'മനുഷ്യത്വം മരവിച്ച അവസ്ഥയില്‍ ആണ് ഫാസിസം സാധ്യമാകുന്നത്' : ഡോക്ടര്‍ പി. കെ. പോക്കര്‍
മനാമ : മനുഷ്യത്വം മരിച്ച അവസ്ഥയില്‍ ആണ് ഒരു രാജ്യത്തു ഫാസിസം സാധ്യമാകുന്നത് എന്ന് പ്രശസ്ത ചിന്തകനും എഴുത്തുകാരനും ആയ ഡോക്ടര്‍ പി കെ പോക്കര്‍ അഭിപ്രായപ്പെട്ടു . ബഹ്‌റൈന്‍ പ്രതിഭ സംഘടിപ്പിച്ച യോഗത്തില്‍ ' വര്‍ത്തമാന കാലത്തെ സാംസ്‌കാരിക പ്രവര്‍ത്തനം ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകം തീവ്ര വലതുപക്ഷത്തേക്ക് നീങ്ങുകയാണ് .അതുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് തീവ്ര വംശീയത പറയുന്നത്. ഇന്നത്തെ ലോകം സാങ്കേതിക മുതലാളിത്വത്തിന്റെ അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത് . ആധുനികാന്തരം രൂപാന്തരപ്പെട്ട മുതലാളിത്തം മുന്‍കാലത്തേതില്‍ നിന്നും വ്യത്യസ്തം ആണ്. എന്നാല്‍ ട്രമ്പ് ഉദ്ദേശിക്കുന്നത് പോലത്തെ സമ്പൂര്‍ണ വലതുപക്ഷ വത്കരണം അമേരിക്കയില്‍ പോലും നടപ്പിലാക്കുവാന്‍ കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു . ട്രമ്പ് പോലും ഇപീച്ച്‌മെന്റ് നേരിടുകയാണ് .അതുപോലെ അധികാരത്തില്‍ വന്ന ഒരു വലതുപക്ഷ സര്‍ക്കാര്‍ ആണ് ഇന്ത്യയിലും ഉള്ളത് . വോട്ടറും പൗരനും ആകണമെങ്കില്‍ ടെസ്റ്റ് നടത്തേണ്ട അവസ്ഥയാണ് ഇന്ന് ഇന്ത്യയില്‍ ഉള്ളത് .61 ശതമാനം ആള്‍ക്കാരുടെ ജന്മം രേഖപ്പെടുത്താത്ത ഒരു രാജ്യത്താണ് പൗരത്വ രേഖ ആവശ്യപ്പെടുന്നത് .മുസ്ലിങ്ങള്‍ മാത്രം അല്ല ആദിവാസികളും , ചേരിനിവാസികളും എല്ലാം ഇത്തരം രേഖകള്‍ ഇല്ലാത്തവരില്‍ പെടും . ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് എന്താണെന്ന് അറിയിക്കാന്‍ കോര്‍പ്പറേറ്റു മാധ്യമങ്ങള്‍ തയ്യറാകുന്നില്ല . അതിനു സഹായം സമാന്തര മാധ്യമങ്ങള്‍ ആണ് . അതിനാല്‍ ആണ് ഇന്റര്‍നെറ്റ് നിരോധിക്കുന്നതും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും .ചിന്തിക്കുന്നവരെ ഭരണകൂടം വേട്ടയാടുക ആണ് .അതാണ് ജവാഹര്‌ലാല് സര്‍വകലാശാലയില്‍ കാണുന്നത് .