നിലമ്പൂര്‍ ജില്ലാ ആശുപത്രി: മോര്‍ച്ചറിയിലെ മലിനജലം പുറത്തേക്ക് ഒഴുക്കുന്നത് തടയാന്‍ നടപടി
നിലമ്പൂര്‍: ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുകുന്നത് തടയാന്‍ താല്‍ക്കാലിക സംവിധാനം ഒരുക്കുമെന്ന് ആശുപത്രി മാനേജ്മെന്റ്. ശാശ്വതമായി പരിഹരിക്കാന്‍ സംവിധാനമൊരുക്കാനും തീരുമാനിച്ചു. ആശുപത്രിയിലെ പുതിയ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവൃത്തി ഏറ്റെടുത്ത ബി.എസ്.എന്‍.എല്‍ അധികൃതരുമായി ചര്‍ച്ച നടത്തുന്നതിന് ഉപസമിതിയെ യോഗം ചുമതലപ്പെടുത്തി.
പൈലിങ് ജോലികള്‍ നടത്തുന്നതിനാല്‍ ആശുപത്രിയിലെ വലിയ വാട്ടര്‍ ടാങ്ക് തകരാതെ സംരക്ഷിക്കുന്നതിന് ചെറുടാങ്കുകള്‍ സ്ഥാപിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ജില്ലാ ആശുപത്രിവികസനവുമായി ബന്ധപ്പെട്ട മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്ന കാര്യം എം.എല്‍.എ യുമായി നേരിട്ട് ചര്‍ച്ച നടത്തും. ക്ലീനിങ് തൊഴിലാളികളെ ജോലിക്കെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തെ ഏജന്‍സികള്‍ക്ക് കരാര്‍ കൊടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി. ആശുപത്രിയിലെ എക്സ്റേ ലാബില്‍ ജീവനക്കാരില്ലാത്തത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നതെന്നും ഇതിനു പരിഹാരം കാണാന്‍ നടപടി വേണമെന്നും ആവശ്യം ഉയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് എന്‍.ആര്.എച്ച്.എമ്മുമായി അടിയന്തരമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനും യോഗത്തില്‍ തീരുമാനമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു യോഗം. എം.ഐ ഷാനവാസ് എം.പിയുടെ നിര്യാണത്തില്‍ അനുശോചിച്ചാണ് യോഗം ആരംഭിച്ചത്. കഴിഞ്ഞ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയതിനെ കുറിച്ച് യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."