സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് 25,000 രൂപ ധനസഹായം
തിരുവനന്തപുരം: ഈടുവയ്ക്കാന്‍ ഒന്നുമില്ലാത്ത ഭിന്നശേഷിക്കാര്‍ക്കായി തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സംസ്ഥാന വികലാംഗക്ഷേമ കോര്പറേഷന് 'ആശ്വാസം' എന്നപേരില്‍ പുതിയ പദ്ധതി ആവിഷ്ക്കരിക്കുന്നു. പദ്ധതി പ്രകാരം സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് 25,000 രൂപയാണ് ധനസഹായം അനുവദിക്കുക. ഓരോ ജില്ലയിലെയും ഭിന്നശേഷി ജനസംഖ്യക്ക് ആനുപാതികമായിട്ടായിരിക്കും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്ത് 400 പേര്‍ക്ക്് ധനസഹായം അനുവദിക്കും. ഇതിലേക്കായി ഒരു കോടി രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്കി.
'ആശ്വാസം' പദ്ധതി പ്രകാരം ഭിന്നശേഷിക്കാരായ തൊഴില്രഹിതരില്നിന്നു വികലാംഗക്ഷേമ കോര്പറേഷന് അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.
അപേക്ഷകര്‍ 40 ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷി ഉള്ളവരും, 18 വയസ് പൂര്‍ത്തിയായവരും ഈടുവയ്ക്കാന്‍ വസ്തുവകകള്‍ ഇല്ലാത്തവരും കോര്‍പറേഷനില്‍നിന്നോ, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ ഇതേ ആവശ്യത്തിന് സബ്സിഡിയോടുകൂടിയ വായ്പയോ, ധനസഹായമോ ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം.
തീവ്രഭിന്നശേഷി ഉള്ളവര്‍, ഭിന്നശേഷിക്കാരായ വിധവകള്‍, ഗുരുതര രോഗബാധിതരായ ഭിന്നശേഷിക്കാര്‍, 14 വയസ് തികഞ്ഞ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്കായി ജില്ലാതലത്തില്‍ ആവശ്യമായ പരിശീലനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."