കെ.എ.എസ് പരീക്ഷയ്ക്ക് ഒരുക്കങ്ങള്‍ തകൃതി 4,01,379 പേര്‍ പരീക്ഷ എഴുതും
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസിലേക്ക് (കെ.എ.എസ്) പി.എസ്.സി നടത്തുന്ന പ്രാഥമിക പരീക്ഷയ്ക്ക് ഇനി ഒരുമാസം. അടുത്ത മാസം 22 ശനിയാഴ്ചയാണ് പരീക്ഷ. പി.എസ്.സിയും ഉദ്യോഗാര്‍ഥികളും ഒരുക്കങ്ങള്‍ തകൃതി. 5,47,543 അപേക്ഷകളാണ് പി.എസ്.സിയ്ക്ക് ലഭിച്ചത്. ഇതില്‍ 4,01,379 പേര്‍ പരീക്ഷ എഴുതാന്‍ പി.എസ്‌സിയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. 22ന് രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ നടക്കുന്നത്. പരീക്ഷ എഴുതാന്‍ ഉറപ്പ് നല്‍കിയവര്‍ക്ക് ഫെബ്രവരി ഏഴുമുതല്‍ തങ്ങളുടെ പ്രൊഫൈലില്‍ നിന്നും അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
പരീക്ഷ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുന്ന പി.എസ്.സി ഉദ്യോഗസ്ഥര്‍ക്ക് പി.എസ്.സി ആസ്ഥാനത്ത് പരിശീലനം നല്‍കി. പരീക്ഷ കേന്ദ്രങ്ങളില്‍ ചീഫ് സൂപ്രണ്ടുമാരായി നിയോഗിക്കുന്ന പ്രധാന അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നീ അധ്യാപകര്‍ക്ക് അടുത്ത മാസം മൂന്ന്, നാല് തീയതികളില്‍ പി.എസ്.സിയുടെ ജില്ലാ ആസ്ഥാനങ്ങളില്‍ വച്ച് പരിശീലനം നല്‍കും. ഏതാണ്ട് രണ്ടായിരത്തോളം പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഒരുക്കുന്നത്. പി.എസ്.സി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പരീക്ഷ ഡ്യൂട്ടിയ്ക്ക് ഹാജരാകണമെന്നാണ് നിര്‍ദേശം. ഓരോ ജില്ലകള്‍ക്കും നിയോഗിക്കുന്ന പി.എസ്.സി ഉദ്യോഗസ്ഥര്‍ തലേ ദിവസം നാലുമണിയ്ക്കു മുമ്പ് അതാത് ജില്ലകളിലെ പി.എസ്.സി ഓഫിസുകളില്‍ റിപ്പോര്‍ട്ട് ചെയ്യുകയും പരീക്ഷ ദിവസം രാവിലെ 6 മണിയ്ക്ക് തന്നെ നിയോഗിക്കുന്ന സെന്ററുകളിലേയ്ക്ക് ചോദ്യ പേപ്പറും ഉത്തര കടലാസുമായി പോകാന്‍ നിര്‍ബന്ധമായും എത്തിയിരിക്കണമെന്നും പി.എസ്.സി പരീക്ഷ കണ്‍ട്രോളര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
സാധാരണ പരീക്ഷാ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ പരീക്ഷ ദിവസം രാവിലെ എട്ടുമണിയ്ക്ക് അതാതു ജില്ലാ ഓഫിസുകളില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയായിരുന്നു. പൊലിസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേയ്ക്ക് നടന്ന പരീക്ഷയില്‍ തട്ടിപ്പ് നടന്നതിനെ തുടര്‍ന്ന് പരീക്ഷ നടപടികളില്‍ പി.എസ്.സി പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പഴുതടച്ച് സുരക്ഷയിലാണ് കെ.എ.എസ് പരീക്ഷ നടത്താന്‍ പി.എസ്.സി തീരുമാനിച്ചിരിക്കുന്നത്. പി.എസ്.സി ആസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ക്ക് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള സൈബര്‍ വിദഗ്ധരാണ് പരിശീലനം നല്‍കിയത്.
കെ.എ.എസ് പ്രാഥമിക പരീക്ഷാ 22ന് നടക്കുമെങ്കിലും ഫൈനല്‍ പരീക്ഷയുടെ സിലബസോ തീയതിയോ പി.എസ്.സി തീരുമാനിച്ചിട്ടില്ല.
