കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം: നോര്‍ത്ത്, സൗത്ത് ഡിവിഷനുകളില്‍ ഫയര്‍ലൈന്‍ നിര്‍മാണം ആരംഭിച്ചു
കല്‍പ്പറ്റ: കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനം-വന്യജീവി വകുപ്പ് നോര്‍ത്ത്, സൗത്ത് ഡിവിഷനുകളില്‍ ഫയര്‍ലൈന്‍ നിര്‍മാണം തുടങ്ങി. മേപ്പാടി, കല്‍പ്പറ്റ, ചെതലത്ത് റേഞ്ചുകള്‍ ഉള്‍പ്പെടുന്ന തെക്കേ വയനാട് വനം ഡിവിഷനില്‍ 130ഉം പേരിയ, ബേഗൂര്‍, മാനന്തവാടി റേഞ്ചുകള്‍ അടങ്ങുന്ന വടക്കേവയനാട് ഡിവിഷനില്‍ 211ഉം കിലോമീറ്റര്‍ ഫയര്‍ലൈനാണു നിര്‍മിക്കുന്നത്.
ജനവാസ കേന്ദ്രങ്ങളില്‍നിന്നു തീ വനത്തിലേക്കു പടരുന്നതു തടയാന്‍ അതിര്‍ത്തിയിലും കാനനപാതകളോടു ചേര്‍ന്നും അടിക്കാടു നീക്കി 5.2 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്നതാണ് ഫയര്‍ലൈന്‍. സൗത്ത് വയനാട് ഡിവിഷനില്‍ ഫയര്‍ലൈന്‍ നിര്‍മാണം ഏകദേശം 60 ശതമാനം പൂര്‍ത്തിയായതായി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ പി. രഞ്ജിത്ത് പറഞ്ഞു. കാട്ടുതീ പ്രതിരോധത്തിന് ജനുവരി 15നുശേഷം 39 ഫയര്‍ ഗാങ്ങുകളെയും നിയോഗിക്കും.
ശരാശരി നാലു പേരടങ്ങുന്നതാണ് ഒരു ഫയര്‍ഗാങ്. തീപിടിത്തമുണ്ടായാല്‍ നിയന്ത്രിക്കുന്നതിനും അണയ്ക്കുന്നതിനുമുള്ള അത്യാവശ്യ ഉപകരണങ്ങള്‍ ഓരോ സംഘത്തിനും നല്‍കും. നോര്‍ത്ത് വയനാട് ഡിവിഷനില്‍ ബേഗൂര്‍ റേഞ്ചില്‍ 80ഉം പേരിയ, മാനന്തവാടി റേഞ്ചുകളില്‍ 65.5 വീതവും കിലോമീറ്റര്‍ ഫയര്‍ലൈനാണു തീര്‍ക്കുന്നത്. 28 ഫയര്‍ ഗാങ്ങുകളും ഡിവിഷനിലുണ്ടാകും.
കാട്ടുതീ പ്രതിരോധത്തിന്റെ ഭാഗമായി സൗത്ത് വയനാട് വനം ഡിവിഷനില്‍ 12 ഏറുമാടങ്ങള്‍ പണിതിട്ടുണ്ട്. ഉള്‍വനത്തില്‍ തീ വീഴുന്നതു നിരീക്ഷിക്കാനും വിവരം അപ്പോള്‍ത്തന്നെ വനം ഓഫിസില്‍ അറിയിക്കുന്നതിനും മാടങ്ങളില്‍ വാച്ചര്‍മാരെ നിയോഗിക്കും.
വനത്തോടു ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങളില്‍ ബോധവത്കരണവും പ്രതിരോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."