ആയുര്‍വേദ സ്പോര്‍ട്സ് ആശുപത്രി നാളെ നാടിന് സമര്‍പ്പിക്കും
തൃശൂര്‍: ആയുര്‍വേദ സ്പോര്‍ട്സ് ആശുപത്രി നാളെ വൈകിട്ട് മൂന്നിന് മുഖ്യന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിക്കും. മൂന്നു നിലകളിലായി 31,000 ചതുരശ്ര അടിയില്‍ 8.16 കോടി രൂപ മുതല്‍ മുടക്കിലാണ് ആശുപത്രി നിര്‍മിച്ചത്. 50 കിടക്കകളോടുകൂടിയ ആശുപത്രി അന്താരാഷ്ട്ര കായിക താരങ്ങള്‍ക്കു പോലും പ്രവേശനം നല്കത്തക്ക സൗകര്യങ്ങളുള്ളവയാണ്. ചികിത്സാ മുറി,ബെഡ്റൂം, വിസിറ്റേഴ്സ് റൂം എന്നിവയുള്‍പ്പെടുന്ന അഞ്ചു സ്യൂട്ട് റൂമുകള്‍ ഇവിടെയൊരുക്കുന്നുണ്ട്.
സാധാരണ കായിക താരങ്ങള്‍ക്ക് സൗജന്യ ചികിത്സയാണ് നല്‍കുന്നത് എങ്കിലും സ്യൂട്ട് റൂമുകളിലെ ചികിത്സക്ക് പണം ഈടാക്കും. 30 കിടക്കകള്‍ വീതമുള്ള രണ്ട് മെയില്‍ വാര്‍ഡ്, 15 കിടക്കകളുള്ള ഒരു ഫീമെയ്ല്‍ വാര്‍ഡ് എന്നിവയും ഉണ്ട്. വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം, ഔട്ട് പേഷ്യന്റ് ചികിത്സക്കായി പ്രത്യേക ഒ.പി സംവിധാനങ്ങള്‍ എന്നിവയുമുണ്ട്. കായിക താരങ്ങളുടെ മാനസിക പിരിമുറുക്കം കുറക്കാനും ഏകാഗ്രത വര്‍ധിപ്പിക്കാനുമായി യോഗ ആന്‍ഡ് മെഡിറ്റേഷന്‍ സൗകര്യങ്ങള്‍, ആധുനിക ജിംനേഷ്യം, സിന്തറ്റിക് ട്രാക്ക്, എക്സൈസ് പൂള് എന്നിങ്ങനെ മികച്ച സൗകര്യങ്ങളോടെയാണ് ചികിത്സ. ഇതോടൊപ്പം ന്യുട്രീഷ്യനിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ സേവനവും ലഭ്യമാവും. കായിക ക്ഷമത വര്‍ധിപ്പിക്കാനും പരുക്കില്‍ നിന്നും മുക്തി നേടാനുമായി ആരംഭിച്ച പദ്ധതിയാണ് സ്പോര്‍ട്സ് ആയുര്‍വേദ. എട്ടുജില്ലകളിലായി വളരെ വിജയകരമായാണ് പദ്ധതി നീങ്ങുന്നത്. തൃശൂരിലെ രാമവര്‍മ ഗവ.ആയുര്‍വേദ ആശുപത്രി കോംപൗണ്ടിനോടു ചേര്‍ന്നാണ് സ്പോര്‍ട്സ് ആശുപത്രി. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ മഞ്ജുള അരുണന്, ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ എസ്. ഷിബു, സ്പോര്‍ട്സ് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ്ജ് ഡോ. പ്രീതി ജോസ്, അക്കൗണ്ട്സ് ഓഫിസര്‍ എം.കെ സത്യനാഥന് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."