എന്‍.ആര്.സിയും സി.എ.എയും എതിര്‍ക്കുന്നതാണ് ഏറ്റവും വലിയ രാജ്യസ്നേഹം, കേള്ക്കപ്പെടുന്നതു വരെ നാം ശബ്ദം ഉയര്‍ത്തിക്കൊണ്ടേയിരിക്കുക- പൂജാ ഭട്ട്
മുംബൈ: എന്‍.ആര്.സിയും സി.എ.എയും എതിര്‍ക്കുന്നതാണ് ഏറ്റവും വലിയ രാജ്യസ്നേഹമെന്ന് ബോളിവുഡ് താരം പൂജാ ഭട്ട്. ഭരിക്കുന്ന പാര്‍ട്ടിയാണ് തങ്ങളെ ഒരുമിപ്പിച്ചതെന്ന സന്ദേശമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയും എന്‍. ആര്.സിക്കെതിരെയും പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നമ്മുടെ മൗനം നമ്മളെയോ സര്‍ക്കാറിനെയോ രക്ഷിക്കില്ല. ഇത് ശബ്ദമുയര്‍ത്താനുള്ള സമയമാണ്. നാം കേള്ക്കപ്പെടുന്നതുവരെ ശബ്ദം ഉയര്‍ത്തിക്കൊണ്ടിരിക്കുക. ഉച്ചത്തിലും വ്യക്തമായും. ഇതിനെ എതിര്‍ക്കുന്നതാണ് ഏറ്റവും വലിയ രാജ്യസ്നേഹം'- അവര്‍ പറഞ്ഞു.
സി.എ.എക്കും എന്‍.ആര്.സിക്കുമെതിരെ സൗത്ത് മുംബൈയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സ്വന്തം വീടിനെ തന്നെ വിഭജിക്കുന്ന സി.എ.എയും എന്‍.ആര്.സിയും പിന്തുണക്കാനാവില്ല പൂജാ ഭട്ട് തുറന്നടിച്ചു.
പാര്‍ച്ചം ഫൗണ്ടേഷനും വീ ദ പീപ്പിള്‍ ഓഫ് മഹാരാഷ്ട്രയും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിച്ചത്. സി.എ.എ, എന്‍.ആര്.സി, എന്‍.പി.ആര് എന്നിവയില്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ നിലപാട് 30 ദിവസത്തിനകം അറിയിക്കണമെന്നാവശ്യപ്പെട്ട് പൂജാ ഭട്ട് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഒപ്പിട്ട നിവേദം സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."