ജിഷ്ണുവിന്റെ മരണം: യു.ഡി.എഫ് ഉപവസിക്കും
കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് യു.ഡി.എഫ് ആക്ഷന്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജിഷ്ണു മരണപ്പെട്ടിട്ട് രണ്ടുമാസത്തോളമായിട്ടും ഉത്തരവാദികളെ അറസ്റ്റ് ചെയ്യാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. ഒന്നാം പ്രതി കൃഷ്ണദാസിന് കോടതി ആനുകൂല്യം നല്‍കിയിട്ടുണ്ടെങ്കിലും മറ്റു പ്രതികളുടെ കാര്യത്തില്‍ പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്നും കമ്മിറ്റി ആരോപിച്ചു.
പ്രതികള്‍ക്കെതിരേ കൊലപാതകത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുക, ജിഷ്ണുവിന്റെ കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുക, ദുരൂഹത പുറത്ത് കൊണ്ടുവരിക എന്നീ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് 27ന് വളയത്ത് ഏകദിന ഉപവാസം സംഘടിപ്പിക്കും.
രാവിലെ പത്തിന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല മുഖ്യപ്രഭാഷണം നടത്തും. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി സെക്രട്ടറി കെ. പ്രവീണ്‍ കുമാര്‍, അഹമ്മദ് പുന്നക്കല്‍, സൂപ്പി നരിക്കാട്ടേരി, അഡ്വ.എ. സജീവന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."