മാധ്യമങ്ങള്‍ വര്‍ഗീയതയുമായി സമരസപ്പെടുന്നു: പിണറായി വിജയന്
മംഗളൂരു: മതനിരപേക്ഷ പക്ഷത്താണ് തങ്ങളെന്ന് മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും വര്‍ഗീയതയുമായി മാധ്യമങ്ങള്‍ സമരസപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിഷ്പക്ഷമാണെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങള്‍ക്ക് ഒരുപക്ഷമുണ്ടെന്നും നാടിന്റെ മുന്നേറ്റത്തില്‍ പുരോഗമനത്തിന്റെ പക്ഷത്തു മാധ്യമങ്ങള്‍ക്ക് നില്‍ക്കാനാവണമെന്നും അദ്ദേഹം പറഞ്ഞു. മംഗളൂരുവില്‍ വാര്‍ത്താഭാരതി പത്രത്തിന്റെ ഓഫിസ് മാധ്യമ കേന്ദ്രത്തിന് തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വലിയ കുത്തകകളാണ് ഇന്ന് ലോകത്തെ 95 ശതമാനം മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ സാമ്രാജ്യത്വത്തെ സംരക്ഷിക്കാനാണ് ശബ്ദമുയര്‍ത്തുന്നത്. സാമ്രാജ്യത്വ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറാകുന്ന വന്‍കിട കുത്തകകള്‍ സ്ഥാപിച്ചിട്ടുള്ള മാധ്യമങ്ങളാണ് ലോകത്ത് അധികമെന്നും ആക്രമണത്തിന് ഇരയാകുന്നവരെ അക്രമികളായി ചിത്രീകരിക്കുന്ന മാധ്യമങ്ങളാണ് ഇന്നുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
മാധ്യമങ്ങള്‍ക്ക് ഇന്ന് സമൂഹത്തില്‍ വലിയ സ്വാധീനമുണ്ട്. ജനങ്ങളില്‍ വളരെ കുറഞ്ഞ എണ്ണത്തിലുള്ളവര് മാത്രമേ ഇന്ന് രാജ്യത്ത് സാമ്പത്തികമായി മുന്നിട്ടു നില്‍ക്കുന്നുള്ളൂ. പക്ഷെ അവര്‍ക്കുവേണ്ടി വാദിക്കാനാണ് ഇന്ന് മാധ്യമങ്ങള്‍ തയ്യാറാവുന്നത്. എന്നാല്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ചെറിയ മാധ്യമങ്ങളും ഇന്ന് രാജ്യത്തുണ്ട്. അവര്‍ക്ക് ജനനന്മയ്ക്ക് വേണ്ടി ഒരു പാട് കാര്യങ്ങള്‍ ചെയ്യാനാകും. മത നിരപേക്ഷത സംരക്ഷിക്കണമെങ്കില്‍ മാധ്യമങ്ങള്‍ വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."