ഭൂരേഖാ വിതരണം; നടപടികള്‍ ത്വരിതപ്പെടുത്തും: എം.എല്‍.എ
കല്‍പ്പറ്റ: ജില്ലയില്‍ വിവിധ ഭൂരേഖകളുടെ വിതരണം ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടയവിതരണ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലാത്ത പ്രദേശങ്ങളിലെ വിതരണ നടപടികളും പൂര്‍ത്തിയാക്കണം. മാറിമാറി വരുന്ന എല്ലാ സര്‍ക്കാരുകളും ഭൂരേഖാ വിതരണം കാര്യക്ഷമമാക്കാന്‍ പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങളാണ് വിതരണം മന്ദഗതിയിലാക്കുന്നത്. ജില്ലയില്‍ കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന്റെ കുടുംബത്തിന്റെ കേസുപോലെ സംസ്ഥാനത്ത് ഭൂമി സംബന്ധിച്ച പല കേസുകളും കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ടുതന്നെ സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്നില്ലെന്നും എം.എല്‍.എ പറഞ്ഞു.
റവന്യൂദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാതല പട്ടയമേളയും കൈവശരേഖാ വിതരണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായ വിതരണവും നടത്തി. കലക്ടറേറ്റിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ.എം ഹാരിഷിനെ ചടങ്ങില്‍ ആദരിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ 15 പട്ടയങ്ങളും വൈത്തിരിയിലെ 39 പട്ടയങ്ങളും 11 കൈവശരേഖകളും മാനന്തവാടിയിലെ 22 കൈവശരേഖകളും മാനന്തവാടി ലാന്‍ഡ് ട്രൈബ്യൂണലിലെ 30 പട്ടയങ്ങളുമാണ് വിതരണം ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും തെരഞ്ഞെടുത്ത 16 പേര്‍ക്ക് ചടങ്ങില്‍ ഓരോ ലക്ഷം രൂപ വീതം ധനസഹായവും നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായി. ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, ഡെപ്യൂട്ടി കലക്ടര്‍മാരായ എ ഗോപകുമാര്‍, ജയപ്രകാശ്, കതിര്‍ വടിവേലു, തഹസില്‍ദാര്‍മാരായ എം.ജെ സണ്ണി, എസ് ശങ്കരന്‍ നമ്പൂതിരി, എന്‍.ഐ ഷാജു, അഡീ.തഹസില്‍ദാര്‍ അബൂബക്കര്‍, ഹുസൂര്‍ ശിരസ്തദാര്‍ ഇ.പി മേഴ്‌സി, ഫിനാന്‍സ് ഓഫിസര്‍ കെ.പി മനോജന്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."