തിരുവാഭരണ ഘോഷയാത്ര ഇന്ന്; 14ന് മകരവിളക്ക്
പത്തനംതിട്ട: ആശങ്കകള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചക്ക് ഒന്നോടെ പന്തളത്തുനിന്ന് പുറപ്പെടും.
14 നാണ് മകരവിളക്ക്. പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങള്‍ ഇന്നുരാവിലെ വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് മാറ്റും. തുടര്‍ന്ന് ആഭരണങ്ങള്‍ ഭക്തജന ദര്‍ശനത്തിനായി വയ്ക്കും. 12 ഓടെ തിരുവാഭരണ യാത്രക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. മൂന്ന് പേടകങ്ങളിലായാണ് ഇവ സന്നിധാനത്തേക്ക് കൊണ്ടുപോകുക. ഉച്ചക്ക് ഒരുമണിയോടെ തിരുവാഭരണ പേടകങ്ങള്‍ ശിരസിലേന്തും. കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പേടകങ്ങള്‍ ചുമക്കുക. 14ന് സന്ധ്യയോടെ സന്നിധാനത്തെത്തും.
തിരുവാഭരണ പേടകം പതിനെട്ടാം പടികയറി സോപാനത്തെത്തിക്കും. തുടര്‍ന്ന് പേടകം ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോകും. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ആഭരണങ്ങള്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തും. തുടര്‍ന്ന് നട തുറന്നതിനുശേഷം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. 20ന് നടയടച്ച ശേഷം തിരുവാഭരണങ്ങള്‍ മടക്കയാത്ര ആരംഭിക്കും.
21ന് പെരുന്നാട് ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തും. 23 ന് തിരുവാഭരണങ്ങള്‍ പന്തളത്ത് തിരികെയെത്തിച്ചതിനുശേഷം പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിക്കും.എന്നാല്‍, തിരുവാഭരണ ഘോഷയാത്രക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്ന് പറഞ്ഞ് കൊട്ടാരം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ആവശ്യമായ സുരക്ഷയൊരുക്കുമെന്നും പൊലിസ് ഹൈക്കോടതിയില്‍ അറിയിച്ചു.
ശബരിമല യുവതീ പ്രവേശനത്തിനെതിരായ സമരങ്ങളില്‍ സജീവ പങ്കാളികളായവര്‍ക്ക് സുരക്ഷയുടെ ഭാഗമായി തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്ന് കാട്ടി പൊലിസ് കൊട്ടാരത്തിനു കത്തു നല്‍കിയിരുന്നു.
രാജപ്രതിനിധിക്കുപോലും ഇതോടെ പിന്‍വാങ്ങേണ്ടി വരുന്ന സാഹചര്യം കൊട്ടാരത്തെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. പൊലിസ് നിലപാട് തിരുത്തിയില്ലെങ്കില്‍ തിരുവാഭരണ ഘോഷയാത്ര നടക്കില്ലെന്ന ശക്തമായ നിലപാടാണ് കൊട്ടാരം സ്വീകരിച്ചത്. പിന്നീട് പൊലിസിനെ ആക്രമിച്ചവരെയും പൊതുമുതല്‍ നശിപ്പിച്ചവരെയും ക്രിമിനല്‍ കേസില്‍പ്പെട്ടവരെയും ഒഴിവാക്കി മറ്റുള്ളവര്‍ക്ക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ജില്ലാ പൊലിസ് ചീഫ് ടി. നാരായണന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നം അവസാനിച്ചത്.
അതേസമയം, പൊലിസ് നടപടിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വൈകിയ വേളയിലെ തീരുമാനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കൊട്ടാരംതന്നെ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."