അ)യുടെ അടുക്കല്‍ ചെകുത്താന്‍ വന്ന ഒരു കഥയുണ്ട്. എന്തെങ്കിലും ഒരു ദുരുദ്ദേശ്യം കാണാതിരിക്കില്ലല്ലോ. നബിയോട് അവന്‍ പറഞ്ഞു:
''അങ്ങേക്കൊരുപദേശം തരാനാണു വന്നിരിക്കുന്നത്. സ്വീകാര്യമായിരിക്കുമല്ലോ...''
''എന്നെ ഉപദേശിക്കുകയോ? പച്ചക്കള്ളം. നീയെന്നെ ഉപദേശിക്കില്ല. അതിരിക്കട്ടെ. നീ മനുഷ്യസന്തതികളെ കുറിച്ചൊന്ന് വിവരിച്ചുതാ...''-യഹ്‌യാ നബി.
''ഞങ്ങളെ സംബന്ധിച്ചിടത്തോളം മൂന്നു വിഭാഗക്കാരാണവര്‍.''-ചെകുത്താന്‍ വിശദീകരിച്ചു: ''അതിലൊരു വിഭാഗം കുറച്ച് ശക്തരാണ്. അവരെ പിഴപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. പിഴക്കുകയും ചെയ്യും...പക്ഷേ, വൈകാതെ അവര്‍ പശ്ചാത്തപിച്ചു മടങ്ങുകയാണു ചെയ്യുക. അതോടുകൂടി ഞങ്ങളെടുത്ത പണി മുഴുവന്‍ വെള്ളത്തിലാകും. അതിനാല്‍ അവരുടെ അടുക്കല്‍ നിന്ന് ഞങ്ങള്‍ക്ക് ഞങ്ങളുടെ താത്പര്യങ്ങള്‍ നേടിയെടുക്കുക വളരെ പ്രയാസകരമാണ്. ഇനി മറ്റൊരു വിഭാഗമുണ്ട്. ഞങ്ങള്‍ക്ക് അവര്‍ കുട്ടികളുടെ കൈകളിലെ പന്തുപോലെയാണ്. അവരെ ഞങ്ങള്‍ എങ്ങനെയും വിഴുങ്ങും. വേറൊരു വിഭാഗം നിങ്ങളെ പോലുള്ള പാപസുരക്ഷിതരാണ്. അവരെ ഒന്നും ചെയ്യാന്‍ ഞങ്ങള്‍ക്കു കഴിയില്ല.''
ചെകുത്താന്റെ വിവരണം കേട്ടപ്പോള്‍ യഹ്‌യ നബി ചോദിച്ചു:
''എന്നെ എന്നെങ്കിലും വശത്താക്കാന്‍ നിനക്കു കഴിഞ്ഞിട്ടുണ്ടോ?''
''ഉണ്ട്. ഒറ്റ പ്രാവശ്യം. അന്നൊരിക്കല്‍ താങ്കള്‍ ഭക്ഷണത്തിനിരുന്നപ്പോള്‍ ഞാനാ ഭക്ഷണം താങ്കള്‍ക്ക് വല്ലാതെ കൊതിയുള്ളതാക്കിത്തോന്നിച്ചുതന്നു. അതു ശരിക്കും ഫലിച്ചു. സാധാരണത്തേതിലുമതികം തങ്കള്‍ അന്ന് ഭക്ഷിക്കുകയും അതുമൂലം ഉറക്കം വരികയും ചെയ്തു. ഉറങ്ങിയ കാരണത്താല്‍ പതിവായി രാത്രി നിര്‍വഹിക്കാറുണ്ടായിരുന്ന നിസ്‌കാരങ്ങളൊന്നും അന്ന് താങ്കള്‍ നിര്‍വഹിച്ചില്ല.''
ഇതുകേട്ടപ്പോള്‍ യഹ്‌യാ നബി പറഞ്ഞു: ''ഇല്ല, ഇനി വയറുനിറച്ചുണ്ണുന്ന പ്രശ്‌നമില്ല.''
അപ്പോള്‍ ചെകുത്താന്‍: ''ഇല്ല, ഇനിയൊരു നബിക്കും ഉപദേശിക്കുന്ന പ്രശ്‌നവുമില്ല.''
