കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കണമെന്ന് ആവശ്യം
പുല്‍പ്പള്ളി: കടക്കെണിയിലായ വയനാട്ടിലെ കര്‍ഷകര്‍ക്ക് മൂന്നു വര്‍ഷത്തെ കാലാവധിക്ക് പലിശരഹിത വായ്പ നല്കി ആത്മഹത്യയില്‍നിന്നു രക്ഷിക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി അംഗം കെ.കെ ഏബ്രഹാം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക കടങ്ങള്‍ക്കുള്ള മോറട്ടോറിയം തട്ടിപ്പാണ്. കാര്‍ഷിക വായ്പകള്‍ പലിശരഹിത വായ്പകളാണ്. വര്‍ഷങ്ങളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണു കാര്‍ഷിക വായ്പകളുടെ പലിശ നല്കി വരുന്നത്.
കാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയത്തിന്റെ ആവശ്യമില്ല. കാര്‍ഷികേതര വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുകയും മോറട്ടോറിയം കാലത്തെ പലിശബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്ത് ധനകാര്യ സ്ഥാപനങ്ങള്‍ക്കു കൈമാറുകയുമാണു വേണ്ടത്. ദീര്‍ഘകാലത്തെ വരള്‍ച്ചയും കൃഷിനാശവും ഉല്പാദനക്കുറവും ഉല്പന്നങ്ങളുടെ വിലത്തകര്‍ച്ചയും കൊണ്ട് ജീവിതം വഴിമുട്ടിയ കര്ഷകസമൂഹത്തിനുമേല് ഇടിത്തീയായി വന്ന പ്രളയ ദുരന്തം ജീവിതം ദുരിതപൂര്‍ണമാക്കി. കുരുമുളക്, കാപ്പി, തേയില, കവുങ്ങ്, ഇഞ്ചി, വാഴ തുടങ്ങിയ മുഴുവന്‍ വിളകളും നശിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സമൂഹം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. കര്‍ഷകരുടെ പ്രതിസന്ധി ചൂഷണം ചെയ്യാന്‍ ബ്ലേഡു കമ്പനികളും വട്ടിപ്പലിശക്കാരും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ വിവിധ ബാങ്കുകളില്നിന്നെടുത്തിട്ടുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുകയും കാര്‍ഷികേതര വായ്പകളുടെ പലിശബാധ്യത എറ്റെടുക്കുകയും മൂന്നു വര്‍ഷത്തേയ്ക്ക് പലിശരഹിത വായ്പ നല്‍കിയും സഹായിക്കണമെന്ന് കെ.കെ ഏബ്രഹാം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."