ഏഴിമല മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണും
കണ്ണൂര്‍: ഏഴിമല നാവിക അക്കാദമി മാലിന്യപ്ലാന്റ് പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം കാണാന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി കെ.കെ ശൈലജ. കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കിണറുകളിലെ വെള്ളം കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവല പ്‌മെന്റ് ആന്റ് മാനേജ്‌മെന്റിലും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലാബിലും പരിശോധിച്ചുവരികയാണ്. പ്രശ്‌നത്തിനു കാരണം നാവിക അക്കാദമിയിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റാണോ മറ്റു വല്ല പ്രാദേശികമായ കാരണങ്ങള്‍ ഇതിനുണ്ടോ എന്ന കാര്യം പരിശോധിക്കും. വിഷയം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടുമെന്നും മന്ത്രി അറിയിച്ചു. ജലക്ഷാമം നേരിടുന്നതിന് പഴശ്ശി ജലസേചന പദ്ധതിയെ പരമാവധി ഉപയോഗപ്പെടുത്തണം. കനാലുകള്‍ നവീകരിക്കുന്നതുള്‍പ്പെടെയുള്ള സമഗ്രപദ്ധതി തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
കേന്ദ്രസര്‍ക്കാരിന്റെ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി പ്രകാരം പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് കുടിവെള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് ജില്ലയ്ക്ക് ലഭിച്ച അഞ്ചുകോടി രൂപയില്‍ നാലുകോടിയിലേറെ ഉപയോഗപ്പെടുത്താതെ കിടക്കുകയാണെന്ന് പി.കെ ശ്രീമതി എം.പി കുറ്റപ്പെടുത്തി.
ജില്ലയില്‍ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കാന്‍ പൊലിസും ആര്‍.ടി.ഒയും പദ്ധതി അവിഷ്‌കരിക്കണമെന്ന് സി കൃഷ്ണന്‍ എം.എല്‍.എ, ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ ആവശ്യപ്പെട്ടു. റോഡ് സുരക്ഷയുടെ ഭാഗമായി മാര്‍ച്ച് ഒന്നിന് മുമ്പ് എല്ലാ സ്വകാര്യ ബസുകളും സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണമെന്ന് കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു.
സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികള്‍ ചുരുങ്ങിയത് അഞ്ച് സെന്റ് ഭൂമി കണ്ടെത്തിനല്‍കിയാല്‍ എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ പുതിയ കെട്ടിടം പണിയാന്‍ പദ്ധതിയുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. സ്വന്തമായ പാചകശാലയും സ്റ്റോര്‍ റൂമും ഇല്ലാത്ത സ്‌കൂളുകളുടെ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.
കാല്‍ടെക്‌സ് ജങ്ഷനിലെ സിഗ്നല്‍ ലൈറ്റുകള്‍ റോഡ് മുറിച്ചുകടക്കുന്ന കാല്‍നട യാത്രക്കാര്‍ക്ക് കാണാനാവുംവിധം മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി രണ്ടാഴ്ചയ്ക്കകം ആരംഭിച്ചിട്ടില്ലെങ്കില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ദേശീയപാതയില്‍ ഡിവൈഡറുകളില്‍ റിഫഌക്ടറില്ലാത്തിടങ്ങളില്‍ മാര്‍ച്ച് 31നകം അത് സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ യോഗത്തെ അറിയിച്ചു. പഴയങ്ങാടി ബോട്ട് ജെട്ടി നവീകരിക്കാന്‍ ആവശ്യമായ പദ്ധതി നിര്‍ദേശം തയാറാക്കണമെന്നു ടി.വി രാജേഷ് എം.എല്‍.എ പറഞ്ഞു. എം.എല്‍.എമാരായ ജയിംസ് മാത്യു, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍, വകുപ്പുതലവന്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."