ആര്‍.എസ്.എസ് പ്രചാരകിനെതിരേ ലുക്ക്ഔട്ട് നോട്ടിസ്
നെടുമങ്ങാട്: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താലില്‍ പൊലിസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആര്‍.എസ്.എസ് പ്രചാരകിനെതിരേ ലുക്ക്ഔട്ട് നോട്ടിസ്.
നെടുമങ്ങാട് പൊലിസാണ് ഇന്നലെ ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയത്. ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ പ്രചാരകും ആലപ്പുഴ നൂറനാട് സ്വദേശിയുമായ പ്രവീണിനെ കണ്ടെത്താനാണ് പൊലിസ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയത്.
സംസ്ഥാനത്തെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നോട്ടിസ് പതിക്കും. പൊലിസ് സ്റ്റേഷനുനേരെ ബോംബെറിഞ്ഞ് ഒന്‍പതുദിവസം ആയിട്ടും പ്രതിയെ പിടിക്കാന്‍ കഴിയാത്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച സംഭവമായതിനാല്‍ പ്രതിയെ എത്രയും വേഗം പിടികൂടി മുഖം രക്ഷിക്കാനാണ് സംസ്ഥാന പൊലിസിന്റെ ശ്രമം.
ഹര്‍ത്താല്‍ ദിനത്തില്‍ എസ്.ഐയെ ആക്രമിച്ച സംഭവത്തില്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്ത രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ മോചിപ്പിക്കുന്നതിന് നെടുമങ്ങാട് പൊലിസ് സ്റ്റേഷനില്‍ എത്തിയ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടയിലാണ് പ്രവീണ്‍ പൊലിസ് സ്റ്റേഷനിലേക്ക് നാലുതവണ ബോംബ് എറിഞ്ഞത്.
മേലാംകോട് ആര്‍.എസ്.എസ് കാര്യാലയത്തിലേക്കുള്ള ഇടറോഡില്‍നിന്നു ബൈക്കിലെത്തി കൈയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവറില്‍നിന്നും ബോബുകള്‍ എടുത്ത് പൊലിസ് സ്റ്റേഷനുനേരെ എറിയുകയായിരുന്നു. ഇത് വ്യാപാരികള്‍ സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്ന് ആളെ തിരിച്ചറിഞ്ഞതോടെ പ്രവീണ്‍ ഒളിവില്‍ പോകുകയായിരുന്നു. ഇതോടെയാണ് ഇയാളെ കണ്ടെത്തുന്നതിന് സംസ്ഥാന തലത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയത്. ഇതിനിടയില്‍ ഇയാള്‍ സംസ്ഥാനം വിട്ടതായാണ് സൂചന. ചെന്നൈയില്‍ നടക്കുന്ന സംഘ്പരിവാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പോയതായാണ് വിവരം.
സംഭവശേഷം പ്രവീണിനെ രക്ഷപ്പെടാന്‍ സഹായിച്ച സഹോദരന്‍ വിഷ്ണുവിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പ്രവീണിനെ സംഘര്‍ഷ സ്ഥലത്തെത്തിക്കുകയും ബോംബെറിഞ്ഞ ശേഷം രക്ഷപ്പെടുത്താനും വിഷ്ണുവും മറ്റു പ്രവര്‍ത്തകരും സഹായിച്ചിട്ടുണ്ടെന്നാണ് പൊലിസിന് ലഭിച്ച സൂചന. ഇയാള്‍ നേരത്തെ വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
ഈടുവയ്ക്കാന്‍ മാര്‍ഗമില്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് 'ആശ്വാസം'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."