നരിപ്പറ്റയില്‍ അടച്ചിട്ട വീടുകളില്‍ മോഷണം; സ്വര്‍ണവും പണവും കവര്‍ന്നു പൊലിസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി
കക്കട്ടില്‍: നരിപ്പറ്റയില്‍ അടച്ചിട്ട രണ്ടു വീടുകള്‍ കുത്തിത്തുറന്ന് മോഷണം. മീത്തലെ വേലിക്കാത്ത് മാമി, ഒന്തമ്മല്‍ ശങ്കരന്‍ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. മാമിയുടെ വീട്ടില്‍ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ പെട്ടികളിലും മറ്റുമായി സൂക്ഷിച്ച ഒന്നര ലക്ഷം രൂപയും ഏഴര പവന്റെ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. ഇവിടെ നിന്ന് മോഷ്ടാക്കള്‍ കൈവശപ്പെടുത്തിയ പെട്ടി നരിപ്പറ്റ കൊയ്യാല്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മോഷണ വിവരം പുറത്തറിയുന്നത്.
മാമിയും മകന്‍ ഫിറോസിന്റെ ഭാര്യ റഷീദയുമായിരുന്നു ഇവിടെ താമസം. മാമി അടുത്തുള്ള മകന്റെ വീട്ടിലേക്കും റഷീദ സ്വന്തം വീട്ടിലേക്കും പോയതിനാല്‍ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്നുള്ള അന്വേഷണത്തിനിടയിലാണ് ഒന്തമ്മല്‍ ശങ്കരന്റെ വീട്ടിലും മോഷ്ടാക്കള്‍ കയറിയതായി അറിയുന്നത്. ഇവിടെ നിന്ന് കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അസുഖബാധിതനായ ശങ്കരന്‍ കുറച്ചു ദിവസമായി മകളുടെ വീട്ടിലായതിനാല്‍ വീട് അടച്ചിട്ടിരിക്കുയായിരുന്നു. നാദാപുരം എ.എസ്.പി കുറുപ്പ സ്വാമി, കുറ്റ്യാടി സി.ഐ ലത്തീഫ്, എസ്.കെ സായുജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."