മധുവിനെ തല്ലിക്കൊന്ന സംഘത്തില്‍പെട്ടയാള്‍ കഴിഞ്ഞ ദിവസം വീട്ടുപരിസരത്ത് വന്നതായി സഹോദരി
എന്‍.സി ഷെരീഫ്
മഞ്ചേരി: മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന അട്ടപ്പാടി മുക്കാലിയില്‍ കടുകുമണ്ണ ഊരിലെ ആദിവാസി യുവാവ് ചിണ്ടക്കി പഴയൂര്‍ മധുവിന്റെ വീട്ടുപരിസരത്ത് കഴിഞ്ഞ ദിവസം കൊലയാളി സംഘത്തില്‍പെട്ടയാള്‍ വന്നതായി സഹോദരിയുടെ വെളിപ്പെടുത്തല്‍. അങ്കണവാടി ടീച്ചറായ മധുവിന്റെ മൂത്ത സഹോദരി സരസുവാണ് കേസില്‍ നിര്‍ണായക തെളിവാകാന്‍ ഇടയുള്ള കൊലയാളി സംഘത്തിലെ ഒരാളുടെ സന്ദര്‍ശനത്തെ കുറിച്ച് സുപ്രഭാതത്തോട് വിവരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിനാണ് വീടിനടുത്തുള്ള പറമ്പില്‍ ഒരാള്‍ വന്നത്. ഈ സമയം അമ്മയും ഞാനും രണ്ട് ചെറിയമ്മമാരും വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്നു. സാധാരണ വീട്ടിലേക്ക് ആളുകള്‍ വരുന്ന വഴിയിലൂടെ ആയിരുന്നില്ല ഇയാള്‍ വന്നത്. സ്ഥലം കാണാന്‍ വന്നതാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് കൊലയാളി സംഘത്തിലുള്ള ആളാണെന്ന് മനസിലായത്. ചേട്ടനെ അക്രമിക്കുന്ന സംഘത്തിന്റെ ഫോട്ടോ കണ്ടിരുന്നു. അതിലുള്ള വ്യക്തി തന്നെയാണ് വീട്ടുപടിക്കല്‍ വന്നതെന്ന് ഉറപ്പാണെന്നും സരസു പറഞ്ഞു. വീട്ടില്‍ നിന്ന് തിരിച്ച് ഇറങ്ങാനുള്ള വഴി ഉപയോഗിക്കുന്നതിന് പകരം മറ്റൊരു വഴിയിലൂടെയാണ് ഇയാള്‍ തിരിച്ച് പോയതെന്നും എന്തിനാണ് വന്നതെന്ന് അറിയില്ലെന്നും ഇതില്‍ ആശങ്കയുണ്ടെന്നും സരസു പറഞ്ഞു. ഉടന്‍ ബന്ധുക്കളെ വിവരം അറിയിച്ചു. അവര്‍ ആദിവാസി ആക്ഷന്‍ കൗണ്‍സിലില്‍ അറിയിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.
സാംസ്‌കാരിക കേരളത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തിന് ഒരു വര്‍ഷം തികയാനിരിക്കെ കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ വീടിന് പരിസരത്ത് എത്തിയത് എന്തിനാണെന്ന് മധുവിന്റെ അമ്മക്കും സഹോദരിക്കും അറിയില്ല.
2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്. പലചരക്ക് കടയില്‍ നിന്നും മോഷണം നടത്തിയെന്നാരോപിച്ച് നാട്ടുകാര്‍ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടുകയായിരുന്നു. സമീപകാലത്തായി ഈ പ്രദേശത്ത് കടകളില്‍ നിന്നും അരിയും മറ്റുഭക്ഷ്യ സാധനങ്ങളും മോഷണം നടത്തുന്നത് മധുവാണെന്നാരോപിച്ചാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയതും മര്‍ദിച്ചതും. എന്നാല്‍ പൊലിസ് വാഹനത്തില്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോവുന്നതിനിടെ മധു ഛര്‍ദിച്ചു. പിന്നാലെ കുഴഞ്ഞു വീണ മധുവിനെ പൊലിസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സഹോദരനെ അക്രമിക്കുന്ന സംഘത്തിലെ പ്രധാന പ്രതികളെ രക്ഷപ്പെടുത്തി. അക്രമി സംഘത്തിന് നേതൃത്വം നല്‍കിയവര്‍ ഇപ്പോഴും കേസില്‍ ഉള്‍പ്പെട്ടിട്ടില്ല. പ്രതികളെ രക്ഷപ്പെടുത്താന്‍ രാഷ്ട്രീയപരമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ കുടുംബം തൃപ്തരല്ലെന്നും സഹോദരി പറഞ്ഞു. തന്റെ മകന്‍ മോഷ്ടാവല്ലെന്നും മധുവിന്റെ അമ്മ മല്ലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."