കെ.പി.സി.സിക്ക് അച്ചടക്ക സമിതി ഉടന്‍
തിരുവനന്തപുരം: കെ.പി.സി.സിക്ക് അച്ചടക്ക സമിതി രൂപീകരിക്കുമെന്നും അച്ചടക്കലംഘനം ഒരുതരത്തിലും അനുവദിക്കാനാകില്ലെന്നും പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സിയുടെ പുതിയ ഭാരവാഹികളുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയിലെ അച്ചടക്കത്തിന് അപ്പുറത്തേക്ക് എത്ര വലിയവനായാലും പോകാനാകില്ല.
കെ.പി.സി.സി പുനഃസംഘടനയില്‍ വനിതാ പ്രാതിനിധ്യം കുറവാണെന്നതില്‍ രണ്ടഭിപ്രായമില്ല. വരാന്‍പോകുന്ന സെക്രട്ടറിമാരുടെ പട്ടികയില്‍ ആ ന്യൂനത പരിഹരിക്കും. അഭിപ്രായ സ്വാതന്ത്ര്യം ഏറെയുള്ള കോണ്‍ഗ്രസില്‍ അത് പറയാന്‍ വേദികളുണ്ട്. തെരുവിലല്ല പറയേണ്ടത്. സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച ലതികാ സുഭാഷിന്റെ പ്രതികരണം ഗൗരവമുള്ളതാണ്. ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കും. ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ അച്ചടക്ക സമിതിയുടെ രൂപീകരണം കഴിഞ്ഞ് പരിശോധിക്കുമെന്നും കെ.മുരളീധരന്റെ പ്രതികരണങ്ങളെ ഉള്‍പ്പെടെ ഉദ്ദേശിച്ച് മുല്ലപ്പള്ളി പറഞ്ഞു.
രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നില്ലെന്ന ആക്ഷേപം ആരാണ് ഉന്നയിച്ചതെന്ന് അറിയില്ല. കെ.പി.സി.സി പ്രസിഡന്റായ ശേഷം 12 തവണ രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍, പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന സോഷ്യല്‍ മീഡിയ ഇടപെടല്‍ നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കെ.പി.സി.സി യോഗത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് കെ. മുരളീധരന്‍ എം.പി. പറയാനുള്ളത് പറഞ്ഞിട്ടുണ്ട്. കൂടുതല്‍ വിഴുപ്പലക്കലിനില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."