സംഘ് പരിവാര്‍ ക്രിമിനലുകള്‍ ഹിഫ്‌ള് കോളജ് വിദ്യാര്‍ഥികളെ ക്രൂരമായി അക്രമിച്ചു: പ്രതിയെ പിടിച്ച നാട്ടുകാര്‍ക്കെതിരെ കേസ്
കുമ്പള(കാസര്‍കോട്): കുമ്പള ബംബ്രാണയില്‍ മദ്‌റസ വിദ്യാര്‍ഥികളെ സംഘ് പരിവാര്‍ ക്രിമിനല്‍ സംഘം അക്രമിച്ചു. സംഭവത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥികളെ കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളായ ഹസന്‍ സെയ്ദ്(15), ബംബ്രാണയിലെ മുബാസ് എന്നിവര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്.
സംഘപരിവാര്‍ പ്രവര്‍ത്തകരായ രവി, മകന്‍ കിരണ്‍, കിഷോര്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികളെ അക്രമിച്ചതെന്നാണ് വിവരം.
ബംബ്രാണ ജുമാമസ്ജിദിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഉലൂം ഹിഫ്‌ള് കോളജ് വിദ്യാര്‍ഥികളാണ് ഇവര്‍. ഇവര്‍ മസ്ജിദില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥികളാണ്
കഴിഞ്ഞ രാത്രിയാണ് സംഭവം. ബംബ്രാണ കക്കളംകുന്ന് മസ്ജിദിനു സമീപത്തെ വീട്ടില്‍ നിന്നും രാത്രി ഭക്ഷണം കഴിച്ച ശേഷം കോളജിലേക്ക് തിരികെ പോവുകയായിരുന്ന കുട്ടികളെ അത് വഴി കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു.
വിദ്യാര്‍ഥികളെ തടഞ്ഞു നിര്‍ത്തി തൊപ്പി ധരിച്ചത് എന്തിനാണെന്ന് ചോദിച്ച സംഘം സി.എ.എ, എന്‍.ആര്‍. സി എന്നിവ അംഗീകരിക്കുന്നില്ലെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.
കാറില്‍ മാരക ആയുധങ്ങളുമായാണ് സംഘം എത്തിയത്. കുട്ടികളുടെ ഫലം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സംഘത്തില്‍പ്പെട്ട കിരണിനെ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. കാറും ആയുധങ്ങളും പൊലിസ് കസ്റ്റഡിയിലെടുത്തു.രാത്രികാലങ്ങളില്‍ പേര് ചോദിച്ച് മര്‍ദ്ദിച്ചതടക്കം നിരവധി കേസുകളില്‍ പ്രതികളാണ് സംഘത്തില്‍ പെട്ടവര്‍. അതിന്‌ടെ നാട്ടുകാര്‍ പിടി കൂടി പൊലിസില്‍ ഏല്‍പ്പിച്ച പ്രതിയെ പൊലിസ് വിട്ടയച്ചു. സംസ്ഥാന മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയന്‍ ജില്ലയിലെത്തിയ ദിവസമാണ് കുമ്പള പൊലിസിന്റെ പൊറാട്ടു നാടകം. ആയുധങ്ങളുമായി പിടിയിലായ സംഘ് പരിവാര്‍ പ്രവര്‍ത്തകനെ മോചിപ്പിച്ച പൊലിസ് പ്രതിയെ പിടികൂടി പൊലി സിനെ ഏല്പിച്ച കണ്ടാലറിയാവുന്ന അന്‍പതോളം നാട്ടുകാര്‍ക്കെതിരെ പൊലിസ് കേസെടുത്തു.
പിടിച്ചു വച്ച പ്രതിയെ കൊണ്ട് പോകാനെത്തിയ പൊലിസ് നാട്ടുകാര്‍ക്കെതിരെ കേസെടുക്കാന്‍ ഇയാളെ മര്‍ദിച്ചതായി ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോയതായും നാട്ടുകാര്‍ പറഞ്ഞു. ആയുധങ്ങളുമായി ഒരു പ്രതിയെ നാട്ടുകാര്‍ തടഞ്ഞു വച്ച് പൊലിസില്‍ ഏല്പിച്ചതായി നാട്ടുകാര്‍ ഒന്നടങ്കം പറയുമ്പോഴും അങ്ങനെ ഉള്ളതായി അറിവില്ലെന്നു കുമ്പള സി.ഐ മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ധീനോട് വ്യക്തമാക്കി. നാട്ടുകാരുടെ മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റു പിടികൂടപ്പെട്ട പ്രതി ആശുപത്രിയിലാണെന്നാണ് സി.ഐ ഖമറുദ്ധീന്‍ എം.എല്‍.എയോട് പറഞ്ഞത്.എന്നാല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന പ്രതി ഇന്നലെ രാവിലെ ബംബ്രാണ കവലയിലെത്തി നാട്ടുകാര്‍ക്ക് നേരെ കൊലവിളി നടത്തിയത് എങ്ങിനെയെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് ഉത്തരമില്ല.സി.എ.എ പ്രശ്‌നം നാടാകെ പ്രതിഷേധം ഉയര്‍ത്തി വരുന്നതിനിടയില്‍ മംഗളൂരുവില്‍ നിന്നും ആയുധ ധാരികളായ ഒട്ടനവധി സംഘങ്ങള്‍ ജില്ലയില്‍ കലാപം ഉണ്ടാക്കാന്‍ എത്തിയതായി പത്തു ദിവസം മുമ്പ് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജില്ലയില്‍ ജാഗ്രത പാലിച്ചു വരുന്നതിനിടയിലാണ് വിദ്യാര്‍ഥികളെ അക്രമിച്ച പ്രതിയെ കൈവിട്ട് നാട്ടുകാര്‍ക്കെതിരെ പൊലിസ് തിരിഞ്ഞ സംഭവം ജില്ലയില്‍ ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."