പൗരത്വ നിയമ ഭേദഗതി: സമരരംഗത്ത് ഒന്നിച്ചുനില്‍ക്കണമെന്ന് എ.കെ ആന്റണി
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി.
ഭരണഘടനാ സംരക്ഷണത്തിനായി 'ഞാന്‍ പൗരന്‍, പേര് ഭാരതീയന്‍' എന്ന സന്ദേശവുമായി സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന കാവല്‍യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മറ്റെല്ലാ വ്യത്യാസങ്ങളും മറന്ന് ആര്‍.എസ്.എസിനെ എതിര്‍ക്കുന്നവരെല്ലാം ഒന്നിച്ചുനില്‍ക്കുകയാണ് വേണ്ടത്. ബഹുസ്വരത തകര്‍ന്നാല്‍ ഇന്ത്യ തകരും. ഇന്ത്യ ജീവിക്കണമെങ്കില്‍ മോദി സര്‍ക്കാരിനെയും ആര്‍.എസ്.എസിനെയും തളച്ചുകെട്ടണം.
മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നശേഷം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ തകര്‍ക്കുന്ന നിയമങ്ങള്‍ പാസാക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പൗരത്വ നിയമ ഭേദഗതി. രാജ്യത്ത് നിലവിലുള്ള ഭരണഘടനയെ തകര്‍ത്ത് പുതിയ ഭരണഘടന കൊണ്ടുവരണമെന്ന ആര്‍.എസ്.എസിന്റെ നടക്കാതെപോയ ആഗ്രഹം പടിപടിയായി നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍, പാലോട് രവി തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്നലെ തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ കാവല്‍യാത്ര ഫെബ്രുവരി 13ന് കാസര്‍കോട്ട് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."