റിപ്പബ്ലിക് ദിനം ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്ത്യൻ സമൂഹം സമുചിതമായി ആഘോഷിച്ചു
ജിദ്ദ: ഇന്ത്യയുടെ 71ാമത് റിപ്പബ്ലിക് ദിനം സഊദി അടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്ത്യൻ സമൂഹം സമുചിതമായി ആഘോഷിച്ചു.
ജിദ്ദയിലെ ഇന്ത്യന്‍ സമൂഹവും ജന്മനാടിന്റെ ദേശീയ ദിനം സമുചിതമായി ആചരിച്ചു. ഇന്ത്യന്‍ കോണ്സുലേറ്റിന്റെയും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെയും ആഭിമുഖ്യത്തിലായിരുന്നു റിപ്പബ്ലിക് ദിനത്തിലെ ആഘോഷ പരിപാടികള്‍. പ്രവാസി സാമൂഹ്യ സംഘടനകള്‍ റിപ്പബ്ലിക് ദിനത്തെ അടയാളപ്പെടുത്തി കൊണ്ട് സംഘടിപ്പിക്കുന്ന നിരവധി പരിപാടികള്‍ വരും വാരാന്ത്യങ്ങളിലായി അരങ്ങേറും.
ഞായറാഴ്ച കാലത്ത് കോണ്‍സുലേറ്റ് അങ്കണത്തില്‍ ഒത്തുചേര്‍ന്ന നൂറു കണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്‌മാന്‍ ഷെയ്ഖ് ത്രിവര്‍ണ പതാക ഉയര്‍ത്തി.
തുടര്‍ന്ന്, ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ദേശീയഗാനം ആലപിച്ചു. തുടര്‍ന്ന് കോണ്‍സല്‍ ജനറല്‍ രാഷ്ട്രപതിയുടെ എഴുപത്തിയൊന്നാമത് റിപ്പബ്ലിക് ദിന സന്ദേശം സദസ്സിന് ഉപചാരപൂര്‍വം വായിച്ചു കേള്‍പ്പിച്ചു. ഇന്ത്യ ഉയര്‍ത്തി കാണിക്കുന്ന സമാധാന സന്ദേശം അടയാളപ്പെടുത്തി രണ്ടു പ്രാവുകളെ പറപ്പിച്ചു. കോണ്‍സല്‍ ജനറലും പരിപാടിയ്‌ക്കെത്തിയ കുട്ടികളും ചേര്‍ന്ന് കേക്ക് മുറിച്ച് വിതരണം ചെയ്തു.
റിയാദ് ഇന്ത്യൻ എംബസിയിലും അംബാഡർ ഡോ. ഔസാഫ് സഈദും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖും പതാക ഉയർത്തി. ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ ദേശീയ ഗാനം ആലപിച്ചു. ശേഷം ഇരുവരും ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. റിയാദിൽ പ്രവാസി ഭാരതീയരും മറ്റ് രാജ്യക്കാരുമായി അറുന്നൂറോളം ആളുകൾ ആഘോഷത്തിൽ പങ്കുകൊള്ളാനെത്തി. റിയാദിലെ ഇൻറർനാഷണൽ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു.
രാത്രി എട്ടിന് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസിൽ അംബാസഡർ ഡോ. ഒൗസാഫ് സഈദും പത്നി ഫർഹ സഈദും ക്ഷണിക്കപ്പെട്ടവർക്ക് വേണ്ടി അത്താഴ വിരുന്നൊരുക്കി. സൗദി ഭരണാധികാരികളും വ്യവസായ പ്രമുഖരും വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളും ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള പ്രതിനിധികളും എംബസി ഉദ്യോഗ്സ്ഥരും പെങ്കടുത്തു. മുഖ്യാതിഥി റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ അൽസഊദ് രാജകുമാരനും അംബാസഡറും ചേർന്ന് കേക്ക് മുറിച്ചു.
ഇന്ത്യ, സഊദി സൗഹൃദം അടയാളപ്പെടുത്തുന്ന പ്രത്യേക മാഗസിൻ റിയാദ് ഗവർണർ പ്രകാശനം ചെയ്തു. ഇന്ത്യൻ കലാസംഘം അവതരിപ്പിച്ച ഭാംഗ്റ നൃത്തപരിപാടിയും അരങ്ങേറി. മലയാളി ചിത്രകാരി വിനിവി ബ്രഷില്ലാതെ വിരലുകൾ കൊണ്ട് വരച്ച പെയിൻറിങ്ങുകളുടെയും മറ്റൊരു ഇന്ത്യൻ ചിത്രകാരി സാബിഹ മജീദിന്റെയും ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ കേണൽ മനീഷ് നാഗ്പാളിന്റെയും പെയിന്റിങ്ങുകളുടെയും ഉറുദു പത്രപ്രവർത്തകൻ കെ.എൻ. വാസിഫിന്റെ ഫോട്ടോകളുടെയും പ്രദർശനപരിപാടിയും കൾച്ചറൽ പാലസിൽ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു. കാഞ്ചിവരം, മൈസൂർ, ബനാറസ്, കീച്ച എന്നിവിടങ്ങളിൽ നിന്നുള്ള പട്ടുസാരികളുടെയും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രകൃതി മനോഹാരിത വിളിച്ചോതുന്ന ഫോട്ടോകളുടെയും പ്രദർശനവും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."