എ.ടി.എം അക്കൗണ്ടുകളില്‍ നിന്ന് പണം മകവരുന്ന സംഘം സജീവമാവുന്നു
സുല്‍ത്താന്‍ ബത്തേരി: ഉടമകള്‍ അറിയാതെ എ.ടി.എം അക്കൗണ്ടുകളില്‍ നിന്ന് പണം കവരുന്ന സംഘം ജില്ലയില്‍ സജീവമാവുന്നു. ഇതിനകം നിരവധി ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഉടമകള്‍ക്ക് പണം നഷ്ടപെട്ടതായി പരാതി ഉയര്‍ന്നുകഴിഞ്ഞു.
എ.ടി.എം അക്കൗണ്ട് വിവരങ്ങള്‍ ഉടമകളോട് സൂത്രത്തില്‍ ചോദിച്ചറിഞ്ഞാണ് സംഘം പണം കവരുന്നത്. ബാങ്കില്‍ നിന്നോ എ.ടി.എം കൗണ്ടറില്‍ നിന്നോ വിളിക്കുകയാണെന്ന വ്യാജേനയാണ് കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ബാങ്ക് അക്കൗണ്ടിലോ എ.ടി.എം നമ്പറിലോ തിരുത്തല്‍ വേണമെന്നും അബദ്ധം പറ്റിയിട്ടുണ്ടെന്നും പറഞ്ഞ് ധരിപ്പിക്കുകയാണ് ആദ്യം ചെയ്യുക.
ബാങ്ക് അക്കൗണ്ട് നമ്പര്‍, എ.ടി.എം കോഡ്, ആധാര്‍ നമ്പര്‍ എന്നിവയാണ് തട്ടിപ്പ് സംഘം ചോദിച്ചറിയുക. മറുപടി നല്കി 10 മിനിറ്റിനകം അക്കൗണ്ടുകളില്‍ നിന്ന് ഉടമകള്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടാവും. കഴിഞ്ഞ ദിവസം ബത്തേരിക്കടുത്ത നായ്ക്കട്ടിയിലെ യമാമ വീട്ടില്‍ പി.സി അസൈനാര്‍ക്ക് ഇത്തരത്തില്‍ ഒരു ഫോണ്‍കോള്‍ വന്നു. ഹിന്ദിയില്‍ സംസാരിച്ചയാള്‍ എ.ടി.എം അതോറിറ്റിയില്‍ നിന്നാണ് വിളിക്കുന്നതെന്നും എ.ടി.എം അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും പറഞ്ഞു.
എ.ടി.എം സര്‍വിസ് പുനസ്ഥാപിക്കാന്‍ ബാങ്ക് എക്കൗണ്ട് നമ്പര്‍, എ.ടി.എം കോഡ്, ആധാര്‍ നമ്പര്‍ എന്നിവയും ആവശ്യപ്പെട്ടു. എന്നാല്‍ തട്ടിപ്പ് തിരിച്ചറിഞ്ഞ അസൈനാര്‍ ഇതിവിടെ ചിലവാകില്ലെന്ന് പറഞ്ഞതോടെ ഫോണ്‍ കട്ടാവുകയായിരുന്നു. വിവരം ബത്തേരിയിലെ എസ്.ബി.ഐ മാനേജറെ അറിയിച്ചപ്പോള്‍ മറ്റുപലരെയും ഇത്തരത്തില്‍ വിളിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമം നടക്കുന്നതായി അദ്ദേഹം പറഞ്ഞു.
നിരവധി പേരാണ് ഇങ്ങനെ പണം നഷ്ടപെട്ട് പരാതിയുമായി എത്തുന്നത്. ബാങ്ക് അധികൃതര്‍ ഒരു കാരണവശാലും വ്യക്തിഗത വിവരങ്ങള്‍ ഫോണിലൂടെ ആവശ്യപ്പെടില്ലെന്നും അങ്ങനെ ആവശ്യപ്പെടുന്നവര്‍ക്ക് വിവരങ്ങള്‍ കൈമാറരുതെന്നുമാണ് അധികതര്‍ നല്കുന്ന നിര്‍ദ്ദേശം.
തട്ടിപ്പുകള്‍ക്കെതിരെ ബോധവാന്മാരാവണമെന്നും ഇടക്കിടെ അക്കൗണ്ടു ബാലന്‍സ് വിവരങ്ങള്‍ പരിശോധിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."