വേദനിക്കുന്ന രോഗികള്‍ക്കായി ചീങ്ങേരിയിലെ ടാക്‌സി വാഹനങ്ങള്‍ ഇന്ന് നിരത്തിലിറങ്ങും
മീനങ്ങാടി: ചീങ്ങേരി പള്ളിയിലെ ഇടവകക്കാരുടെ ടാക്‌സി വാഹനങ്ങള്‍ നാളെ ഓടുക മഹത്തായ ലക്ഷ്യത്തോടെയാണ്. അര്‍ബുദം എന്ന മാരകരോഗം ബാധിച്ച് മാനസികമായും ശാരീരികമായും സാമ്പത്തികമായും തളര്‍ന്നവരെ ആശ്വസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ. അതിനായി നാളെ വാഹനമോടി ലഭിക്കുന്ന മുഴുവന്‍ വരുമാനവും അര്‍ബുദ രോഗികളുടെ ചികിത്സക്ക് വേണ്ടി മാറ്റിവെക്കുകയാണിവര്‍.
ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ഫിനിക്‌സ് സഹായനിധി മുഴുവന്‍ ഇടവകാംഗങ്ങളുടേയും പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന 'അര്‍ബുദരോഗികളെ ആശ്വസിപ്പിക്കാന്‍ അണിചേരാം' എന്ന പദ്ധതിയാണ് അര്‍ബുദരോഗികള്‍ക്ക് കൈത്താങ്ങാവുന്നത്.
50,000 രൂപ വീതം 50 അര്‍ബുദ രോഗികള്‍ക്ക് നല്‍കുക എന്നതാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. വയനാട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പുളിക്കല്‍ സജിയുടെ ചീങ്ങേരി ട്രാവല്‍സ് അതിരമ്പുഴയില്‍ എ.പി ജോസിന്റെ സെന്റ് മേരീസ് ട്രാവല്‍സ്, ആടുകാലില്‍ എ.ഐ കുര്യാക്കോസിന്റെ ഏദന്‍ ട്രാവല്‍സ് എന്നീ മൂന്ന് ബസുകളും വഴിക്കുടി ബിജോയ്, മലയില്‍ പുത്തന്‍ പുരയില്‍ റിജോഷ്, പെരുമ്പള്ളില്‍ മനോജ്, കിഴക്കേപീടിയേക്കല്‍ എല്‍ദോ എന്നിവരുടെ ഓട്ടോറിക്ഷകളുമാണ് തങ്ങളുടെ ഒരു ദിവസത്തെ മുഴുവന്‍ വരുമാനവും ഈ ജീവകാരുണ്യപ്രവര്‍ത്തനത്തിനുവേണ്ടി മാറ്റിവെക്കുന്നത്. വയനാട് ജില്ല, പ്രത്യേകിച്ച് മീനങ്ങാടി, മാനന്തവാടി മേഖലകള്‍ കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ രോഗികള്‍ ഉള്ള സ്ഥലമാണ്. കുടിയേറ്റ മേഖലയായ ഈ പ്രദേശത്തെ മനുഷ്യര്‍ കാര്‍ഷികവൃത്തി കൊണ്ട് ഉപജീവനം കഴിയുന്നവരും സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്നവരുമാണ്. ആയതുകൊണ്ട് രോഗത്തിന്റെ ഭാരത്താലും സാമ്പത്തികമായ പ്രയാസത്താലും വിഷമിക്കുന്നവരെ ജാതിമതഭേദമെന്യേ സഹായിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നുള്ള ബോധ്യത്തില്‍ നിന്നാണ് ഇടവകയിലെ ഫിനിക്‌സ് സഹായനിധി ഇത്തരം ഒരു പ്രവര്‍ത്തനത്തിന് തയ്യാറായിരിക്കുന്നത്. ചീങ്ങേരി സെന്റ് മേരീസ് തീര്‍ഥാടനകേന്ദ്രം സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന അനേകര്‍ക്ക് സഹായമായി ഫിനിക്‌സ് സഹായനിധി എന്ന പേരില്‍ 11 വര്‍ഷമായി ജാതിമത ഭേദമെന്യേ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചുവരുന്നു.
നാളിതുവരെ ചികിത്സ, വിവാഹം, വിദ്യാഭ്യാസം, ഭവന നിര്‍മ്മാണം, വാര്‍ദ്ധക്യ പെന്‍ഷന്‍, രക്തദാനം, അവയദാനം, സ്‌ക്കോളര്‍ഷിപ്പുകള്‍, മീനങ്ങാടി സര്‍ക്കാര്‍ ആശുപത്രിയില്‍ ഭക്ഷണം, കിടപ്പുരോഗികള്‍ക്ക് വാട്ടര്‍ ബെഡ് വീല്‍ ചെയര്‍ തുടങ്ങി മാതൃകാപരമായ അനേകം പദ്ധതികളിലൂടെ വിവിധ സഹായങ്ങള്‍ ചെയ്തുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."