അടിയന്തിരാവസ്ഥ പോലും ഒരു ഉത്തരവില്‍ തുടങ്ങി മറ്റൊരു ഉത്തരവില്‍ അവസാനിച്ചതാണ് . എന്നാല്‍ ഇന്ന് ആഴത്തില്‍ വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിതയ്ക്കുക ആണ് . ഇത് പെട്ടന്ന് ഉണ്ടായത് അല്ല എന്നും ഇതിനെ പ്രതിരോധിക്കേണ്ടത് അടിത്തട്ടില്‍ തന്നെ ആണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . മനുഷ്യന്‍ ഉണ്ടെങ്കിലേ സാംസ്‌കാരിക പ്രവര്‍ത്തനം സാധ്യമാകൂ .സാംസ്‌കാരിക പ്രവര്‍ത്തനം നടത്തുമ്പോള്‍ സാംസ്‌കാരിക അധീശത്വം ഏതെന്നു തിരിച്ചറിയണം .എങ്കില്‍മാത്രമേ അതിനെ പ്രതിരോധിക്കുവാന്‍ കഴിയൂ. എല്ലാവര്ക്കും ഇഷ്ടപെട്ട ഭക്ഷണം കഴിക്കാവുന്ന ആധുനിക കാലത്തു ഭക്ഷണത്തിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്ന അവസ്ഥയാണ് ഉള്ളത് .ഇവിടെ ആണ് മനുഷ്യത്വം മരിച്ച അവസ്ഥയില്‍ ഫാസിസം എത്തിനില്‍ക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .പ്രശ്‌നം കണ്ടില്ല എന്ന് നടിക്കുമ്പോള്‍ അല്ല അതില്‍ ഇടപെടുമ്പോള്‍ ആണ് മാനവികത സാധ്യമാകുന്നത് . ഇത് തിരിച്ചറിയുന്ന യുവജന വിദ്യാര്‍ത്ഥികളുടെ വലിയ മുന്നേറ്റം ആണ് ഉയര്‍ന്നു വരുന്നത് .ഏതു സംഭവവും രേഖപ്പെടുത്തുന്ന കാലത്തു സ്വാതന്ത്ര്യ സമരകാലത്തേക്കാള്‍ വലിയ ചെറുത് നില്‍പ്പാണ് ഉണ്ടാകുന്നത് .സൗഹൃദത്തിന്റെ കാഴ്ചപ്പാട് ബോധപൂര്‍വം ഉണ്ടാകണം .
ഫാസിസത്തിന് എതിരെ ഫോക്കസ് ചെയ്യാത്ത ഒരു ഒരു സംകാരിക പ്രവര്‍ത്തനത്തിനും യാതൊരു പ്രസക്തിയും ഇല്ല എന്നും അദ്ദേഹം പറഞ്ഞു .ഇന്ത്യന്‍ മണ്ണില്‍ കാലുറപ്പിച്ചു നിന്നു എല്ലാ മനുഷ്യനും ജീവിക്കാനും ഇവിടെ മരിക്കാനും ഉള്ള അവകാശം ഉണ്ട് എന്ന് പ്രഖ്യാപിക്കാന്‍ കഴിയണം . അതുകഴിഞ്ഞില്ല എങ്കില്‍ എല്ലാ സാംസ്‌കാരിക പ്രവര്‍ത്തനവും നിരര്‍ത്ഥകം ആകും എന്നും അദ്ദേഹം പറഞ്ഞു . രാജ്യത്തിന്റെ അവസ്ഥയില്‍ ആധിപത്യം സ്ഥാപിക്കുന്ന പ്രത്യയശാസ്ത്രത്തെ തിരിച്ചറിഞ്ഞു പ്രതിരോധിക്കുക എന്നതാണ് വര്‍ത്തമാന കാലത്തെ സാംസ്‌കാരിക പ്രവര്‍ത്തനം എന്നും അദ്ദേഹം പറഞ്ഞു . പ്രതിഭ ആസ്ഥാനത്തു ചേര്‍ന്ന ചടങ്ങില്‍ പ്രതിഭ പ്രസിഡന്റ് കെ എം സതീഷ് അധ്യക്ഷം വഹിച്ചു .സെക്രട്ടറി ലിവിന്‍ കുമാര്‍ സ്വാഗതം പറഞ്ഞു . പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് അഭിവാദ്യ പ്രസംഗം നടത്തി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."