കാളികാവില്‍ കുന്നിടിച്ച് മണ്ണെടുക്കല്‍; രണ്ടു വാഹനങ്ങള്‍ പിടികൂടി
കാളികാവ്: മലയോരത്തെ കുന്നിടിക്കല്‍ വ്യാപകമായതിനെ തുടര്‍ന്ന് നടപടി ശക്തമാക്കി. തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് നടപടിക്ക് നേതൃത്വം നല്‍കുന്നത്. കുന്നിടിക്കലും വയല്‍ നികത്തലും വ്യാപകമായ കാളികാവില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ റവന്യു സംഘം രണ്ട് വാഹനങ്ങള്‍ പിടികൂടി. കുന്നിടിക്കാന്‍ ഉപയോഗിച്ച മണ്ണുമാന്തി യന്ത്രവും ടിപ്പറുമാണ് പിടികൂടിയത്. പൊലിസിനെയും വില്ലേജ് അധികൃതരേയും അറിയിക്കാതെയാണ് റവന്യു സംഘം പരിശോധന നടത്തിയത്.
വീടുകളുടെ തറയില്‍ നിറക്കാനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മണ്ണെടുപ്പ് നടക്കുന്നത്. രാഷ്ട്രീയ ഇടപെടലും സമ്മര്‍ദവുമുള്ളതിനാല്‍ മണ്ണെടുപ്പിനെതിരെ നടപടിയെടുക്കാന്‍ പൊലിസിന് കഴിയാതെ പോവുകയാണ്. നീര്‍ത്തടങ്ങള്‍ ഉള്‍പ്പെടെ നികത്തുന്ന സാഹചര്യത്തിലാണ് റവന്യു സംഘം നേരിട്ട് നടപടിക്ക് ഇറങ്ങിയിട്ടുള്ളത്.
കാളികാവ് പൊലിസ് സ്റ്റേഷന്‍ സമീപത്തെ കല്ലംകുന്നില്‍ നിന്നാണ് റവന്യു അധികൃതര്‍ വാഹനങ്ങള്‍ പിടികൂടിയത്. പ്രളയ സമയത്ത് വ്യാപകമായ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തുനിന്നാണ് വീണ്ടും മണ്ണെടുത്തിട്ടുള്ളത്. മലയോരത്തുള്ള മണ്ണെടുപ്പിനെതിരെ നടപടി കര്‍ശനമാക്കുമെന്ന് നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്രബോസ് പറഞ്ഞു.
രണ്ട് ദിവസം മുന്‍പ് കാളികാവ് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മാളിയേക്കലില്‍നിന്ന് കുളം നികത്തുന്നതിനിടയില്‍ ഒരു ടിപ്പര്‍ പൊലിസ് പിടികൂടിയിരുന്നു. കല്ലംകുന്നില്‍നിന്ന് പിടികൂടിയ വാഹനങ്ങള്‍ പൊലിസിന് കൈമാറാതെ തഹസിദാറുടെ നേരിട്ടുള്ള കസ്റ്റഡിയിലേക്ക് മാറ്റി. തഹസില്‍ദാര്‍ സുഭാഷ് ചന്ദ്രബോസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ശശിഭൂഷന്‍, ചന്ദ്രമോഹന്‍, ജീവനക്കാരായ നിഥിന്‍, മഹേഷ്, ഫിറോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി വാഹനങ്ങള്‍ പിടികൂടിയത്. വരും ദിവസങ്ങളിലും പ്രദേശത്ത് പരിശോധന തുടരുമെന്ന് റവന്യു സംഘം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."