ഫൈനല്‍ പരീക്ഷ സംബന്ധിച്ച് പി.എസ്.സി അധികൃതര്‍ക്ക് പോലും വ്യക്തമായ രൂപമില്ലാത്തത് ഉദ്യോഗാര്‍ഥികളെ ആശങ്കയിലാഴ്ത്തുന്നു. പ്രാഥമിക പരീക്ഷ കഴിഞ്ഞ ശേഷം അവസാന പരീക്ഷയുടെ കാര്യം ആലോചിക്കാമെന്ന നിലപാടിലാണ് പി.എസ്.സി. യു.പി.എസ്.സി നടത്തുന്ന സിവില്‍ സര്‍വിസ് പരീക്ഷാ മാതൃകയിലാണ് കെ.എ.എസ് പരീക്ഷയും. സിവില്‍ സര്‍വീസ് പരീക്ഷാ വിജ്ഞാപനത്തില്‍ പരീക്ഷാ നടപടികളുടെ മുഴുവന്‍ വിവരങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്.
1,71,550 അപേക്ഷകള്‍ നിരസിച്ചു
കെ.എ.എസിലേയ്ക്കുള്ള മൂന്നു സട്രീമുകളിലുമായി 1,74,864 അപേക്ഷകളാണ് പി.എസ്.സി നിരസിച്ചത്. നിശ്ചിത സമയാമായ ഡിസംബര്‍ 25നു മുമ്പ് ഉറപ്പ് നല്‍കാത്തവരുടെ അപേക്ഷയാണ് നിരസിച്ചത്. നേരിട്ടുള്ള നിയമനത്തിനുള്ള സ്ട്രീം ഒന്നില്‍ 3,75,993 പേര്‍ മാത്രമേ പരീക്ഷ എഴുതുമെന്ന് ഉറപ്പ് നല്‍കിയുള്ളൂ. സ്ട്രീം രണ്ടില്‍ 23,804 പേരും,സ്ട്രീം മൂന്നില്‍ 1,582 പേരും ഉറപ്പ് നല്‍കി.
സ്ട്രീം രണ്ടിലും മൂന്നിലും ഉറപ്പു നല്‍കിയവരുടെ അപേക്ഷകള്‍ പിഎസ്.സി സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതു പൂര്‍ത്തിയാകുമ്പോള്‍ ധാരാളം അപേക്ഷകള്‍ ഇനിയും നിരസിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളായ പി.എസ്.സി, നിയമസഭ തുടങ്ങിയവയില്‍ ജോലി ചെയ്യുന്നവര്‍ ഉറപ്പു നല്‍കിയാലും അപേക്ഷകള്‍ നിരസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിശ്ചിത യോഗ്യതയില്ലാത്ത ധാരാളം പേര്‍ കെ.എ.എസിന് അപേക്ഷിച്ചിരുന്നു.
ഇങ്ങനെയുള്ളവര്‍ ഉറപ്പ് നല്‍കിയാല്‍ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യുന്നതുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് പി.എസ്.സി മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധാരാളം പേര്‍ ഉറപ്പു നല്‍കുന്നതില്‍നിന്ന് വിട്ടു നിന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നേരിട്ടുള്ള നിയമനത്തിനുള്ള അപേക്ഷകരുടെ എണ്ണം നാലു ലക്ഷത്തില്‍ കുറഞ്ഞതെന്നു കണക്കാക്കുന്നു.
പ്രാഥമിക പരീക്ഷ
100 മാര്‍ക്ക് വീതമുള്ള രണ്ടു പേപ്പറുകള്‍. ആദ്യ പേപ്പറായ ജനറല്‍ സ്റ്റഡീസിന്റെ പരീക്ഷ സമയം രാവിലെ 10 മുതല്‍, 12വരെയാണ്. ജനറല്‍ സ്റ്റഡീസ് ഭാഷാ പരിജ്ഞാനത്തിനുള്ള പരീക്ഷ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30വരെയാണ്. 200 ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതണം. ചോദ്യങ്ങള്‍ ഒബ്ജക്ടീവ് തലത്തിലുള്ള മള്‍ട്ടിപ്പിള്‍ ചോയിസ് ആണ്.
ഫൈനല്‍ പരീക്ഷ
ആകെ 350 മാര്‍ക്ക്. സിലബസ് പ്രഖ്യാപിച്ചിട്ടില്ല. 300 മാര്‍ക്കിന്റെ വിവരിച്ചെഴുതുന്ന പരീക്ഷ (ഡിസ്‌ക്രിപ്റ്റീവ്). 2 മണിക്കൂര്‍ വീതമുള്ള 3 പേപ്പറുകള്‍ (ഓരോ പേപ്പറിനും 100 മാര്‍ക്ക്). ഇന്റര്‍വ്യൂ 50 മാര്‍ക്കിന് (സിവില്‍ സര്‍വീസിന് 20 മാര്‍ക്ക് മാത്രം).
ഒഴിവ്
നൂറിനു താഴെ ഒഴിവുകളാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. ഒഴിവുകളുടെ എണ്ണം സര്‍ക്കാര്‍ പിന്നീട് പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."