സ്‌കൂളുകള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ രീതിയില്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി
കോഴിക്കോട്: സ്‌കൂളുകളെ ലാഭ-നഷ്ടത്തിന്റെ കണക്കു നിരത്തി റിയല്‍ എസ്റ്റേറ്റ് മാഫിയ രീതിയില്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ട് എല്‍.ഡി.എഫ് നല്‍കിയ സ്വീകരണ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളിന്റെ കാര്യത്തില്‍ റിയല്‍ ഏസ്റ്റേറ്റ് രീതി വരുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മലാപ്പറമ്പ് സ്‌കൂളില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ അറിയിച്ചതാണ്. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകളെ നിലനിര്‍ത്താന്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ഇക്കാര്യത്തില്‍ നിയമത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നും പിണറായി വ്യക്തമാക്കി.
പൊതുവിദ്യാലയങ്ങളുടെ പാശ്ചാത്തല സൗകര്യം വികസിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളും. കേരളത്തിലെ എല്ലാ സ്‌കൂളും ഹൈടെക് സ്‌കൂളായി മാറണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിന് ആവശ്യമായ സാമ്പത്തിക സ്ഥിതി നിലവില്‍ സര്‍ക്കാരിനില്ല. എന്നാല്‍ മറ്റു മാര്‍ഗങ്ങളിലൂടെ സ്‌കൂളുകളുടെ നില മെച്ചപ്പെടുത്താം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അതാത് പ്രദേശങ്ങളിലെ സ്‌കൂളിന്റെ നില മെച്ചപ്പെടുത്താന്‍ സഹായിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പി. മോഹനന്‍ അധ്യക്ഷനായി. മുക്കം മുഹമ്മദ്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, വി.കെ.സി മമ്മദ് കോയ എം.എല്‍.എ, കെ. ദാസന്‍ എം.എല്‍.എ, സി.കെ നാണു എം.എല്‍.എ, ടി.വി ബാലന്‍, കെ.കെ.എന്‍ കുറുപ്പ്, പി.ടി ആസാദ്, സൂര്യനാരായണന്‍, ടി.പി ഹമീദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."