HOME
DETAILS
MAL
ബോഡോ തീവ്രവാദികളുമായി കേന്ദ്രം സമാധാന കരാര്‍ ഒപ്പിട്ടു
backup
January 28 2020 | 05:01 AM
ന്യൂഡല്‍ഹി: പതിറ്റാണ്ടുകളായി തുടരുന്ന രക്തരൂഷിത ഏറ്റുമുട്ടലിന് വിരാമമിട്ട് അസമിലെ നിരോധിത ബോഡോ തീവ്രവാദികളുമായി സര്‍ക്കാര്‍ സമാധാന കറാറില്‍ ഒപ്പിട്ടു. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍, നാഷനല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ്(എന്‍.ഡി.എഫ്.ബി), എ.ബി.എസ്.യു സംഘടനാ നേതാക്കളും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമാണ് ത്രികക്ഷി കരാറില്‍ ഒപ്പുവച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിലായിരുന്നു കരാര്‍ ഒപ്പുവച്ചത്.
ചരിത്രപരം എന്നാണ് കരാറിനെ അമിത് ഷാ വിശേഷിപ്പിച്ചത്. കരാര്‍ ബോഡോ മേഖലയുടെയും അസമിന്റെയും വികസനത്തിന് സഹായിക്കുമെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ തവണ വിട്ടുനിന്ന മൂന്ന് വിഭാഗങ്ങളെ കൂടി ഇത്തവണ പങ്കാളികളാക്കാന്‍ കഴിഞ്ഞതിനാല്‍ കരാര്‍ ശാശ്വതമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രക്ഷോഭങ്ങള്‍ നടത്തിയവരോട് കേന്ദ്രം കരാര്‍ പ്രകാരം അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതനുസരിച്ച് 1,500ലധികം തീവ്രവാദികള്‍ ജനുവരി 30ന് കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരികെയെത്തുന്നവര്‍ തീവ്രവാദികളല്ല, എല്ലാവരും നമ്മുടെ സഹോദരന്മാരാണെന്ന് അമിത് ഷാ പറഞ്ഞു.
ഇവരില്‍ ക്ലീന്‍ റെക്കോര്‍ഡ് ഉള്ളവരെ അര്‍ധസൈനിക വിഭാഗത്തിന്റെ ഭാഗമാക്കുമെന്നും ബോഡോ പ്രക്ഷോഭങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി 5 ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
കരാര്‍ അസമിന്റെ പ്രാദേശിക അഖണ്ഡത കാത്തുസൂക്ഷിക്കുമെന്നും ബോഡോ ജനതയുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിന് 1500 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ഉള്‍ക്കൊള്ളുതാണ് കരാറെന്നും അസം മന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മ പറഞ്ഞു.
കരാര്‍ പ്രകാരം, ബി.ടി.എ.ഡി എന്നറിയപ്പെടുന്ന പ്രദേശത്തെ ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ റീജ്യണ്‍ എന്ന് പുനര്‍നാമകരണം ചെയ്യും. അസമിലെ മലയോര ജില്ലകളില്‍ താമസിക്കുന്ന ബോഡോ ജനതയ്ക്ക് കേന്ദ്രം 'മലയോര ഗോത്ര' പദവി നല്‍കും. ദേവനാഗിരി ലിപിയോടുകൂടിയ ബോഡോ ഭാഷ അസമിലെ ഔദ്യോഗിക ഭാഷകളില്‍ ഉള്‍പ്പെടുത്തും .
ബോഡോ മേഖലകളുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ മൂന്ന് വര്‍ഷം 250 കോടി രൂപ വീതവും തുല്യ തുക കേന്ദ്രവും സംഭാവന ചെയ്യും. ബോഡോ നേതാവ് ഉപേന്ദ്രനാഥിന്റെ പേരില്‍ ഒരു കേന്ദ്ര സര്‍വകലാശാലയും ദേശീയ കായിക സര്‍വകലാശാലയും സ്ഥാപിക്കല്‍ തുടങ്ങിയവയും കരാറിന്റെ ഭാഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."