വിഖായക്കു ജാമിഅ നൂരിയ്യയുടെ സ്‌നേഹാദരം
ഫൈസാബാദ്: പ്രളയദുരന്തമുഖത്തെ മാതൃകാപരമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ എസ്.കെ.എസ്.എസ്.എഫ് സന്നദ്ധവിഭാഗമായ വിഖായക്കു ജാമിഅ നൂരിയ്യയുടെ സ്‌നേഹാദരം.ഇന്നലെ വൈകിട്ട് നടന്ന എന്‍വിറോണ്‍മെന്റ് സെഷനിലാണ് വിഖായക്കു പുരസ്‌കാരം സമ്മാനിച്ചത്.
കേരളത്തെ ഭീതിയിലാഴ്ത്തിയ ദുരന്തമുഖത്ത് ആത്മാര്‍ഥമായ സന്നദ്ധസേവനം കാഴ്ചവച്ച വളണ്ടിയര്‍ ടീം അംഗങ്ങളെ നേതാക്കള്‍ അഭിനന്ദിച്ചു. കരിഞ്ചോലമല ദുരന്തത്തിലെ മൃതദേഹങ്ങള്‍ക്കു വേണ്ടി നടത്തിയ തിരച്ചില്‍, സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കുടുംബാംഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കല്‍, മസ്ജിദുകളുടേയും ഭവനങ്ങളുടേയും ശുചീകരണം, ദുരിതാശ്വാസ ക്യാംപുകളിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, മാലിന്യ നിര്‍മാര്‍ജനം, നദീ സംരക്ഷണ പരിപാടികള്‍, ഭവന പുനര്‍നിര്‍മാണ പ്രവൃത്തികള്‍, ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും എത്തിച്ചു നല്‍കല്‍, ഗൃഹോപകരണങ്ങളുടെയും പഠന സാമഗ്രികളുടെയും വിതരണം, സാമ്പത്തിക സഹായം തുടങ്ങി വിഖായയുടെ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് സ്‌നേഹാദരം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം സമ്മാനിച്ചു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുസലാം ഫറോക്ക്, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, റഷീദ് വെങ്ങപ്പള്ളി, ഗഫൂര്‍ മുണ്ടുപാറ, സുബൈര്‍ മുസ്‌ലിയാര്‍ പാലക്കാട് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."