അമിതഭോജനം പ്രശ്‌നകാരിയാണെന്ന വലിയൊരു പാഠമാണ് തന്റെ ഭാഗത്തുനിന്നു വന്നുപോയ ചെറിയൊരു വീഴ്ച യഹ്‌യാ നബിയെ പഠിപ്പിച്ചത്. പിന്നീട് ആ മഹാന്‍ അമിതഭോജനത്തിനു നിന്നിട്ടില്ല. അതു പാടെ വെടിഞ്ഞു. ഒരു പ്രവാചകന് ഉപദേശം നല്‍കുകയെന്നത് തന്റെ ദൗത്യത്തിനും നയനിലപാടുകള്‍ക്കും ദോഷകരമാണെന്ന പാഠം ഈ അനുഭവത്തില്‍നിന്ന് ചെകുത്താനും പഠിക്കാനായി. ഇരുവര്‍ക്കും തങ്ങളുടെ വീഴ്ചകള്‍ വലിയ പാഠമായെന്നര്‍ഥം.
ഏതൊരു ഉയര്‍ച്ചയ്ക്കും പിന്നില്‍ വീഴ്ചകളുടെ നീണ്ട കഥകളുണ്ടാകും. കുഞ്ഞായിരുന്ന കാലത്ത് വീഴ്ചകളുടെ വാഴ്ചകള്‍തന്നെ നമ്മില്‍ സംഭവിച്ചിട്ടുണ്ടാകാം. പലകുറി വീണുമെണീറ്റുമാണ് നാം നേരെ നില്‍ക്കാനും നേരെ നടക്കാനും പഠിച്ചത്. പലതവണ വീണും മറിഞ്ഞുമാണ് നേരായ രീതിയില്‍ സൈക്കിള്‍ ഓടിക്കാന്‍ നാം പഠിക്കുന്നത്. ഗതാഗതസംബന്ധിയായതടക്കം പല നിയമങ്ങളും വീഴ്ചകളുടെ സൃഷ്ടികളാണ്. വീഴ്ചകള്‍ നല്‍കുന്ന പാഠങ്ങളില്‍ നിന്നാണവ രൂപം കൊണ്ടിട്ടുള്ളത്. വീഴ്ചയില്‍നിന്നാണ് ഭൂലോകത്താദ്യമായി മനുഷ്യസ്പര്‍ശം സംഭവിച്ചുതുടങ്ങിയതുതന്നെ. ചെറിയൊരു വീഴ്ചയുടെ ഫലമായി സ്വര്‍ഗത്തില്‍നിന്നും ഭൂമിയിലേക്കു സംഭവിച്ച ആ വീഴ്ച വിശദീകരണങ്ങളാവശ്യമില്ലാത്തവിധം പ്രസിദ്ധമാണല്ലോ.
വീണാല്‍ വീണല്ലോ എന്നോര്‍ത്ത് വിലപിക്കുകയല്ല, പുത്തനുണര്‍വോടെ എണീറ്റുപോരുകയാണു വേണ്ടത്. വീഴ്ച താഴ്ചയായി കാണുന്നവര്‍ താഴ്ചയില്‍തന്നെ കിടക്കും. വീഴ്ച ഉയര്‍ച്ചയ്ക്കുള്ള നിദാനമായി കാണുന്നവര്‍ ഉയരങ്ങളിലേക്കുയരും. ഒരു പന്ത് എത്രത്തോളം താഴുന്നോ അത്രത്തോളം ഉയരത്തിലേക്കാണതുയരുക. നമ്മില്‍ എത്രത്തോളം വീഴ്ചകള്‍ സംഭവിക്കുന്നോ അത്രയും ഉയരാന്‍ നാം ശ്രമിക്കുമ്പോള്‍ വിജയം നമുക്ക് സ്വന്തമായിരിക്കും. അതിനു അല്‍പമെങ്കിലും ഫ്‌ളക്‌സിബ്‌ളാവാന്‍ ശ്രമിക്കേണ്ടതുണ്ട്. പാറപോലെ ഒന്നും അകത്തേക്ക് കയറ്റാത്ത, ആരെന്തു പറഞ്ഞാലും വിലകല്‍പിക്കാത്ത ഉറച്ച മനസ്ഥിതിക്കാരാണു നാമെങ്കില്‍ വീണിടത്തുതന്നെ കിടക്കേണ്ടിവരും. വീണാല്‍ പാറയ്ക്ക് പന്തിനെ പോലെ പൊന്താനാകില്ല; അവിടെതന്നെ കിടക്കും. അതാണു സത്യത്തില്‍ താഴ്ച. ഉയര്‍ച്ചയില്ലാത്ത താഴ്ച. അതില്‍ ഗണനീയമായ ഗുണങ്ങള്‍ കുറവാണ്.
വീണുപോയാല്‍ കല്ലിനെപോലെയല്ല, പന്തിനെപോലെ വീഴണം. ഓരോ വീഴ്ചയും ഉയര്‍ച്ചയ്ക്കുള്ള ഊര്‍ജമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."